വയറുവേദനയ്ക്ക് പിന്നാലെ ട്യൂമർ കണ്ടെത്തി, ഒടുവിൽ കരളിലെ കാൻസറെന്ന് സ്ഥിരീകരണം- ദീപിക കക്കർ

ദീപിക കക്കർ| Photos: instagram.com/ms.dipika/?hl=en
ദീപിക കക്കർ| Photos: instagram.com/ms.dipika/?hl=en

ഹിന്ദി ടെലിവിഷൻ സീരിയലുകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടി ദീപിക കക്കർ അടുത്തിടെയാണ് തനിക്ക് കരളിൽ ട്യൂമർ കണ്ടെത്തിയ വിവരം പുറത്തുവിട്ടത്. ഇപ്പോഴിതാ താൻ സ്റ്റേജ് 2 ലിവർ കാൻസറിനെതിരെ പോരാടിക്കൊണ്ടിരിക്കുകയാണെന്ന് പങ്കുവെച്ചിരിക്കുകയാണ് ദീപിക. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ദീപിക ഇക്കാര്യം കുറിച്ചത്. 

കഴിഞ്ഞ കുറച്ച് ആഴ്ചകൾ തന്നെ സംബന്ധിച്ച് കഠിനമായിരുന്നുവെന്ന് പറഞ്ഞാണ് ദീപിക കുറിപ്പ് ആരംഭിക്കുന്നത്. വയറിന്റെ മുകൾഭാ​ഗത്ത് വേദനയുമായാണ് ആശുപത്രിയിലേക്ക് പോകുന്നത്. പരിശോധനയിൽ കരളിൽ ടെന്നീസ് ബോളിന്റെ വലിപ്പത്തിലുള്ള ട്യൂമറാണെന്ന് പറഞ്ഞു. എന്നാൽ ആ ട്യൂമർ കാൻസറാണെന്ന് സ്ഥിരീകരിച്ചുവെന്നും സ്റ്റേജ് 2 ലിവർ കാൻസർ ആണെന്നും ദീപിക പറഞ്ഞു. 

ഇതുവരെ അനുഭവിച്ചതിൽ വച്ച് ഏറ്റവും കഠിനമായ സമയത്തിലൂടെയാണ് പോകുന്നതെന്നും കരുത്തോടെ പോസിറ്റീവായി രോ​ഗത്തെ നേരിടാൻ പോവുകയാണെന്നും ദീപിക കുറിച്ചു. 

ട്യൂമർ കണ്ടെത്തിയതിനേക്കുറിച്ച് ദീപികയും ഭർത്താവ് ഷൊയ്ബ് ഇബ്രാഹിമും നേരത്തേ യൂട്യൂബിൽ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കിയിരുന്നു. വയറുവേ​ദന കുറയാതെയാണ് വിദ​ഗ്ധ പരിശോധന തേടിയതെന്നും തുടക്കത്തിൽ അസിഡിറ്റിയുടേതാണ് എന്നാണ് കരുതിയതെന്നും ദീപിക പറഞ്ഞിരുന്നു. ആന്റിബ‌യോട്ടിക്കുകൾ കഴിച്ചിട്ടും കുറയാതെ വന്നതോടെ നടത്തിയ പരിശോധനയിലാണ് ട്യൂമർ കണ്ടെത്തിയത് എന്നും ഇരുവരും പറഞ്ഞിട്ടുണ്ട്. 

2018-ലാണ് ദീപിക കക്കറും ഷൊയ്ബ് ഇബ്രാഹിമും വിവാഹിതരാകുന്നത്. ഇവർക്ക് റുഹാൻ എന്ന പേരുള്ള ഒരു മകനുണ്ട്.

കരളിലെ കാൻസർ

കരളിൽ കാണപ്പെടുന്ന ഏറ്റവും സാധാരണവും മാരകവുമായ ട്യൂമറാണ് ഹെപ്പറ്റോസെല്ലുലാർ കാർസിനോമ എന്ന പേരിൽ അറിയപ്പെടുന്ന ലിവർ കാൻസർ. ​ഗുരുതരമായ ഹെപ്പറ്റൈറ്റിസ് ബി വൈറസ്, ഹെപ്പറ്റൈറ്റിസ് സി വൈറസ്, അണുബാധകൾ, മദ്യപാനം മറ്റെതങ്കിലും കാരണം എന്നിവകൊണ്ടുണ്ടാകുന്ന ലിവർ സിറോസിസ്, സ്റ്റിയോട്ടിക് കരൾരോ​ഗവുമായി ബന്ധപ്പെട്ട് മെറ്റബോളിസത്തിലുണ്ടാകുന്ന തകരാറ് തുടങ്ങിയവയാണ് കരളിലെ കാൻസറിന്റെ പ്രധാന കാരണങ്ങൾ. പുരുഷന്മാരിലുണ്ടാകുന്ന അർബുദങ്ങളിൽ അഞ്ചാം സ്ഥാനവും സ്ത്രീകളെ ബാധിക്കുന്ന അർബുദങ്ങളിൽ എട്ടാം സ്ഥാനവും ഇതിനാണ്.
 

Content Highlights: TV actress Deepika Kakkar reveals her Stage 2 liver cancer diagnosis