എനർജി ഡ്രിങ്കുകൾ പതിവായി കഴിക്കുന്നവരാണോ? ചെറുപ്പക്കാരിൽ ഹൃദയാഘാതസാധ്യത കൂട്ടുന്ന ഘടകമെന്ന് ഗവേഷകർ

ഹൃദയാഘാതസാധ്യത കൂട്ടുന്നതിൽ എനർജി ഡ്രിങ്കുകളുടെ പങ്കിനേക്കുറിച്ച് നിരന്തരം ഗവേഷണങ്ങൾ നടക്കുന്നുണ്ട്. ഇപ്പോഴിതാ അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ പുതിയ കണ്ടെത്തലും ഇത് വ്യക്തമാക്കുന്നതാണ്. കഫീൻ അടങ്ങിയ എനർജി ഡ്രിങ്കുകളും ഉത്തേജക സപ്ലിമെന്റുകളും ചെറുപ്പക്കാരിൽ കാർഡിയാക് അറസ്റ്റ്, ഹൃദയാഘാതം എന്നിവയുൾപ്പെടെയുള്ള ഗുരുതരമായ പ്രശ്നങ്ങളുടെ സാധ്യത ഗണ്യമായി വർധിപ്പിക്കുന്നതായാണ് പഠനം പറയുന്നത്.
നവംബറിൽ ചിക്കാഗോയിൽ നടക്കുന്ന അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ സയന്റിഫിക് സെഷൻസിലാണ് ഇതുസംബന്ധിച്ച പഠനം അവതരിപ്പിക്കുന്നത്. ഇവ പതിവായി കഴിക്കുന്ന 35 വയസ്സിന് താഴെയുള്ളവരിൽ ഹൃദയാരോഗ്യം തകരാറിലാകുമെന്നാണ് പഠനം പറയുന്നത്. ഇവയ്ക്ക് യാതൊരു അപകടസാധ്യതയും ഇല്ലെന്നാണ് ഭൂരിഭാഗം ആളുകളും കരുതുന്നതെന്ന് പഠനത്തിന് നേതൃത്വം നൽകിയ വിർജീനിയ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ പറഞ്ഞു. ഇടയ്ക്കിടെ മാത്രമാണ് ഇവ കഴിക്കുന്നതെങ്കിൽ അപകടസാധ്യത കുറവായിരിക്കും. എന്നാൽ പതിവായി ഉപയോഗിക്കുന്നത് കഫീന്റെ അളവ് ശരീരത്തിൽ കൂടാനും ഹൃദയത്തിന് അപകടസാധ്യതയുണ്ടാകാനും കാരണമാകുമെന്നാണ് വിലയിരുത്തൽ.
2017 നും 2025 നും ഇടയിൽ യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് (FDA) ലഭിച്ച 28,345 റിപ്പോർട്ടുകൾ വിശകലനം ചെയ്താണ് പഠനം നടത്തിയത്. ഇതിൽ 854 എണ്ണം കഫീൻ അടങ്ങിയ എനർജി ഡ്രിങ്കുകളോ ഉത്തേജക സപ്ലിമെന്റുകളോ ബന്ധപ്പെട്ടുള്ളതായിരുന്നു. എനർജി ഡ്രിങ്കുകൾ അല്ലാത്തവയുമായി താരതമ്യം ചെയ്യുമ്പോൾ എനർജി ഡ്രിങ്കുകളും ഉത്തേജക സപ്ലിമെന്റുകളും കഴിച്ചവരിൽ കാർഡിയാക് അറസ്റ്റ് ഏകദേശം 11 മടങ്ങും ഹൃദയാഘാതം 4.5 മടങ്ങും അരിത്മിയ, ക്രമരഹിതമായ നെഞ്ചിടിപ്പ് എന്നിവ നാല് മടങ്ങും കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു.
കഫീൻ, ഉത്തേജക വസ്തുക്കൾ തുടങ്ങിയവ അടങ്ങിയ ഉത്പ്പന്നങ്ങളെ കൃത്യമായി നിരീക്ഷിക്കേണ്ടതുണ്ട് എന്നതാണ് കണ്ടെത്തലുകൾ സൂചിപ്പിക്കുന്നതെന്ന് ഗവേഷകർ പറയുന്നു. നെഞ്ചിടിപ്പ്, നെഞ്ചുവേദന, ബോധക്ഷയം തുടങ്ങിയ പ്രശ്നങ്ങളുമായി എത്തുന്ന യുവാക്കളായ രോഗികളോട് അവർ അടുത്തിടെയോ പതിവായോ ഇത്തരം ഉത്പ്പന്നങ്ങൾ കഴിക്കുന്നുണ്ടോ എന്ന് ഡോക്ടർമാർ ചോദിച്ചറിയണമെന്നും ഗവേഷകർ വ്യക്തമാക്കുന്നു.
എനർജി ഡ്രിങ്കുകളിൽ കഫീനും പഞ്ചസാരയ്ക്കുമൊപ്പം ടോറിൻ, ഗ്വാറാന, എൽ-കാർണിറ്റൈൻ പോലുള്ള ഉത്തേജകങ്ങളും അടങ്ങിയിട്ടുണ്ട്. കഫീനൊപ്പം ഒരു പാനീയത്തിൽ ഒന്നിലധികം ഉത്തേജക ഘടകങ്ങൾ ഒരുമിച്ച് കഴിക്കുന്നതാവാം അപകടകരമാകുന്നത്. ഈ ഉത്തേജകങ്ങൾ നാഡീവ്യൂഹത്തെ പ്രതികൂലമായി ബാധിക്കുകയും അമിതമായി കഴിച്ചാൽ ക്രമരഹിതമായ ഹൃദയമിടിപ്പിനും പെട്ടെന്നുള്ള ഹൃദയാഘാതത്തിനും മരണത്തിനുംവരെ കാരണമാകുകയും ചെയ്യും. മധുരവും രുചിയുമുള്ളതിനാൽ ഇവയോട് അടിമപ്പെടാനുള്ള സാധ്യതയും കൂടുതലാണ്.
എനർജി ഡ്രിങ്കുകൾ എങ്ങനെ വില്ലനാകുന്നു?
വളരെ കുറഞ്ഞ അളവിൽ വിറ്റാമിനുകളുള്ള, രുചിയും നിറവും ലഭിക്കുന്നതിനുള്ള രാസവസ്തുക്കളും കൃത്രിമവസ്തുക്കളും ധാരാളം അടങ്ങിയ, ഉന്മേഷം പ്രദാനം ചെയ്യാൻ ഉയർന്ന തോതിൽ കഫീനടങ്ങിയ പാനീയങ്ങളാണിവ. കുടിക്കുന്ന സമയത്ത് ഊർജവും ഉന്മേഷവും തോന്നുന്നതൊഴിച്ചാൽ ദീർഘകാല ഉപയോഗത്തിലൂടെ ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്.
എനർജി ഡ്രിങ്കുകളിലെ കഫീൻ, നയാസിൻ, ഹെർബൽ ചേരുവകൾ എന്നിവ കരളിന്റെ ആരോഗ്യം തകരാറിലാക്കും. ദീർഘകാലമായുള്ള ഉപയോഗം കരൾവീക്കം, കരളിൽ കൊഴുപ്പടിയുക തുടങ്ങിയവയ്ക്ക് കാരണമാവും. ക്രമേണ ഹെപ്പറ്റൈറ്റിസ്, ഫൈബ്രോസിസ് തുടങ്ങിയവയിലേക്കും നയിക്കാം.
എനർജി ഡ്രിങ്കുകളിൽ ഉയർന്നതോതിൽ കഫീനും മറ്റ് രാസവസ്തുക്കളും അടങ്ങിയിട്ടുള്ളതിനാൽ ഹൃദയമിടിപ്പും രക്തസമ്മർദത്തിന്റെ തോതും എളുപ്പത്തിൽ കൂടും. ഇതുരണ്ടും ഹൃദയാരോഗ്യം വളരെപെട്ടെന്ന് മോശമാക്കും. ദിവസവും കുടിക്കുന്ന കാപ്പിയിൽ ഉള്ളതിനേക്കാൾ എത്രയോ മടങ്ങ് കൂടുതൽ കഫീനാണ് എനർജി ഡ്രിങ്കിൽ അടങ്ങിയിരിക്കുന്നത്. കഫീൻ മാത്രം അടങ്ങിയിരിക്കുന്ന പാനീയങ്ങളേക്കാൾ ഉയർന്ന അളവിലാണ് എനർജി ഡ്രിങ്കുകൾ മൂലമുള്ള രക്തസമ്മർദത്തിന്റെ തോത് എന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ജേർണൽ പുറത്തുവിട്ട ലേഖനത്തിൽ വ്യക്തമാക്കുന്നുണ്ട്.
രക്തസമ്മർദത്തിനും ഹൃദ്രോഗപ്രശ്നങ്ങൾക്കും പുറമെ പ്രമേഹനില വർധിക്കുന്നതിനും എനർജി ഡ്രിങ്കുകൾ കാരണമാകുന്നുണ്ട്. എനർജി ഡ്രിങ്കുകളിൽ ഉയർന്ന തോതിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയാണ് അതിനു കാരണം. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുകയും ഇൻസുലിൻ പ്രതിരോധത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും. ഇതിലൂടെ ടൈപ്പ് 2 ഡയബറ്റിസിന് വഴിവെക്കുകയും ചെയ്യും.
കൂടാതെ, രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുന്നതിലൂടെ അമിതവണ്ണത്തിനുള്ള സാധ്യതയും കൂടുതലാണ്. എനർജി ഡ്രിങ്കുകളിൽ കലോറിയുടെ അളവ് കൂടുതലായതും പൊണ്ണത്തടിക്ക് കാരണമാകും. പല്ലിന് തേയ്മാനം വരാനുള്ള സാധ്യതയുമുണ്ട്.
മാനസികാരോഗ്യം മോശമാകുന്നതിലും എനർജി ഡ്രിങ്കുകൾക്ക് വലിയ പങ്കുണ്ടെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ദിവസവും 250 മില്ലി ലിറ്ററിൽ കൂടുതൽ എനർജി ഡ്രിങ്കുകൾ ശരീരത്തിലെത്തുന്ന യുവാക്കളുടെ മാനസികാരോഗ്യം തകരാറിലാവുമെന്നും ക്രമേണ വിഷാദം, അമിത ഉത്കണ്ഠ എന്നിവയ്ക്ക് കാരണമാകുമെന്നും പഠനങ്ങൾ പറയുന്നുണ്ട്.
Content Highlights: New study reveals energy drinks significantly raise the risk of cardiac arrest and heart attacks in young adults under 35.