നിരവധിതവണ ആന്തരിക രക്തസ്രാവമുണ്ടായി, ലക്ഷണങ്ങൾ നിസ്സാരമാക്കരുത്- അതിജീവനത്തേക്കുറിച്ച് എസ്.സോമനാഥ്

ഡോ.എസ്.സോമനാഥ് | Photo: PTI
ഡോ.എസ്.സോമനാഥ് | Photo: PTI

ഉദരാര്‍ബുദത്തെ അതിജീവിച്ചതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ച് ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാനായ ഡോ.എസ്.സോമനാഥ്. തനിക്ക് ആന്തരിക രക്തസ്രാവം ഉണ്ടായതിനെ പറ്റിയും ഡോക്ടര്‍മാര്‍ യാത്ര ചെയ്യരുതെന്ന് പറഞ്ഞതിനെക്കുറിച്ചുമാണ് ഡോ.എസ്.സോമനാഥ് തുറന്നുപറഞ്ഞിരിക്കുന്നത്. സന്‍സാദ് ടി.വിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സോമനാഥിന്റെ വെളിപ്പെടുത്തല്‍.

"ആദിത്യ എല്‍ 1-ന്റെ വിക്ഷേപണ ദിവസം രാവിലെയാണ് ഞാന്‍ അള്‍ട്രാസൗണ്ട് സ്‌കാന്‍ ചെയ്യുന്നത്. സാധാരണ അള്‍ട്രാസൗണ്ട് സ്‌കാനിലൂടെ ഇത്തരം സംഭവങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കില്ല, എന്നാല്‍ എനിക്ക് ഭാഗ്യമുണ്ട് ചെറിയ സ്‌കാനിലൂടെ തന്നെ പ്രശ്‌നം കണ്ടെത്താന്‍ സാധിച്ചു. ഉച്ചകഴിഞ്ഞ് വിക്ഷേപണത്തിന് പോയ ഞാന്‍ പിന്നീട് ചെന്നൈയില്‍ പോയാണ് കാന്‍സര്‍ സ്ഥിരീകരിക്കുന്നത്", ഡോ.എസ്.സോമനാഥ് വെളിപ്പെടുത്തി. 

കാന്‍സര്‍ നേരത്തേ തിരിച്ചറിയേണ്ടത് പ്രധാനമാണെന്നും ഡോ.എസ്.സോമനാഥ് പറഞ്ഞു.​ലക്ഷണങ്ങൾ നിസ്സാരമാക്കാതെ വിദ​ഗ്ധചികിത്സ തേടേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. നിരന്തരമായ ചെക്കപ്പിലൂടെ മാത്രമേ ബ്രെസ്റ്റ് കാന്‍സര്‍ അടക്കമുള്ളവ തിരിച്ചറിയാന്‍ സാധിക്കൂ. കീമോതെറാപ്പിക്കിടെ താന്‍ അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞു. രുചിയടക്കമുള്ളവ പിന്നീട് തിരിച്ചറിയാന്‍ സാധിക്കില്ലെന്ന പറഞ്ഞ അദ്ദേഹം നിരവധി തവണ തനിക്ക് ആന്തരിക രക്തസ്രാവം ഉണ്ടായതായും കൂട്ടിച്ചേര്‍ത്തു. 

തന്നോട് യാത്ര ചെയ്യരുതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നുവെങ്കിലും താന്‍ അത് അവഗണിക്കുകയായിരുന്നുവെന്നും ഡോ.എസ്.സോമനാഥ് വ്യക്തമാക്കി. ചെവിയിലൂടെ രക്തം വന്നാല്‍ ജീവഹാനി വരെ സംഭവിച്ചേക്കാമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്തുവന്നാലും താന്‍ ജോലിക്ക് പോകുമെന്ന ദൃഢനിശ്ചയം എടുത്തിരുന്നതായും അദ്ദേഹം പ്രതികരിച്ചു. ഇത്തരം സാഹചര്യത്തില്‍ മനസിന്റെ ശക്തിക്ക് വലിയ പങ്കുണ്ട്.  ഈ സന്ദേശമാണ് എല്ലാവരോടുമായി തനിക്ക് പങ്കുവെയ്ക്കാനുള്ളതെന്നും അദ്ദേഹം അഭിമുഖത്തിനിടെ പറഞ്ഞു.

എന്താണ് ഉദരാർബുദം?

അന്നനാളം, ആമാശയം, ലിവർ, പിത്തസഞ്ചി-പിത്തക്കുഴൽ, പാൻക്രിയാസ്, ചെറുകുടൽ, വൻകുടൽ, മലാശയം എന്നിങ്ങനെ ഉദരാശയവുമായി ബന്ധപ്പെട്ടുകിടക്കുന്ന അവയവങ്ങളിൽ ഉണ്ടാകുന്ന അർബുദമാണിത്. 

ലക്ഷണങ്ങൾ

വേദന, ഛർദി, രക്തസ്രാവം തുടങ്ങിയ ലക്ഷണങ്ങളൊക്കെ പ്രകടമാകാമെങ്കിലും ഇവ പലരോ​ഗങ്ങൾക്കുമുണ്ടാകാം. തുടർപരിശോധനകളിലാണ് രോ​ഗംസ്ഥിരീകരിക്കുക. എൻഡോസ്കോപ്പിയിലൂടെ വയറിലെ അർബുദങ്ങളെ തിരിച്ചറിയാനാകും. 

തുടർച്ചയായുള്ള വയറുവേദന, ഛർദി, പുറംവേദന, മഞ്ഞപ്പിത്തം തുടങ്ങിയവയൊക്കെ പ്രകടമാകാം. അന്നനാളത്തിലാണെങ്കിൽ ഭക്ഷണം ഇറക്കാൻ ബുദ്ധിമുട്ടുണ്ടാകാം. ആമാശയത്തിലാണെങ്കിൽ ഭക്ഷണംചെന്നശേഷം വേദന അനുഭവപ്പെട്ടേക്കാം. വൻകുടലിലെ കാൻസറുകൾ രക്തസ്രാവത്തോടെയും ചെറുകുടലിലുള്ളവ വേദനയോടെയുമാകാം പ്രത്യക്ഷമാവുക. വയറിലെ ഏതുഭാ​ഗത്തെയാണ് ബാധിച്ചത് എന്നതിനനുസരിച്ച് ലക്ഷണം വ്യത്യാസപ്പെട്ടിരിക്കാം. ലക്ഷണങ്ങൾ കാണുന്നതിനനുസരിച്ച് മറ്റുപരിശോധനകൾ ചെയ്താണ് രോ​ഗം സ്ഥിരീകരിക്കേണ്ടത്. 

ലക്ഷണങ്ങൾ നീണ്ടുനിൽക്കാൻ കാത്തുനിൽക്കുകയുമരുത്. പ്രത്യക്ഷമാവുമ്പോൾ തന്നെ വിദ​ഗ്ധ അഭിപ്രായം തേടാം. ചില അർബുദങ്ങൾ ആദ്യസ്റ്റേജിൽ തന്നെ ലക്ഷണങ്ങൾ കാണിക്കണമെന്നില്ല. അതിനാൽ ചെറിയ ലക്ഷണങ്ങളായാലും ​ഗൗരവത്തോടെ സമീപിക്കണം. 

കാരണങ്ങൾ

ഉദരാർബുദത്തിന്റെ യഥാർഥ കാരണങ്ങൾ എന്താണെന്ന് കണ്ടെത്തിയിട്ടില്ലെങ്കിലും ആഹാരരീതിയും ജീവിതശൈലിയും ഒരുപരിധിവരെ ഘടകമാകാറുണ്ട്. ഉയർന്ന അളവിൽ ഉപ്പുള്ളതും പുകയിൽ വേവിച്ചതുമായ ആഹാരങ്ങൾ, സംസ്കരിച്ച മാംസങ്ങൾ തുടങ്ങിയവ ശീലമാക്കുന്നതും പഴങ്ങളും പച്ചക്കറികളും കുറയ്ക്കുന്നതും സാധ്യത കൂട്ടുന്ന ഘടകങ്ങളാണ്. 

മദ്യപാനം, പുകവലി എന്നിവയും അപകടസാധ്യത വർധിപ്പിക്കാറുണ്ട്. ആമാശയത്തിന്റെ ആന്തരികപാളിയെ ബാധിക്കുന്ന ഹെലിക്കോബാക്റ്റർ പൈലോറി എന്ന സൂക്ഷ്മാണുക്കൾ കാൻസറുണ്ടാകാൻ കാരണമാകാം. ആമാശയത്തിലെ ചില വ്രണങ്ങൾ, ആന്തരികപാളിയിലെ കോശങ്ങളുടെ അമിതവളർച്ച തുടങ്ങിയവയും ചിലരിൽ പാരമ്പര്യഘടകങ്ങളും കാൻസറിലേക്ക് നയിക്കാം.
 

Content Highlights: dr s somanath on cancer detection