‘ഞാനൊരു ഡോക്ടറാണ്, ഒന്നു നോക്കട്ടെ’; അപകടസ്ഥലത്തുവെച്ച് CPR-ലൂടെ ജീവൻ തിരിച്ചുപിടിച്ച് ഡോക്ടർ

#അനുഭദ്രന്‍
പരിക്കേറ്റ്‌ റോഡിൽ കിടന്ന ശ്രീജിത്തിന്, ഡോ.എസ്.അജയകുമാർ സി.പി.ആർ. നൽകുന്ന ദൃശ്യം, സി.സി.ടി.വിയിൽ പതിഞ്ഞത്.
പരിക്കേറ്റ്‌ റോഡിൽ കിടന്ന ശ്രീജിത്തിന്, ഡോ.എസ്.അജയകുമാർ സി.പി.ആർ. നൽകുന്ന ദൃശ്യം, സി.സി.ടി.വിയിൽ പതിഞ്ഞത്.

അടൂർ: ''പ്ലീസ് ഒന്ന് മാറൂ, ഞാൻ ഒരു ഡോക്ടറാണ്. ഒന്നു നോക്കട്ടെ.''- ഇത്രയും പറഞ്ഞ് ഏനാത്ത് ഗീതത്തിൽ ഡോ.എസ്. അജയകുമാർ വാഹനാപകടത്തിൽ വീണുകിടന്ന രോഗിക്ക് അടിയന്തരമായി സി.പി.ആർ. നൽകാൻ തുടങ്ങി. പിന്നീട് നടന്നത് സഹജീവിസ്‌നേഹത്തിന്റെ ഉദാത്ത മാതൃക.

വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ഹൃദയംനിലച്ച ഘട്ടത്തിലായിരുന്നു മണ്ണടി ശ്രീകൃഷ്ണവിലാസത്തിൽ ശ്രീജിത്ത് (43). ഈ സമയം സ്ഥലത്തെത്തിയ കൊല്ലം കുളക്കട സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഡോക്ടറായ അജയകുമാർ അപകടസ്ഥലത്തുവെച്ചു തന്നെ രണ്ട് മിനിറ്റ് നേരം നൽകിയ സി.പി.ആറിലൂടെ ശ്രീജിത്തിന്റെ ഹൃദയം പൂർവസ്ഥിതിയിൽ തുടിച്ചു. പിന്നീട് തുടർ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക്. ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അപകടാവസ്ഥ തരണംചെയ്ത് ജീവിതത്തിലേക്ക് കടന്നുവരുകയാണ് ശ്രീജിത്ത്.

സംഭവം ഇങ്ങനെ
ഫെബ്രുവരി 24 രാത്രി 8.10. ഉച്ചബലി ഉത്സവദിവസമായതിനാൽ ഭാര്യ ഗീതയുടെ വീടായ മണ്ണടിയിലേക്ക് പോകുകയായിരുന്നു ഡോ.എസ്. അജയകുമാർ. ഏനാത്ത്-കടമ്പനാട് റോഡിൽ ഏനാത്ത് കഴിഞ്ഞുള്ള പാലം കഴിഞ്ഞാണ് അപകടമുണ്ടാകുന്നത്. ഓട്ടോറിക്ഷയും ശ്രീജിത്ത് ഓടിച്ച ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ് ശ്രീജിത്തിന്റെ ബോധം നഷ്ടമായി. നാട്ടുകാർ ഓടിക്കൂടിയെങ്കിലും രക്ഷാപ്രവർത്തനത്തിന് മടിച്ചു. ഈ സമയത്താണ് കാറിൽ ഡോ. അജയകുമാർ സ്ഥലത്തെത്തിയത്. തന്റെ ശാരീരിക അവശതകളെപോലും മറന്ന് ശ്രീജിത്തിന്റെ അടുത്തേക്ക് അദ്ദേഹം എത്തി. സ്ഥലത്ത് കൂടിനിന്നവരോട് താൻ ഡോക്ടർ ആണെന്നും സഹായം വേണമെന്നും അഭ്യർഥിച്ചു. പരിക്കേറ്റയാളെ മലർത്തിക്കിടത്താൻ ആവശ്യപ്പെട്ടു.

ശേഷം സി.പി.ആർ. നൽകുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇദ്ദേഹത്തിന്റെ കാൽ ഒടിഞ്ഞതായും കണ്ടെത്തി. കാലിന്റെ പരിക്ക് ഗുരുതരമായതിനാൽ നാട്ടുകാരുടെ സഹായത്തോടെ സമീപത്തുനിന്ന് കമ്പുകൾ ഒടിച്ച് കാലിൽ കെട്ടി. പരിക്ക് കൂടുതൽ ഗുരുതരമാകാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്ന് ഡോ.അജയകുമാർ പറഞ്ഞു. പിന്നീട് ആംബുലൻസ് വിളിച്ചുവരുത്തിയശേഷം ശ്രീജിത്തിനെ ആശുപത്രിയിലേക്ക് അയച്ചു.

ഡോ.അജയകുമാർ കെ.ജി.എം.ഒ.എ. കൊല്ലം ജില്ലാ പ്രസിഡന്റാണ്. കൂടാതെ സി.പി.ആർ. ഉൾപ്പെടെ അടിയന്തരഘട്ടങ്ങളിൽ നൽകേണ്ട ജീവൻരക്ഷാമാർഗങ്ങൾ വിദ്യാർഥികളെ പരിശീലിപ്പിക്കുന്ന 'സേവ് ലൈവ്‌സ്-ഒരു വിദ്യാർഥി ഒരു ജീവൻ' പദ്ധതി ഡോ.അജയകുമാറിന്റെ നേതൃത്വത്തിൽ കൊല്ലം ജില്ലയിൽ ഒരാഴ്ചമുൻപ് ആരംഭിക്കുകയുംചെയ്തിരുന്നു.

Content Highlights: A doctor performed timely CPR to save the life of a road accident victim in Adoor., The victim, Sreejith, was revived on the spot after his heart had stopped.