ഹൃദയത്തിലെ സുഷിരം നെഞ്ചുകീറാതെ അടയ്ക്കാം; ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി മലബാർ മെഡിക്കൽകോളേജ്

ഉള്ളിയേരി: ജന്മനാലുള്ള ഹൃദ്രോഗമായ ഹൃദയത്തിലെ സുഷിരം നെഞ്ചുതുറക്കാതെയുള്ള ടോട്ടൽ എൻഡോസ്കോപ്പിക് ശസ്ത്രക്രിയയിലൂടെ വിജയകരമായി മലബാർ മെഡിക്കൽ കോളേജ് കാർഡിയാക് സർജറി വിഭാഗം പരിഹരിച്ചു. മലബാർ മെഡിക്കൽ കോളേജ് കാർഡിയാക് സർജറി വിഭാഗത്തിലെ ചീഫ് കാർഡിയാക് സർജൻ ഡോ. അനിൽ ജോസിന്റെ നേതൃത്വത്തിലാണ് ഈ നേട്ടം കൈവരിച്ചത്.
ജിഷ്ണു (29) എന്ന യുവാവിനാണ് ശസ്ത്രക്രിയ നടത്തിയത്. വലതുനെഞ്ചിന്റെ വശത്തുണ്ടാക്കുന്ന ചെറിയ സുഷിരങ്ങളിലൂടെ എൻഡോസ്കോപ്പ് ക്യാമറയും മെഡിക്കൽ ഉപകരണങ്ങളും കടത്തിവിട്ടാണ് ഈ ശസ്ത്രക്രിയ നടത്തുന്നത്. നെഞ്ചിന്റെ മുൻഭാഗത്ത് വലിയ ശസ്ത്രക്രിയാപാടുകൾ ഉണ്ടാകില്ല.
കുറഞ്ഞവേദനയും രക്തനഷ്ടവും മറ്റൊരു പ്രത്യേകതയാണ്. സാധാരണ ശസ്ത്രക്രിയ കഴിഞ്ഞാൽ മാസങ്ങളോളം വിശ്രമം ആവശ്യമായി വരുമ്പോൾ, എൻഡോസ്കോപ്പിക് രീതിയിലൂടെ 4-5 ദിവസത്തിനകം രോഗിക്ക് ആശുപത്രിവിടാനും രണ്ടാഴ്ചയ്ക്കുള്ളിൽ സാധാരണജീവിതത്തിലേക്ക് മടങ്ങാനും സാധിക്കുമെന്നും ഡോ. അനിൽ ജോസ് വിശദീകരിക്കുന്നു.
Content Highlights: Successful total endoscopic heart surgery for congenital heart defects., Performed by Dr. Anil Jose at Malabar Medical College.