രണ്ടരമണിക്കൂറിനകം ലഭിക്കുന്ന ഫലം അറിയാൻ രണ്ടുദിവസം; നിപ പരിശോധനയ്ക്ക് കടമ്പകളേറെ

#അനുഷ ഗോവിന്ദ്
Representative Image
Representative Image

കോഴിക്കോട്: കേരളത്തെ വിട്ടൊഴിയാത്ത ഭീതിയായി നിപ ഉണ്ടെങ്കിലും രോഗസ്ഥിരീകരണത്തിന് കടമ്പകളേറെ. രണ്ടരമണിക്കൂറുകൊണ്ട് പരിശോധനാഫലം നൽകാനാവുന്ന ലാബുകൾ സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളിലുൾപ്പെടെ ഉണ്ടെങ്കിലും അവിടെയൊന്നും നിപ പരിശോധനയ്ക്ക് അനുമതിയില്ല.

ലക്ഷണങ്ങളുമായി രോഗിയെത്തിയാൽ ഡോക്ടർക്ക് സംശയംതോന്നിയാലും ആശുപത്രികളിൽ നേരിട്ട് ടെസ്റ്റ് നടത്താനാവില്ല. ആദ്യം ജില്ലാ മെഡിക്കൽ ഓഫീസറുടെ അനുമതി തേടണം. അതുകഴിഞ്ഞാൽ രോഗിയുടെ ലക്ഷണങ്ങളും വിവരങ്ങളുമെല്ലാം ഉൾപ്പെടുത്തി ഫോം പൂരിപ്പിക്കൽ ഉൾപ്പെടെയുള്ള നടപടികൾ. പിന്നീട് അതിസുരക്ഷയോടെ സാംപിളെടുത്ത് പകർച്ചവ്യാധിനിയന്ത്രണ മാനദണ്ഡങ്ങളെല്ലാം പാലിച്ച് മെഡിക്കൽ കോളേജിലെത്തിക്കണം.

തുടർന്ന് മെഡിക്കൽ കോളേജിൽ പരിശോധന നടത്തും. അവിടെത്തന്നെ സ്ഥിരീകരിക്കാനാവുമെങ്കിലും പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിനുമാത്രമേ വിവരം ഔദ്യോഗികമായി പുറത്തുവിടാൻ അനുമതിയുള്ളൂ. അതിനാൽ മെഡിക്കൽ കോളേജിൽനിന്ന് അവിടേക്ക് അയക്കുകയാണ് പതിവ്.

രണ്ടരമണിക്കൂർകൊണ്ട് കിട്ടാവുന്ന ഫലം ലഭിക്കാൻ രണ്ടുദിവസം വരെയെടുക്കും. ഫലം വരുന്നതുവരെ രോഗിയുമായി ബന്ധപ്പെട്ടവരും ഡോക്ടർമാരും ആരോഗ്യപ്രവർത്തകരുമെല്ലാം ക്വാറന്റീനിൽ കഴിയേണ്ടിവരുകയും ആശങ്കയിലാവുകയും ചെയ്യും.

വലിയ ആശുപത്രികളിൽ ഇത്തരം നടപടിക്രമങ്ങളെല്ലാം ചെയ്യാൻ പ്രത്യേകസംഘമുണ്ടെങ്കിലും മറ്റിടങ്ങളിൽ ഡോക്ടർമാർതന്നെ ചെയ്യേണ്ട സ്ഥിതിയുണ്ട്.

തീരുമാനമെടുക്കേണ്ടത് ഐ.സി.എം.ആർ.

നിലവിൽ നിപ, എബോള തുടങ്ങി മാരക വൈറസുകൾ സംബന്ധിച്ചുള്ള കേന്ദ്ര മാനദണ്ഡപ്രകാരമാണ് ഈ പരിശോധനാനടപടികൾ. ഇത് ലഘൂകരിച്ചാൽത്തന്നെ അതത് സ്ഥലങ്ങളിൽ പരിശോധന നടത്തി ഫലം വേ​ഗത്തിൽ ലഭ്യമാക്കാനാവും. ഐ.സി.എംആർ. ആണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. 

ഇത്തരം മാരകരോ​ഗങ്ങളുടെ കാര്യത്തിൽ എത്രയും പെട്ടെന്ന് സ്ഥിരീകരണം ലഭിക്കേണ്ടത് അത്യാവശ്യമാണെന്ന് വി​ദ​ഗ്ധർ പറയുന്നു. മാത്രമല്ല, സമ്പർക്കത്തിലുള്ള വ്യക്തികളെ പെട്ടെന്ന് കണ്ടെത്താനും രോ​ഗവ്യാപനം കുറയ്ക്കാനുമാവും. കേരളത്തിൽ നിപ ആവർത്തിക്കുന്ന സാഹചര്യത്തിൽ കാരണം തിരിച്ചറിയാത്ത പനിയുണ്ടെങ്കിൽ നിപ പരിശോധനകൂടി നടത്താൻ ആരോ​ഗ്യവകുപ്പ് മുമ്പ് നിർദേശം നൽകിയിരുന്നു.

എന്നാൽ സംശയമുണ്ടായാലും പരിശോധനയ്ക്കുള്ള നൂലാമാല കാരണം പലരും മടിക്കുന്ന സാഹചര്യമുണ്ട്. 

കോവിഡിനേക്കാൾ വ്യാപനശേഷി കുറവാണെങ്കിലും മരണനിരക്ക് കൂടുതലാണ് എന്നതാണ് നിപയുണ്ടാക്കുന്ന ആശങ്ക. പരിശേധനാസംവിധാനമുണ്ടായിട്ടും മാനദണ്ഡങ്ങളിലെ കാർക്കശ്യം കാരണം പരിശോധന നടത്താനാവാതെ പോകുന്ന സാഹചര്യം ഒഴിവാക്കണമെന്ന ആവശ്യം ഡോക്ടർമാരും മുന്നോട്ടുവെക്കുന്നുണ്ട്. 
 

Content Highlights: delay in nipah virus detection test result