ഡൽഹിയിൽ വായുമലിനീകരണം അതീവ ഗുരുതരം, വായുനിലവാര സൂചിക 600 കടന്നു

ഡൽഹിയിൽ വായുമലിനീകരണം അതീവ ഗുരുതരാവസ്ഥയിൽ. ഇക്കഴിഞ്ഞ ഒക്ടോബർ മുതൽ പ്രദേശവാസികൾ ശ്വസിക്കുന്നത് വളരെ മോശം, ഗുരുതരം എന്നീ വിഭാഗങ്ങളിൽ പെടുന്ന വായുവാണ്. ഡിസംബർ പകുതിയായതോടെ ഡൽഹിയിലെ പലയിടങ്ങളിലും വായുനിലവാര സൂചിക 600 കടന്നു. ചിലയിടങ്ങളിൽ ഇത് തീവ്രമായ 1000 കടക്കുകയും ചെയ്തിട്ടുണ്ട്. സോഷ്യൽമീഡിയാ പ്ലാറ്റ്ഫോമായ ലോക്കൽ സർക്കിൾസ് നടത്തിയ സർവേ പ്രകാരം എൺപത്തിരണ്ട് ശതമാനത്തിലേറെ പേർ വായുമലിനീകരണം മൂലം തീവ്രമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുവെന്ന് പറയുന്നു.
ഡൽഹി, ഗുരുഗ്രാം, നോയിഡ, ഫരീദാബാദ്, ഗാസിയാബാദ് എന്നിവിടങ്ങളിൽ നിന്നുള്ള 34,000 പേരെ പങ്കെടുപ്പിച്ചാണ് സർവേ നടത്തിയത്. ഇതിൽ എൺപത്തിരണ്ട് ശതമാനം പേരാണ് തങ്ങൾക്ക് അടുത്ത് പരിചയമുള്ള ഒന്നോ അതിലധികമോ പേർ വായുമലിനീകരണം മൂലം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുവെന്ന് വ്യക്തമാക്കിയത്. 28ശതമാനം പേർ തങ്ങൾക്ക് അത്തരത്തിലുള്ള നാലോ അതിൽ കൂടുതലോ പേരെ അറിയാമെന്ന് വ്യക്തമാക്കി.
കഴിഞ്ഞ പത്തുവർഷത്തിലേറെയായി വായുമലിനീകരണം എങ്ങനെയാണ് ഡൽഹിയിലെ കുടുംബങ്ങളെ ബാധിച്ചതെന്നും സർവേയിൽ പറയുന്നുണ്ട്. ആസ്ത്മ, സിഒപിഡി, പക്ഷാഘാതം, ശ്വാസകാശ പ്രശ്നങ്ങൾ, വൈജ്ഞാനിക അപചയം തുടങ്ങിയവയാണ് കൂടുതലായും കണ്ടുവരുന്ന ആരോഗ്യപ്രശ്നങ്ങൾ.
ഇതുകൂടാതെ വായുമലിനീകരണംമൂലം സാമ്പത്തിക പ്രതിസന്ധിയും ഉണ്ടാകുന്നുവെന്ന് സർവേ വ്യക്തമാക്കുന്നു. വായുമലിനീകരണം സംബന്ധിച്ച ആരോഗ്യപ്രശ്നങ്ങളെ ദീർഘകാലം നേരിടാനുള്ള സാമ്പത്തികാവസ്ഥയുണ്ടാകുമോ എന്നതിൽ ആശങ്കപ്പെടുന്നവരും നിരവധിയാണ്. വിഷമയമുള്ള വായുമൂലം ഡൽഹി വിടാൻ തയ്യാറെടുക്കുന്ന എട്ടുശതമാനം പേരുമുണ്ടെന്ന് സർവേയിൽ പറയുന്നു.
പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുക, വ്യാവസായിക മാലിന്യം നിയന്ത്രിക്കുക, വായുമലിനീകരണം മൂലം ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരെ പിന്തുണയ്ക്കുക തുടങ്ങിയവയാണ് പരിഹാരമാർഗങ്ങളായി സർവേയിൽ നിർദേശിക്കുന്നത്.
തലസ്ഥാനത്തെ വായുമലിനീകരണം നിയന്ത്രിക്കാൻ ഡൽഹി സർക്കാർ കർശന നടപടികൾ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. മലിനീകരണ നിയന്ത്രണ (PUC) സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നിഷേധിക്കുകയും നഗരത്തിന് പുറത്ത് നിന്നുള്ള നോൺ-BS6 വാഹനങ്ങൾക്ക് (BS6 അല്ലാത്ത) പ്രവേശനം നിയന്ത്രിക്കുകയും ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം.
വായു ഗുണനിലവാര സൂചിക (എ.ക്യു.ഐ) പ്രകാരം പൂജ്യം മുതല്‍ 50 വരെയാണ് മികച്ച വായുഗുണനിലവാരം എന്ന വിഭാഗത്തിൽ ഉള്‍പ്പെടുന്നത്. 50 മുതല്‍ 100 വരെയാണ് ഉചിതമായത് അല്ലെങ്കില്‍ താരതമ്യേന മോശമല്ലാത്തത് എന്ന വിഭാഗത്തില്‍. 100 മുതല്‍ 200 വരെയാണ് മോശം അവസ്ഥ. 200 മുതല്‍ 300 വരെ അപകടകരമായ അവസ്ഥയാണ്. 300 മുതല്‍ 400 വരെയുള്ളത് മലിനീകരണം രൂക്ഷമായ വിഭാഗത്തില്‍പ്പെടുന്നു. എന്നാല്‍, 400 മുതല്‍ മുകളിലേയ്ക്കുള്ളത് അതീവ ഗുരുതരമായതും മനുഷ്യ ജീവനുതന്നെ അപകടമുള്ളതുമാണ്. ശരാശരി 48 വരെയാണ് കേരളത്തിലെ വായുഗുണനിലവാരം.
ഡൽഹി GRAP-4 നിയന്ത്രണങ്ങൾ
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡൽഹിയിലേയും ദേശീയ തലസ്ഥാന മേഖലയിലേയും അധികൃതർ ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാനിൽ (GRAP-4) ഏറ്റവും കർശനമായ മലിനീകരണ നിയന്ത്രണ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വായുവിന്റെ നിലവാരം ഗുരുതരമായ രീതിയിൽ അതിവേഗം വഷളായതിനെ തുടർന്നാണിത്.
ഇത് അടിയന്തര നടപടികൾക്ക് കാരണമായി. ഹെവി വാഹനങ്ങളുടെ പ്രവേശനം നിയന്ത്രിക്കുക, വർക്ക്-ഫ്രം-ഹോം നിർദേശങ്ങളോടെ ഓഫീസ് ഹാജർ കുറയ്ക്കുക, സ്കൂൾ ക്ലാസുകൾ ഹൈബ്രിഡ് അല്ലെങ്കിൽ ഓൺലൈൻ മോഡുകളിലേക്ക് മാറ്റുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.
Content Highlights: Delhi`s air quality plummets to severe levels. Learn about the health impacts, survey findings, and government measures to combat extreme pollution.