പുകവലി നിർത്തി, ഓട്ടവും സമീകൃതാഹാരവും; ഗായകൻ എഡ് ഷീരൻ 20 കിലോ കുറച്ചതിങ്ങനെ

എഡ് ഷീരൻ| Photos: AP, PTI
എഡ് ഷീരൻ| Photos: AP, PTI

ഭക്ഷണത്തോട് അമിത ആസക്തി ഉണ്ടായിരുന്നയാളാണ് താനെന്നും ഈറ്റിങ് ഡിസോർഡറുമായി മല്ലിട്ടുകൊണ്ടിരിക്കുകയാണെന്നും നേരത്തേ പങ്കുവെച്ചിട്ടുള്ള താരമാണ് പ്രശസ്ത ഗായകൻ എ‍ഡ് ഷീരൻ. ഇപ്പോഴിതാ ഇരുപതുകിലോയോളം കുറച്ചതിനേക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് താരം. അമേരിക്കൻ അവതാരകൻ ആൻഡി കൊഹെനുമായുള്ള അഭിമുഖത്തിനിടെയാണ് ഇതേക്കുറിച്ച് എഡ് ഷീരൻ പങ്കുവെച്ചത്.

കഴിഞ്ഞവർഷം താൻ നന്നായി വണ്ണംവച്ചുവെന്നും അങ്ങനെയാണ് ജിമ്മിൽ പോയി വണ്ണംകുറയ്ക്കാൻ തീരുമാനിച്ചതെന്നും എഡ് ഷീരൻ പറയുന്നു. സിക്സ് പാക് നേടുക എന്നതായിരുന്ന തന്റെ പ്രധാനലക്ഷ്യമെന്നും എഡ് ഷീരൻ പറയുന്നുണ്ട്. തന്റെ ജീവിതത്തിൽ ഒരിക്കലും സിക്സ് പായ്ക്ക് ശരീരം നേടാനായിട്ടില്ല. തന്നെക്കൊണ്ട് അതിന് കഴിയുമോ എന്ന് പരിശ്രമിക്കുകയായിരുന്നു. പക്ഷേ അതത്ര എളുപ്പമല്ലെന്നും അദ്ദേഹം പറയുന്നു.

പുകവലി നിർത്തിയതാണ് വണ്ണംകുറയ്ക്കൽ യാത്രയിൽ വഴിത്തിരിവായതെന്നും എഡ് ഷീരൻ പറയുന്നുണ്ട്. പുകവലി നിർത്തിയതിനുശേഷമാണ് ദിനചര്യയിൽ ഓട്ടത്തിന് പ്രാധാന്യം നൽകിയത്. ജിമ്മിൽ പോവാൻ താൽപര്യമില്ലാത്തതിനാൽ ഓടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു.

കൂടാതെ ഭക്ഷണശീലങ്ങളിലും കാതലായ മാറ്റങ്ങൾ വരുത്തിയെന്ന് എഡ് ഷീരൻ പങ്കുവെക്കുന്നു. പണ്ടൊക്കെ പുറത്തുനിന്ന് സ്ഥിരമായി ഭക്ഷണം കഴിക്കുന്നതായിരുന്നു ശീലം. ഇന്ന് അതിനുപകരം ഫ്രഷായ പോഷകസമൃദ്ധമായ സമീകൃതാഹാരം വീട്ടിൽ തന്നെ പാകം ചെയ്ത് കഴിക്കാൻ തുടങ്ങിയെന്നും എഡ് ഷീരൻ പറയുന്നു.

ഇനി തനിക്കേറെ പ്രിയ്യപ്പെട്ട ഭക്ഷണം മുന്നിൽ കണ്ടാൽ കഴിക്കാതെയിരിക്കില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. അവ കഴിക്കുന്നതിനൊപ്പം കുറച്ചുകൂടുതൽ വർക്കൗട്ട് ചെയ്യുകയും ചെയ്യും. ഓട്ടം, സമീകൃതാഹാരം, ആരോഗ്യകരമായ ജീവിതശൈലി തുടങ്ങിയവയിലൂടെയാണ് താൻ വണ്ണം കുറച്ചതെന്നും എഡ് ഷീരൻ കൂട്ടിച്ചേർക്കുന്നു.

തന്റെ ഭക്ഷണക്രമം താളംതെറ്റിയതായിരുന്നുവെന്നും അമിതമായി ഭക്ഷണം കഴിക്കുന്ന ശീലം തനിക്ക് തടയാൻ കഴിഞ്ഞിരുന്നില്ലെന്നും എഡ് ഷീരൻ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ഈറ്റിങ് ഡിസോർ‍ഡർ എന്ന അവസ്ഥയോടുള്ള സമൂഹത്തിന്റെ മനോഭാവം മൂലമാണ് ഇക്കാലമത്രയും ഇത് തുറന്നു പറയാൻ കഴിയാതിരുന്നതെന്നും മുപ്പത്തിരണ്ടുകാരനായ ഗായകൻ പറയുകയുണ്ടായി.

എന്താണ് ഈറ്റിങ് ഡിസോർഡർ?

ദൈനംദിന ജീവിതത്തെ ബുദ്ധിമുട്ടിലാക്കും വിധത്തിൽ ഭക്ഷണക്രമത്തിലുണ്ടാകുന്ന താളക്രമവും അതുമായി ബന്ധപ്പെട്ട അസ്വസ്ഥപ്പെടുത്തുന്ന ചിന്തകളുമാണ് ഈറ്റിങ് ഡിസോർ‍ഡർ. അനോറെക്സിയ നെർവോസ, ബുളീമിയ നെർവോസ, ബിഞ്ച് ഈറ്റിങ് ഡിസോർ‍ഡർ എന്നിങ്ങനെ പലവിഭാഗങ്ങളുണ്ട്. ഈറ്റിങ് ഡിസോർ‍ഡർ ഉള്ള ഒരു വ്യക്തി വളരെ ചെറിയ അളവിൽ ഭക്ഷണം കഴിക്കുകയോ അമിതമായി കഴിക്കുകയോ ചെയ്തേക്കാം. മനഃശാസ്ത്രപരമായ ഈ അവസ്ഥ ശാരീരിക അവസ്ഥയെയും സാരമായി ബാധിക്കാം. ജൈവശാസ്ത്രപരം, ജനിതകം , മനഃശാസ്ത്രപരവുമായ കാരണങ്ങളാലാണ് ഈറ്റിങ് ഡ‍ിസോർഡർ ഉണ്ടാകുന്നത്. ഒരാൾ തന്റെ ശരീരത്തിന് ആവശ്യമായതിലും അധികം ഭക്ഷണം കഴിക്കുന്നതും ആ അളവിനേക്കാൾ വളരെ കുറവ് കഴിക്കുന്നതുമൊക്കെ ഈറ്റിങ് ഡിസോർ‍ഡറിന്റെ പരിധിയിൽ വരും.

ഈറ്റിങ് ഡിസോർഡറിന്റെ ചില ലക്ഷണങ്ങൾ

  • അമിതമായി വണ്ണം കുറയൽ
  • പൊതുഇടത്തിൽ ഭക്ഷണംകഴിക്കാനുള്ള ആശങ്ക
  • ഭാരം, ഭക്ഷണം, കലോറി, കൊഴുപ്പ്, ഡയറ്റിങ് എന്നിവയെക്കുറിച്ചുള്ള വ്യഗ്രത
  • ഭക്ഷണം ഒഴിവാക്കുക
  • അമിതവണ്ണം വെക്കുമോ എന്ന ഭയം
  • ഭക്ഷണത്തിന്റെ അളവ് നന്നേ കുറയ്ക്കുക
  • അമിതമായി വ്യായാമം ചെയ്യൽ
  • വയറുവേദന, ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾ
  • തലകറക്കം
  • എപ്പോഴും തണുപ്പ് അനുഭവപ്പെടൽ
  • ഉറക്കത്തിലെ ക്രമക്കേട്
  • ആർത്തവ ക്രമക്കേടുകൾ
  • മസിലുകൾ ക്ഷയിക്കുന്നത്
  • പ്രതിരോധശേഷി കുറയൽ
  • ഈറ്റിങ് ഡിസോർഡറിന്റെ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ സ്വയംചികിത്സ നടത്താതെ വിദഗ്ധ ഉപദേശം തേടണം.

Content Highlights: Ed Sheeran shares his journey of losing 20kg, overcoming his eating disorder.