പഞ്ചസാര ഒഴിവാക്കണം, 6 മാസത്തിലൊരിക്കൽ ചെക്കപ്പ്; പല്ലിന്റെ ആരോഗ്യം സംരക്ഷിക്കാൻ ഡെന്റൽ ഡയറ്റും

കോഴിക്കോട്: പലതരം ഡയറ്റുകൾ സുപരിചിതമായ ഇക്കാലത്ത് ഡെന്റൽ ഡയറ്റിനെക്കുറിച്ച് വേണ്ടത്ര ധാരണ പലർക്കുമില്ലെന്നതാണ് യാഥാർഥ്യം. പല്ലിന്റെ ആരോഗ്യം സംരക്ഷിക്കാനാവശ്യമായ പോഷകസമൃദ്ധവും ഫൈബറും കാൽസ്യവും ധാരാളമുള്ളതുമായ ഭക്ഷണങ്ങളടങ്ങിയതാണ് ഡെന്റൽഡയറ്റ്.
പല്ലിന്റെ ഇനാമെൽ ശക്തിപ്പെടുത്താനും ലാലത്തിന്റെ ഉത്പാദനം വർധിപ്പിക്കാനും പല്ലുകീഴ്ച (കാവിറ്റി) ഒഴിവാക്കാനും അത് സഹായിക്കും. ഇതിനായി ഭക്ഷണത്തിൽ എന്തെല്ലാം ഉൾപ്പെടുത്തണമെന്ന് നോക്കാം. ഇലക്കറികൾ മറ്റേത് ഡയറ്റിലേതുംപോലെ ഇവിടെയും പ്രധാനമാണ്. കാരറ്റ്, സെലറി, ചീസ്, തൈര് എന്നിവയ്ക്കുപുറമേ ലീൻ പ്രോട്ടീനിനായി കോഴിയിറച്ചി, മീൻ, മുട്ട തുടങ്ങിയവയും ആവശ്യമാണ്.
ഇനി എന്തൊക്കെ ഒഴിവാക്കണമെന്നു നോക്കിയാൽ ഒന്നാംസ്ഥാനത്ത് പഞ്ചസാരയാണുള്ളത്. റിഫൈൻഡ് കാർബോഹൈഡ്രേറ്റ്, അമ്ലത്വം കൂടുതലുള്ള പലഹാരങ്ങൾ എന്നിവയും ഒഴിവാക്കണം. ഭക്ഷണക്രമീകരണത്തോടൊപ്പം പല്ലുതേക്കുന്നതിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്. പല്ലുകൾക്കിടയിലെ ഭാഗങ്ങളിൽ കുടുങ്ങുന്ന ഭക്ഷണാവശിഷ്ടങ്ങൾ നീക്കാൻ 'ഫ്‌ലോസിങ്' ശീലിക്കണം. ടൂത്ത്ബ്രഷ് മൂന്നുമാസത്തിലൊരിക്കൽ നിർബന്ധമായും മാറ്റണം.
ആരോഗ്യകരമായ പല്ലുകൾക്ക് ആറുമാസത്തിലൊരിക്കൽ ചെക്കപ്പ് നടത്തുന്നത് നല്ലതാണ്. ചെറിയ പ്രശ്‌നങ്ങൾ തുടക്കത്തിൽ കണ്ടെത്തിയാൽ, ലളിതമായ ചികിത്സകളിലൂടെ പരിഹരിക്കാനാകും. പലപ്പോഴും പല്ലുകളുടെ സംരക്ഷണത്തിൽ കാണിക്കുന്ന അനാസ്ഥയോ അവഗണനയോ കാരണമാണ് പിന്നീട് വലിയതും ചെലവേറിയതുമായ ചികിത്സകൾ വേണ്ടിവരുന്നത്.
പ്രിവന്റീവ് കെയറാണ് ആദ്യപടി. കുട്ടികളുടെ കാര്യത്തിലാണെങ്കിൽ ആദ്യമായി പല്ല് വന്നതിനുശേഷം ആറുമാസത്തിനുള്ളിൽ ദന്തഡോക്ടറെ കാണിക്കുന്നതാണ് ഏറ്റവും നല്ലത്.
(കടപ്പാട്- ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ മലബാർ ബ്രാഞ്ചിന്റെ ഓണററി സെക്രട്ടറി ഡോ. ഇന്ദു ബി. നായർ)
Content Highlights: A 'Dental Diet' includes nutrient-rich foods like leafy greens, carrots, cheese, and lean protein to strengthen enamel., Avoiding sugar, refined carbohydrates, and acidic foods is crucial for preventing tooth decay (cavities).