കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാനസികാരോഗ്യ അംബാസഡറായി ദീപിക പദുക്കോൺ; അതിയായ അഭിമാനമെന്ന് നടി

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ (MoHFW) ആദ്യ മാനസികാരോഗ്യ അംബാസഡറായി നടിയും ‘ദി ലിവ് ലവ് ലാഫ്’ (LLL) ഫൗണ്ടേഷൻ സ്ഥാപകയുമായ ദീപിക പദുക്കോണിനെ നിയമിച്ചു. ലോക മാനസികാരോഗ്യ ദിനത്തിൽ മധ്യപ്രദേശിലെ ചിന്ദ്വാര ജില്ല സന്ദർശിച്ചതിന് പിന്നാലെയാണ് തീരുമാനം. രാജ്യത്ത് മാനസികാരോഗ്യത്തിന് കൂടുതൽ പിന്തുണ നൽകുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിനും മാനസികാരോഗ്യത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ കുറയ്ക്കുന്നതിനും തീരുമാനം ലക്ഷ്യമിടുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ദീപികയുമായി സഹകരിക്കുന്നത് മാനസികാരോഗ്യത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ സഹായിക്കും. കൂടാതെ, തെറ്റിദ്ധാരണകൾ കുറയ്ക്കാനും, പൊതുജനാരോഗ്യത്തിന്റെ ഒരു പ്രധാന ഭാഗമായി മാനസികാരോഗ്യത്തെ പ്രോത്സാഹിപ്പിക്കാനും നീക്കം സഹായകരമാകും, കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ പറഞ്ഞു.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ആദ്യ മാനസികാരോഗ്യ അംബാസഡറാകാൻ കഴിഞ്ഞതിൽ അതിയായ അഭിമാനമുണ്ടെന്ന് ദീപിക പ്രതികരിച്ചു. ഇന്ത്യ മാനസികാരോഗ്യ സംരക്ഷണത്തിന് മുൻഗണന നൽകുന്നതിൽ വലിയ പുരോഗതി കൈവരിച്ചിട്ടുണ്ട്. രാജ്യത്തെ മാനസികാരോഗ്യ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിന് മന്ത്രാലയവുമായി ചേർന്ന് പ്രവർത്തിക്കാൻ താത്പര്യമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
Content Highlights: Deepika Padukone named first Mental Health Ambassador by India`s Union Ministry of Health and Family Welfare. Aiming to boost mental health awareness and reduce stigma.