സ്വീകാര്യത വീട്ടുപരിചരണത്തിന്; മരണാസന്നരോഗികൾക്കുള്ള അമിതചികിത്സ കുറയുന്നു

#എം.കെ. രാജശേഖരൻ
Representative Image| Photo: Canva.com
Representative Image| Photo: Canva.com

തൃശ്ശൂർ: മരണത്തിന് തൊട്ടുമുൻപ് അമിത വൈദ്യസഹായം നൽകുന്ന പ്രവണത കുറയുന്നു. ഇത്തരം ചികിത്സ കിട്ടുന്നവരുടെ എണ്ണത്തിൽ കുറവുവരുന്നതായി സെൻസസ് വിഭാഗം പുറത്തുവിട്ട ദേശീയ സാംപിൾ രജിസ്ട്രേഷൻ സിസ്റ്റം ചൂണ്ടിക്കാട്ടുന്നു. പൊതുജാനോരോഗ്യരംഗത്തിന്റെ പരിമിതിയല്ല ഇതെന്നും വീട്ടുപരിചരണമെന്ന ആശയത്തിന് സ്വീകാര്യത കൂടിവരുന്നതാണ് കാരണമെന്നും ആരോഗ്യമേഖലയിലെ വിദഗ്ധർ പറയുന്നു.

ദേശീയതലത്തിൽ 2019-ൽ 48.5 ശതമാനം പേർക്കാണ് മരിക്കുന്നതിനുമുൻപ് വൈദ്യസഹായം കിട്ടിയിരുന്നതെങ്കിൽ 2024-ൽ അത് 40.2 ശതമാനമായെന്നാണ് കണക്ക്. അതായത് 59.8 ശതമാനം പേർക്ക് മരിക്കുന്നതിനുമുൻപ് വൈദ്യസഹായം കിട്ടിയില്ലെന്നർഥം. ഗ്രാമപ്രദേശത്ത് 55.9 ശതമാനത്തിൽനിന്ന് 62.7 ആയാണ് മാറ്റം. നഗരങ്ങളിൽ 39 ശതമാനത്തിൽനിന്ന് 51.5 ശതമാനത്തിലേക്കാണ് മാറിയത്.

കേരളത്തിന്റെ കാര്യത്തിൽ മാറ്റം ഏറെ പ്രകടം. 2019-ൽ 80.7 ശതമാനത്തിന് വൈദ്യസഹായം കിട്ടിയിരുന്നു. 24- ആയപ്പോഴേക്കുമിത് 58 ശതമാനമായി. 42 ശതമാനം പേർക്ക് മരിക്കുന്നതിനുമുൻപ് വൈദ്യസഹായം കിട്ടിയിരുന്നില്ലെന്ന് വ്യക്തം. ഗ്രാമങ്ങളിൽ വൈദ്യസഹായം കിട്ടിയിരുന്നവരുടെ നിരക്ക് 87.1-ൽനിന്ന് 58.9 ശതമാനമായി കുറഞ്ഞു. നഗരങ്ങളിലെ മാറ്റം 74.2 ശതമാനത്തിൽനിന്ന് 57.2 ആയി.

കോവിഡിനുശേഷം മാറ്റം പ്രകടനം

'കോവിഡ് കാലത്ത് പ്രോത്സാഹിപ്പിക്കപ്പെട്ട ഹോം കെയർ രീതി കൂടുതൽ സജീവമായിട്ടുണ്ട്. പ്രായമാവർക്ക് അമിത ചികിത്സ നൽകുന്നുവെന്ന പരാതി കുറയുന്നുമുണ്ട്. പൊടുന്നനെയുള്ള മരണം വൈദ്യസഹായം കിട്ടാത്തവരുടെ എണ്ണം കൂടാൻ കാരണമായിട്ടുണ്ട്. ജീവിതശൈലി രോഗങ്ങൾ കൂടുന്നതാണിതിന്റെ കാരണം. ആശുപത്രിച്ചെലവ് കാരണമാകുന്നുണ്ടോയെന്നതടക്കമുള്ള മറ്റുകാരണങ്ങൾ സംബന്ധിച്ച് കൂടുതൽ പഠിക്കണം.'- ഡോ.ബി പദ്മകുമാർ, റിട്ട.പ്രിൻസിപ്പൽ,ആലപ്പുഴ ഗവ. മെഡിക്കൽ കോളേജ്

Content Highlights: National data shows a shift away from excessive medical intervention at the end of life., Home care is gaining significant social acceptance post-2020., Kerala reports a sharp decline in hospital-based end-of-life medical assistance., Lifestyle diseases are cited as a primary driver for sudden deaths outside hospital settings.