ഫാറ്റിലിവർ ലക്ഷണങ്ങൾ കണ്ണിലും പ്രകടമാകാം; ശ്രദ്ധിക്കേണ്ടത്

#Health Desk
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

2050 ആകുമ്പോഴേക്ക് ആഗോളതലത്തിൽ 200 കോടിയിലേറെ പേർ ഫാറ്റിലിവർ ഉള്ളവരാകുമെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് അടുത്തിടെ പുറത്തുവന്നിരുന്നു. ലാൻ‍സെറ്റ് ഗ്ലോബൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അമിതവണ്ണം, ഉദാസീനമായ ജീവിതശൈലി, ടൈപ് 2 ഡയബറ്റിസ് കേസുകൾ കൂടുന്നത് എന്നിവയാണ് ഇതിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങളെന്നും പഠനം പറഞ്ഞിരുന്നു. പലപ്പോഴും അപകടകരമാകുന്ന ഘട്ടമെത്തുന്നതുവരെ രോഗലക്ഷണങ്ങൾ പ്രകടമാകില്ലെന്നതാണ് ഫാറ്റിലിവറിന്റെ വെല്ലുവിളി. എന്നാൽ, ഫാറ്റിലിവറിന്റെ ലക്ഷണങ്ങൾ കണ്ണുകളിൽ പ്രകടമാവുമെന്ന് പറയുകയാണ് ട്രാൻസ്ലേഷണൽ മെഡിസിനിൽ പങ്കുവെച്ച പഠനം.

ഫാറ്റി ലിവർ രോഗമുള്ളവരുടെ കണ്ണുകളിൽ ലക്ഷണം പ്രകടമാവുമെന്നാണ് ജേർണലിൽ പറയുന്നത്. ബിലിറൂബിൻ കരളിൽ അടിഞ്ഞുകൂടുന്നത് കണ്ണുകളിൽ മഞ്ഞനിറമുണ്ടാവാൻ കാരണമാവും. ഇത്തരത്തിൽ ഫാറ്റിലിവറിന്റെ കണ്ണിൽ പ്രകടമാകുന്ന ചില ലക്ഷണങ്ങൾ പരിശോധിക്കാം.

കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുമ്പോൾ ബിലിറൂബിൻ അധികമായി അടിഞ്ഞുകൂടുകയും കണ്ണുകൾ മഞ്ഞനിറമാവുകയും ചെയ്യും. കണ്ണുകളിലെ മഞ്ഞനിറവും മഞ്ഞപ്പിത്തവുമൊക്കെ കരളിന്റെ പ്രവർത്തനം തകരാറിലാവുന്നതിന്റെ സൂചനയാണ്.

കണ്ണുകളിലെ ഈർപ്പം കുറഞ്ഞ് വരണ്ടിരിക്കുന്നത് മറ്റൊരു ലക്ഷണമാണ്. വീക്കം, മെറ്റബോളിക് തകരാറുകൾ എന്നിവ മൂലവും കണ്ണിൽ ഇത്തരം പ്രശ്നങ്ങളുണ്ടാവാം. കരളിന്റെ ആരോഗ്യം തകരാറിലാവുമ്പോൾ മെറ്റബോളിക് പ്രവർത്തനങ്ങളും തകരാറിലാവും. കണ്ണിന് ചുറ്റും പ്രകടമാകുന്ന കറുത്ത വളയങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. വിശ്രമിച്ചതിനുശേഷവും കണ്ണിന് തളർച്ചയും കണ്ണിന് ചുറ്റും കറുത്ത വളയവും കാണുന്നുണ്ടെങ്കിൽ കരളിന്റെ ആരോഗ്യം തകരാറിലാണോ എന്ന് പരിശോധിക്കണം.

കണ്ണുകൾക്ക് ചുറ്റും വീക്കം വരുന്നതും കരളിന്റെ ആരോഗ്യവും തമ്മിലും ബന്ധമുണ്ട്. മെറ്റബോളിക് തകരാറുകൾ കാരണം കണ്ണുകൾക്ക് ചുറ്റുമുള്ള ഭാഗത്ത് വീക്കമുണ്ടാവുന്നത് ഫാറ്റിലിവർ മൂലമാണോ എന്ന് പരിശോധിക്കണം. കൂടാതെ കാഴ്ച്ച മങ്ങുന്നതും പ്രധാന ലക്ഷണങ്ങളിലൊന്നാണ്. പ്രമേഹം, മെറ്റബോളിക് സിൻഡ്രോംഎന്നിവ ഉള്ളവരിൽ കാഴ്ച്ച സംബന്ധമായ പ്രശ്നങ്ങൾ കാണാം. ചിലരിൽഫാറ്റി ലിവറും കാഴ്ച്ച മങ്ങുന്നതിന് കാരണമാകാറുണ്ട്.

ഫാറ്റി ലിവർ

കരളിൽ അമിതമായി കൊഴുപ്പ് അടിയുന്നതിനെയാണ് ഫാറ്റി ലിവർ എന്ന് പറയുന്നത്. അഞ്ചു ശതമാനത്തിൽ കൂടുതൽ കൊഴുപ്പ് കരളിൽ അടിയുമ്പോഴാണ് അമിത കൊഴുപ്പായി കണക്കാക്കുന്നത്. ഫാറ്റി ലിവർ ഉണ്ടാകാനുള്ള പ്രധാന കാരണം മദ്യപാനമാണ്. എന്നാൽ, ഒരിക്കലും മദ്യം ഉപയോഗിക്കാത്തവരിലും ഫാറ്റി ലിവർ ഉണ്ടാകാറുണ്ട്. ഇതിനെ മദ്യപാനംകൊണ്ടല്ലാതെ വരുന്ന ഫാറ്റി ലിവർ രോഗം എന്നുപറയുന്നു. ഇതിനെത്തന്നെ രണ്ടായി തരംതിരിക്കാം. ഒന്ന്, കരളിൽ കൊഴുപ്പ് അടിയുമ്പോൾ മാത്രം ഉണ്ടാകുന്നത്; ഇതിനെ നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD) എന്ന് വിളിക്കുന്നു. രണ്ട്, കരളിൽ കൊഴുപ്പ് അടിയുന്നതോടൊപ്പം നീരും (inflammation) ഉണ്ടാകുന്നത്; ഇതിനെ നോൺ ആൽക്കഹോളിക്ക് സ്റ്റിയറ്റോഹെപ്പറ്റൈറ്റിസ് (Nonalcoholic steatohepatitis-NASH) എന്നു പറയുന്നു.

അമിതവണ്ണം, പ്രമേഹം, രക്തത്തിൽ കൊളസ്ട്രോളിന്റെ അളവ് കൂടുന്നത് എന്നിവയ്ക്കു പുറമേ ചില മരുന്നുകളുടെ ഉപയോഗവും ഫാറ്റി ലിവർ ഉണ്ടാകുന്നതിന് സാധാരണയായി കാരണമാകാറുണ്ട്. കുടലിലെ ബാക്ടീരിയകളിൽ (Gut microbiota) ഉണ്ടാകുന്ന വ്യത്യാസങ്ങളും അസന്തുലിതാവസ്ഥയും ഫാറ്റി ലിവറിന് കാരണമായേക്കാമെന്ന് സമീപകാല പഠനങ്ങൾ വ്യക്തമാക്കുന്നു. ബാക്ടീരിയകൾ ഉണ്ടാക്കുന്ന എൻഡോ ടോക്സിനുകൾ കുടലിന്റെ ശ്ലേഷ്മസ്തരങ്ങളിൽ കേടുപാടുകളുണ്ടാക്കുകയും അതുമൂലം നീരുണ്ടാക്കുന്ന ഘടകങ്ങൾ (Inflammatory factors) കൂടുകയും ചെയ്യുന്നു. ഇത് മദ്യംമൂലമല്ലാത്ത ഫാറ്റി ലിവർ ഡിസീസിലേക്ക് നയിക്കുന്നു.

ലക്ഷണങ്ങൾ

മിക്കയാളുകളിലും ഫാറ്റി ലിവർ ലക്ഷണങ്ങളൊന്നും കാണിക്കാറില്ല. വളരെ കുറച്ചുപേരിൽ ക്ഷീണവും വയറിന്റെ മുകളിൽ വലതുവശത്തായി വേദനയും ഉണ്ടാകാറുണ്ട്. പലപ്പോഴും മറ്റ് അസുഖങ്ങളുടെ ഭാഗമായി അൾട്രാസൗണ്ട് സ്‌കാനിങ് വേണ്ടിവരുമ്പോൾ കരളിൽ കൊഴുപ്പടിഞ്ഞതായി കാണുകയോ ഹെൽത്ത് ചെക്കപ്പുകളുടെ ഭാഗമായി രക്തപരിശോധന നടത്തുമ്പോൾ കരളിലെ എൻസൈമുകൾ (AST, ALT) ഉയർന്ന തോതിലുള്ളതായി കാണുകയോ ചെയ്യുമ്പോഴാണ് ഈ രോഗത്തിന്റെ സാന്നിധ്യം തിരിച്ചറിയുന്നത്.

കൊഴുപ്പ് കൂടുന്നതനുസരിച്ച് കരളിൽ നീർവീക്കം വരുകയും നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് ആയിത്തീരുകയും ചെയ്യും. ഇതുമൂലം കാലക്രമേണ കരളിലെ കോശങ്ങൾ നശിക്കുകയും, അത് ലിവർ സിറോസിസ് എന്ന അവസ്ഥയിലേക്ക് പരിണമിക്കുകയും ചെയ്യും.

Content Highlights: Fatty liver disease often shows no symptoms until reaching an advanced stage., Eye-related symptoms like yellowing (jaundice), dryness, and dark circles can indicate liver dysfunction.,