രോഗം സ്ഥിരീകരിച്ച് പത്തുമാസത്തിനുള്ളിൽ മരണം; എന്താണ് നടൻ എറിക് ഡെയ്നെ ബാധിച്ച എഎൽഎസ് ?

പ്രശസ്ത ഹോളിവുഡ് നടൻ എറിക് ഡെയ്നിന്റെ മരണത്തെ ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. ഗ്രേസ് അനാട്ടമി എന്ന ടിവി ഡ്രാമയിലൂടെ പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയ എറിക് എഎൽഎസ്(Amyotrophic lateral sclerosis) ബാധിച്ച് പത്തുമാസത്തിനുള്ളിലാണ് മരിച്ചത്. ഇക്കഴിഞ്ഞ ഏപ്രിലിൽ തനിക്ക് എഎൽസ് സ്ഥിരീകരിച്ച വിവരം അമ്പത്തിമൂന്നുകാരനായ എറിക് പങ്കുവെച്ചിരുന്നു.
വ്യാഴാഴ്ച്ച വൈകുന്നേരത്തോടെയാണ് നടൻ മരിച്ചതെന്ന് കുടുംബം പുറത്തുവിട്ട വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. എഎൽസ് സ്ഥിരീകരിച്ചുവെന്നും ജീവിതത്തിലെ അടുത്തഘട്ടത്തിലേക്ക് മുന്നോട്ടുപേകാൻ സ്നേഹം നിറഞ്ഞ കുടുംബം കൂടെയുള്ളതിൽ കടപ്പെട്ടിരിക്കുന്നുവെന്നുമാണ് എറിക് പറഞ്ഞത്.
പത്തുമാസത്തിനുള്ളിൽ രോഗം തീവ്രമാവുകയും എറിക്കിന്റെ ജീവൻ നഷ്ടപ്പെടുകയുമായിരുന്നു. രോഗസ്ഥിരീകരണത്തിനു പിന്നാലെ എഎൽഎസുമായി ബന്ധപ്പെട്ട് അവബോധം നടത്താനും താരം മുന്നിലുണ്ടായിരുന്നു. ഓരോരുത്തരിലും വ്യത്യസ്ത രീതിയിലാണ് എഎൽഎസ് വ്യാപിക്കുക എന്നാണ് വിദഗ്ധർ പറയുന്നത്. ചിലരിൽ വേഗത്തിൽ പടരുമെങ്കിൽ ചിലരിൽ വർഷങ്ങൾക്കുശേഷമാവും രോഗം തീവ്രമാവുക.
എന്താണ് എഎൽഎസ്?
നാഡീകോശങ്ങളെ നശിപ്പിക്കുന്ന ഒരു രോഗമാണ് എഎൽഎസ് (Amyotrophic Lateral Sclerosis) എന്ന് മയോ ക്ലിനിക് റിപ്പോർട്ടിൽ പറയുന്നു. ഇതുമൂലം, പേശികൾക്ക് ബലക്ഷയം സംഭവിക്കുകയും കാലക്രമേണ അവസ്ഥ വഷളാവുകയും ചെയ്യാം. ഇത് ചലനം, സംസാരം, ശ്വാസോച്ഛ്വാസം എന്നിവയെ ബാധിച്ചേക്കാം.
ഈ രോഗത്തിന് ഇതുവരെ ചികിത്സയൊന്നും കണ്ടെത്തിയിട്ടില്ല. എന്നാൽ, ചികിത്സയുടേയും മരുന്നുകളിലൂടെയും രോഗലക്ഷണങ്ങൾ നിയന്ത്രിക്കാനും രോഗത്തിന്റെ പുരോഗതി മന്ദഗതിയിലാക്കാനും സാധിക്കും. ഓരോ വർഷവും അമേരിക്കയിൽ ഏകദേശം 5,000 ആളുകൾക്ക് എഎൽഎസ് സ്ഥിരീകരിക്കുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു.
ലക്ഷണങ്ങൾ
- പേശികളുടെ ബലഹീനത
- പേശീവലിവ്
- പേശികളുടെ മുറുക്കം (spasticity)
- സംസാരിക്കാനുള്ള ബുദ്ധിമുട്ട്
- ഉമിനീർ ഒലിക്കുക
- അനിയന്ത്രിതമായ വൈകാരിക പ്രകടനങ്ങൾ
- ക്ഷീണം
- വിഴുങ്ങാനുള്ള ബുദ്ധിമുട്ട്
Content Highlights: Hollywood actor Eric Dane, beloved for his role in Grey`s Anatomy, has passed away from ALS after a 10-month battle.