തലേന്നുവച്ച പാസ്ത മൈക്രോവേവ് അവ്നിൽ ചൂടാക്കി ഉപയോഗിച്ചു, പിന്നാലെ ഭക്ഷ്യവിഷബാധ; ഡോക്ടറുടെ കുറിപ്പ്

ബാക്കിയാകുന്ന ഭക്ഷണങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കുകയും അടുത്തദിവസം അതെടുത്ത് ചൂടാക്കി ഉപയോഗിക്കുകയുമൊക്കെ ചെയ്യുന്നത് സാധാരണമാണ്. എന്നാൽ ഫ്രിഡ്ജിൽ സൂക്ഷിക്കാതെ പുറത്തുതന്നെ വച്ച് തൊട്ടടുത്ത ദിവസം ചൂടാക്കിയെടുക്കുന്നവരുമുണ്ട്. അത് കരുതലാേടെ വേണമെന്നു വ്യക്തമാക്കുകയാണ് പ്രിയം ബൊർദൊലോയ് എന്ന ഡോക്ടർ. പാസ്ത മൈക്രോവേവ് അവ്നിൽ വച്ച് വീണ്ടും ചൂടാക്കി ഉപയോഗിച്ച യുവതി രക്തസമ്മർദം താഴ്ന്ന് ആശുപത്രിയിലായ സംഭവത്തേക്കുറിച്ചാണ് കുറിപ്പ്.
എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് പ്രിയം ഇതേക്കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. അടുക്കളയിലെ കൗണ്ടറിൽ രാത്രിയിൽ വച്ച പാസ്ത തൊട്ടടുത്ത ദിവസം മൈക്രോവേവ് അവ്നിൽ വച്ചു ചൂടാക്കിയ യുവതിക്കാണ് ദുരനുഭവമുണ്ടായത്. ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്കുള്ളിൽ ഛർദിക്കുകയും അർധരാത്രിയോടെ ശരീരത്തിലെ ജലാംശം നഷ്ടപ്പെട്ട് രക്തസമ്മർദം അപകടകരമായ രീതിയിൽ താഴുകയുമായിരുന്നു.
രാത്രിയിൽ ഫ്രിഡ്ജിൽ സൂക്ഷിക്കാതെ പുറത്തുവെക്കുന്ന ഭക്ഷണങ്ങളിൽ ബേസിലസ് സിറിയസ് പോലുള്ള ബാക്ടീരിയകൾ പെരുകുകയും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാവുകയും ചെയ്യും. ചോറും പാസ്തയുംപോലുള്ളവ രാത്രി മുഴുവൻ പുറത്തുവെച്ച് മണിക്കൂറുകൾക്കുള്ളിൽ ബാക്ടീരിയ പെരുകുമെന്ന് അദ്ദേഹം പറയുന്നു. ഇതേത്തുടർന്നുള്ള ഭക്ഷ്യവിഷബാധ തീവ്രമായിരിക്കുമെന്നും ഛർദിയുൾപ്പെടെയുള്ളവ മൂലം ശരീരത്തിലെ ജലാംശം പെട്ടെന്ന് നഷ്ടപ്പെടുമെന്നും ഡോക്ടർ പറയുന്നു.
ബേസിലസ് സിറിയസ് ഉത്പാദിപ്പിക്കുന്ന സെറിയുലൈഡ് എന്ന ടോക്സിൻ ചൂടിനെയും അതിജീവിക്കുന്നതാണ്. മൈക്രോവേവിൽ വച്ചു ചൂടാക്കുമ്പോൾ ബാക്ടീരിയ നശിക്കുമെങ്കിലും അതിൽ നിന്നും പുറന്തള്ളപ്പെട്ട ടോക്സിൻ ചൂടിനെ അതിജീവിക്കാനിടയുണ്ട്. ഇതാണ് ഭക്ഷ്യവിഷബാധയ്ക്കു കാരണമാകുന്നതെന്നും ഡോക്ടർ പറയുന്നു.
Content Highlights: Leaving cooked pasta at room temperature promotes Bacillus cereus growth., Cereulide toxins produced by bacteria are heat-resistant and survive microwave heating., Severe food poisoning can lead to dehydration and dangerous drops in blood pressure