‘ഈ മരുന്ന് കാൻസർ ചികിത്സയുടെ ഭാവി മാറ്റും; അവസാനഘട്ട പാൻക്രിയാറ്റിക് രോഗികളിലും മികച്ചഫലം’

#Health Desk
Representative Image| Photo: Canva.com
Representative Image| Photo: Canva.com

ലക്ഷണങ്ങളും രോഗസ്ഥിരീകരണവും വൈകുന്നതിനാൽ അതിജീവനനിരക്ക് കുറഞ്ഞ അർബുദങ്ങളിലൊന്നാണ് പാൻക്രിയാറ്റിക് കാൻസർ. സൈലന്റ് കില്ലർ എന്ന് ഈ രോഗത്തെ വിളിക്കാനും കാരണമിതാണ്. ഇപ്പോഴിതാ പാൻക്രിയാറ്റിക് കാൻസർ ചികിത്സാരംഗത്ത് പ്രതീക്ഷയേകുന്ന പുതിയൊരു മരുന്ന് വികസിപ്പിച്ച് ഗവേഷകർ. ആദ്യഘട്ടപരീക്ഷണങ്ങളിൽ മികച്ച ഫലം നൽകിയിരിക്കുകയാണ് ഡാരാക്സൊൺറാസിബ്(Daraxonrasib) എന്ന മരുന്ന്. RAS ജീനുമായി ബന്ധപ്പെട്ട കാൻസർ സിഗ്നലുകളെ തടയുന്നതിനായി രൂപകൽപ്പന ചെയ്ത ദിവസവും കഴിക്കാവുന്ന രൂപത്തിലുള്ള ഗുളികയാണിത്.

ആദ്യഘട്ട ക്ലിനിക്കൽ ട്രയൽ പൂർത്തിയായ മരുന്ന് രോഗികളിൽ മികച്ച ഫലം നൽകിയെന്നാണ് ഗവേഷകർ പറയുന്നത്. ബോസ്റ്റണിൽ നിന്നുള്ള ഡാന-ഫാർബർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് (Dana-Farber Cancer Institute) ആണ് ക്ലിനിക്കൽ ട്രയലിന് നേത‍ൃത്വം നൽകിയത്. ദ ന്യൂ ഇംഗ്ലീഷ് ജേണൽ ഓഫ് മെഡിസിനിൽ ക്ലിനിക്കൽ ട്രയലിനേക്കുറിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്. RAS ജീനിൽ വ്യതിയാനങ്ങളുള്ള 168 പാൻക്രിയാറ്റിക് കാൻസർ രോഗികളിലാണ് ഈ മരുന്ന് പരീക്ഷിച്ചത്. പഠനത്തിൽ പങ്കെടുത്ത എല്ലാവരും മുമ്പ് കുറഞ്ഞത് ഒരു കീമോതെറാപ്പി ചികിത്സയെങ്കിലും സ്വീകരിച്ചിരുന്നവരുമാണ്.

കാൻസർ കോശങ്ങളുടെ വളർച്ചയെ സഹായിക്കുന്ന ഒന്നിലധികം സജീവ കാൻസർ സിഗ്നലുകളെ തടയുന്നതിനാണ് ഈ മരുന്ന് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 300 മില്ലിഗ്രാം മരുന്ന് ഉപയോഗിച്ച ഏകദേശം 30% രോഗികളിലും നല്ല പ്രതികരണം കണ്ടുവെന്ന് ഗവേഷകർ പറയുന്നു. മരുന്ന് പരീക്ഷിച്ച ഏകദേശം 90% രോഗികളുടെയും കാൻസർ ചുരുങ്ങുകയോ കൂടുതൽ ഗുരുതരമാവുകയോ ചെയ്യുന്നതും നിന്നുവെന്ന് ഗവേഷകർ അവകാശപ്പെടുന്നു. 

ചർമ്മത്തിൽ ചൊറിച്ചിൽ, വായയിലെ അൾസറുകൾ, ഓക്കാനം, വയറിളക്കം എന്നിവയാണ് പ്രധാനമായും കണ്ടെത്തിയ പാർശ്വഫലങ്ങൾ. ഈ മരുന്ന് കാൻസർ ചികിത്സയുടെ ഭാവി മാറ്റിയേക്കാമെന്ന് ഡാനാ ഫാർബറിലെ ഹെയ്ൽ ഫാമിലി പാൻക്രിയാറ്റിക് കാൻസർ റിസർച്ച് സെന്റർ ഡയറക്ടർ ഡോ.ബ്രയാൻ വോൾപിൻ പറഞ്ഞു. ബ്രയാന്റെ നേതൃത്വത്തിലാണ് ദവേഷണം നടത്തിയത്. വലിയ ക്ലിനിക്കൽ ട്രയലുകളിൽ ഇത് ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടാൽ പാൻക്രിയാറ്റിക് ചികിത്സാരംഗത്ത് വലിയ മാറ്റമുണ്ടാക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

പാൻക്രിയാറ്റിക് കാൻസറിന് ഫലപ്രദമായ ചികിത്സകൾ വളരെ കുറവുമാത്രമേ ഉള്ളൂ എന്നതിനാൽ ഇത് വളരെ പ്രധാനമാണെന്നും ബ്രയാൻ പറഞ്ഞു. അവസാനഘട്ട പാൻക്രിയാറ്റിക് കാൻസർ ഉള്ള ഏകദേശം 90% രോഗികളിലും മരുന്ന് ഉപയോഗിച്ചതിനുശേഷം രോഗനിയന്ത്രണമുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തേ പാൻക്രിയാറ്റിക് കാൻസർ ചികിത്സയിൽ മാറ്റമുണ്ടാക്കിയ എൽറാഗ്ലുസിബ് എന്ന മരുന്നും വാർത്തയായിരുന്നു. നേച്ചർ മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ എൽറാഗ്ലുസിബ് പാൻക്രിയാസ് രോഗികളിലെ അതിജീവനനിരക്ക് കൂട്ടുന്നതായി കണ്ടെത്തിയെന്ന് വ്യക്തമാക്കി. അമേരിക്കയിലെ നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റി ഫീൻബെർഗ് മെഡിക്കൽ സ്കൂളിലെ ഗവേഷകരാണ് ആ പഠനത്തിന് പിന്നിൽ. കാൻസർ കോശങ്ങളുടെ വളർച്ചയ്ക്ക് സഹായിക്കുന്ന GSK-3 ബീറ്റ എന്ന പ്രോട്ടീനെതിരെയാണ് എൽറാഗ്ലുസിബ് പ്രവർ‍ത്തിക്കുന്നത്. അവസാനഘട്ട പാൻക്രിയാറ്റിക് കാൻസറിലൂടെ കടന്നുപോകുന്ന 286 രോഗികളെയാണ് പഠനത്തിൽ പങ്കാളികളാക്കിയത്.

പ്രാരംഭഘട്ടത്തിൽ കണ്ടെത്താൻ കഴിയാത്തതിനാൽ ചികിത്സ പരിമിതമായ കാൻസറാണിത്. മറ്റു പല അവയവങ്ങളിലേക്കും വ്യാപിച്ചതിനുശേഷമാവും രോഗസ്ഥിരീകരണം നടത്തുക. അവസാന ഘട്ടങ്ങളിൽ തിരിച്ചറിയുമ്പോൾ രോഗിയുടെ അതിജീവന നിരക്ക് പതിമൂന്ന് ശതമാനമായി കുറയും. കൂടാതെ പാൻക്രിയാറ്റിക് ട്യൂമറുകൾ കട്ടിയുള്ള ഒരു പാളിയാൽ മൂടപ്പെട്ടതാണ്. ഇത് പ്രതിരോധ കോശങ്ങളേയും കീമോതെറാപ്പി മരുന്നുകളേയും പ്രതിരോധിക്കാൻ പ്രാപ്തമാണ്. ഇതുകൊണ്ടാണ് പല കാൻസർ മരുന്നുകളും പാൻക്രിയാറ്റിക് കാൻസറിന് ഫലപ്രദമാകാത്തത്. ‌‌‌

പാൻക്രിയാറ്റിക് കാൻസർ-ശ്രദ്ധവേണം

സൈലന്റ് കില്ലർ എന്ന് വിശേഷിപ്പിക്കുന്ന രോഗങ്ങളിലൊന്നാണിത്. പാൻക്രിയാസിലെ കോശങ്ങളുടെ അമിതവളർച്ച മൂലമുണ്ടാകുന്ന അർബുദമാണിത്. ഭക്ഷണം ദഹിക്കാനുള്ള എൻസൈമുകളെ ഉത്പാദിപ്പിക്കുന്നതും രക്തത്തിലെ ഷുഗർനില നിയന്ത്രിക്കാനുള്ള ഹോർമോൺ ഉത്പാദിപ്പിക്കുന്നതുമൊക്കെ പാൻക്രിയാസ് ആണ്. പാൻക്രിയാറ്റിക് ഡക്റ്റൽ അഡിനോകാർസിനോമയാണ് ഏറ്റവും സാധാരണയായി കണ്ടുവരുന്നത്. പ്രാരംഭഘട്ടങ്ങളിൽ തിരിച്ചറിയപ്പെടാതെ പോകാനുള്ള സാധ്യതയും ഈ അർബുദത്തിൽ കൂടുതലാണ്. അതിനു പ്രധാനകാരണം പാൻക്രിയാറ്റിക് അർബുദം ശരീരത്തിലെ മറ്റ് അവയവങ്ങളിലേക്ക് പടരുന്നതിന് മുമ്പ് ലക്ഷണങ്ങളിൽ പ്രകടമാകില്ല എന്നതാണ്.

ലക്ഷണങ്ങൾ

രോഗം വൈകിയ ഘട്ടങ്ങളിൽ മാത്രമേ പലപ്പോഴും ലക്ഷണങ്ങൾ പ്രകടമാവുകയുള്ളൂ. വയറിന്റെ വശങ്ങളിലോ പുറംഭാഗത്തോ ഉള്ള വേദന, വിശപ്പില്ലായ്മ, വണ്ണം കുറയുക, മഞ്ഞപ്പിത്തം, മൂത്രത്തിന് ഇരുണ്ടനിറം, ചൊറിച്ചിൽ, പ്രമേഹം, കൈയിലോ, കാലിലോ വേദനയും വീക്കവും, അമിതക്ഷീണം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.

Content Highlights: New Pancreatic Cancer Pill Shows Remarkable Results in Clinical Trials