എബോള; ചരിത്രത്തിലെ ഏറ്റവും വേഗത്തിലുള്ള വ്യാപനം, രണ്ടു പുതിയ മേഖലകളിലേക്കുകൂടി പടർന്നു

#Health Desk
Representative Image| Photo: Canva.com
Representative Image| Photo: Canva.com

ഡി.ആർ.കോംഗോയിലെ എബോള വ്യാപനം ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ പടരുന്നുവെന്ന് റിപ്പോർട്ടുകൾ. നിലവിൽ പുതിയ രണ്ടു മേഖലകളിൽക്കൂടി രോഗവ്യാപനം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രോഗബാധിത പ്രദേശങ്ങളുടെ എണ്ണം അറുപതായി ഉയർന്നു.

നോർത്ത് കിവു പ്രവിശ്യയിലെ ബിയെന, മാംഗുരെജിപ പ്രദേശങ്ങളിലാണ് പുതുതായി രോഗവ്യാപനം റിപ്പോർട്ട് ചെയ്തത്. ഇരുസ്ഥലങ്ങളിലും മൊത്തത്തിലുള്ള മരണനിരക്കായ 48%-ത്തേക്കാൾ വളരെ കൂടുതലാണ് മരണനിരക്ക്. രോഗബാധയെ പിടിച്ചുകെട്ടാനുള്ള ശ്രമങ്ങളേക്കാൾ അഭൂതപൂർവ്വമായ വേഗതയിലാണ് രോഗം പടരുന്നതെന്ന് വിദഗ്ധർ പറയുന്നു. ഇതുവരെ രോഗബാധിതർ 5,794-ഉം മരണനിരക്ക് 2,786 -ഉം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

രോഗബാധ ഇപ്പോഴും നിയന്ത്രണ വിധേയമല്ലെന്ന് ലോകാരോഗ്യ സംഘടനയും പറയുന്നു. അതിനിടെ കോംഗോയിൽ വ്യാഴാഴ്ച മുതൽ ആരോഗ്യ പ്രവർത്തകർക്കും മറ്റ് മുൻനിര തൊഴിലാളികൾക്കും വാക്സിനേഷൻ നൽകിത്തുടങ്ങി. മുൻകാല എബോള പൊട്ടിപ്പുറപ്പെടലുകളിൽ ഫലപ്രദമെന്ന് തെളിഞ്ഞ എർവെബോ (Ervebo) വാക്സിനാണ് നൽകുന്നത്.

നിലവിലെ രോഗബാധയ്ക്ക് കാരണമാകുന്നതും ഇതുവരെ അംഗീകൃത വാക്സിനുകളോ ചികിത്സകളോ ഇല്ലാത്തതുമായ അപൂർവ്വമായ ബൂൻഡിബുഗ്യോ (Bundibugyo) വൈറസിനെതിരെയുള്ള വാക്സിൻ കണ്ടെത്താനുള്ള ക്ലിനിക്കൽ പരീക്ഷണങ്ങൾ നടന്നു വരികയാണ്.

എബോളയുടെ മുൻകാല വ്യാപനങ്ങളിൽ നിന്നു വ്യത്യസ്തമായി വേഗത്തിൽ വ്യാപിക്കുന്ന ബൂൻഡിബുഗ്യോ വകഭേദത്തിന് അംഗീകൃത വാക്സിനുകളോ ചികിത്സകളോ നിലവിലില്ല. പ്രധാനമായും കിഴക്കൻ പ്രവിശ്യയായ ഇത്തൂരിയിലാണ് രോഗവ്യാപനം കൂടുതലുള്ളത്. റിപ്പോർട്ട് ചെയ്ത കേസുകളിൽ ഏകദേശം 90 ശതമാനവും ഇവിടെ നിന്നാണ്. കിസംഗാനി ഉൾപ്പെടെ അഞ്ച് മറ്റ് പ്രവിശ്യകളിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

2014-2016 വ്യാപനത്തിൽ 28,000 കേസുകൾ സ്ഥിരീകരിക്കുകയും 11,000 രോഗികൾ മരിക്കുകയും ചെയ്തിരുന്നു. എന്നാൽ നിലവിലെ വ്യാപനത്തിൽ രണ്ടുമാസത്തിനുള്ളിൽത്തന്നെ മരണനിരക്ക് ആയിരംകടന്നിരിക്കുകയാണ്. നിലവിലെ വ്യാപനത്തിൽ 2014-2016 കാലഘട്ടത്തെ അപേക്ഷിച്ച് ഏകദേശം മൂന്നിരട്ടി വേഗത്തിൽ 2,500 കേസുകൾ ഇതിനകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

നിലവിലെ വ്യാപനത്തിന്റെ ഏറ്റവും മോശംഘട്ടം ഇനിയും വന്നേക്കാമെന്നാണ് അധികൃതർ കരുതുന്നത്. നിരീക്ഷിക്കപ്പെടുന്ന കേസുകൾക്കു പുറത്തുനിന്നാണ് ഭൂരിഭാഗം പുതിയ കേസുകളും വരുന്നത്. 2014-ൽ ആരംഭിച്ച എബോള വ്യാപനം മൂന്നവർഷത്തോളം നീണ്ടുനിന്ന് 2016-ലാണ് അവസാനിച്ചത്. 2013 ഡിസംബറിലാണ് ആദ്യകേസ് രേഖപ്പെടുത്തിയത്. പക്ഷേ 2014 മാർച്ച് ആകുന്നതുവരെ രോഗവ്യാപനം തിരിച്ചറിഞ്ഞിരുന്നില്ല. 2016 ജൂണിൽ എബോള വ്യാപനത്തിന് അവസാനമായതായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

എബോള വൈറസ് വ്യാപനം

വൈറസ് ബാധയാണ് എബോള. രോഗബാധിതരുടെയോ രോഗംമൂലം മരിച്ചവരുടെയോ രക്തത്തിലൂടെയോ വിസർജ്യത്തിലൂടെയോ മറ്റ് സ്രവങ്ങളിലൂടെയോ ഒക്കെ രോഗം പകരാം. കുരങ്ങുകൾ, മാനുകൾ, മുള്ളൻ പന്നി, പന്നി തുടങ്ങിയ മൃഗങ്ങളിലും രോഗം കാണുന്നുണ്ട്. രോഗം ബാധിച്ച മൃഗങ്ങളുടെ വിസർജ്യങ്ങളിലൂടെയോ അവയുടെ മാംസം ഭക്ഷിക്കുന്നതിലൂടെയോ രോഗം മനുഷ്യരിലേയ്ക്ക് പടരാം.

ലക്ഷണങ്ങൾ

വൈറസ് ശരീരത്തിൽ പ്രവേശിച്ച് രണ്ട് മുതൽ 21 ദിവസത്തിനുള്ള രോഗലക്ഷണങ്ങൾ പ്രകടമാകും. സാധാരണ വൈറൽ രോഗങ്ങളിൽ കാണുന്നതുപോലെ പനി, തലവേദന, പേശിവേദന, തൊണ്ടവേദന എന്നിവയും ചിലപ്പോൾ ഛർദ്ദി, തൊലിയിലെ തിണർപ്പ് എന്നിവയും ഉണ്ടാകാം. താരതമ്യേന ആരോഗ്യമുള്ളവരിൽ രോഗാവസ്ഥ കുറച്ചു ദിവസങ്ങൾകൊണ്ട് തനിയെ മാറുന്നു. എന്നാൽ ചിലരിലാകട്ടെ, ഗുരുതരമായ രക്തസ്രാവം ഉണ്ടാകുന്നു. രോഗം വന്ന് അഞ്ച് മുതൽ ഏഴ് ദിവസങ്ങൾക്കുള്ളിലാണ് ഇവ കാണപ്പെടുന്നത്. ഇത്തരക്കാരിൽ ക്രമേണ കരൾ, വൃക്ക തുടങ്ങിയ അവയവങ്ങളുടെ തകരാറ് മൂലം മരണം സംഭവിക്കാം.

സാധാരണ കാണുന്ന ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ രോഗബാധയുണ്ടാകുന്നവർക്ക് ഗുരുതരാവസ്ഥയുണ്ടാകുന്നതിന് കാരണം നേരത്തെയുണ്ടായിരുന്ന പോഷകാഹാരക്കുറവും കരൾരോഗവും മദ്യപാനവുമൊക്കെയാണ്. NSAID വിഭാഗത്തിലുള്ള മരുന്നുകളുടെ ഉപയോഗവും രോഗബാധയുള്ളവരെ ഗുരുതരാവസ്ഥയിലാക്കുന്നു.

പ്രതിരോധ മാർഗങ്ങൾ

രോഗത്തെ പ്രതിരോധിക്കുകയാണ് ചെയ്യാവുന്ന ഏറ്റവും ഫലപ്രദമായ കാര്യം. ജന്തുജന്യരോഗമായതിനാൽതന്നെ ശരിയായി പാകപ്പെടുത്തിയ മാംസം മാത്രം കഴിക്കുന്നത് രോഗസാധ്യത ഇല്ലാതാക്കും. വായു, വെള്ളം, മറ്റ് ഭക്ഷ്യവസ്തുക്കൾ എന്നിവവഴി രോഗം പകരാനിടയില്ല. അതിനാൽതന്നെ ശരിയായ മുൻകരുതലിന് രോഗം പകരുന്നത് തടയാൻ കഴിയും.

രോഗബാധിതരുടെയോ രോഗംമൂലം മരിച്ചവരുടെയോ രക്തത്തിലൂടെയോ വിസർജ്യത്തിലൂടെയോ മറ്റ് സ്രവങ്ങളിലൂടെയോ ഒക്കെ രോഗം പകരാം. അതിനാൽ ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ മുൻകരുതൽ നടപടി സ്വീകരിക്കുക. രോഗബാധ കണ്ടെത്തിയവരെ ഐസോലേഷൻ വിഭാഗത്തിലെത്തിക്കുക, സമ്പർക്കം ഒഴിവാക്കുക, എത്രയും പെട്ടന്ന് സപ്പോർട്ടീവ് ചികിത്സ ലഭ്യമാക്കുക.

Content Highlights: DR Congo is experiencing the fastest Ebola outbreak in history, spreading to two new areas., The outbreak is driven by the rare Bundibugyo virus strain, which currently lacks approved treatments