ദിവസവും രാവിലെ ബ്രെഡും ഓംലെറ്റും കഴിക്കുന്നത് സുരക്ഷിതമോ?; ചില കാര്യങ്ങൾ അറിയണം

ഒരു ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രഭാതഭക്ഷണമെന്ന് പലരും പറയാറുണ്ട്. അതിന് അതിൻ്റേതായ നല്ല കാരണങ്ങളുമുണ്ട്. രാവിലെ മുഴുവൻ വേണ്ട ഊർജ്ജം, ശ്രദ്ധ, ഉപാപചയ പ്രവർത്തനം എന്നിവയ്‌ക്ക് പ്രഭാതഭക്ഷണം അടിത്തറയിടുന്നു. അതിൽത്തന്നെ, പലരുടേയും പ്രിയപ്പെട്ട പ്രാതലിലൊന്നാണ് ബ്രെഡും ഓംലെറ്റും. എളുപ്പത്തിൽ തയ്യാറാക്കാവുന്നതും, വയറു നിറയ്ക്കുന്നതും രുചികരവുമാണ് ബ്രെഡ്. എന്നാൽ എല്ലാ ദിവസവും ഇതേ പ്രാതൽ കഴിക്കുന്നത് സുരക്ഷിതമാണോ?
സമീകൃതമായ തുടക്കം?
ഓംലെറ്റിൽ ആരോഗ്യകരമായ കൊഴുപ്പുകൾ, വൈറ്റമിൻ ബി12, ഡി പോലുള്ള അവശ്യ വൈറ്റമിൻ എന്നിവ അടങ്ങിയിട്ടുണ്ട്. ബ്രെഡിനൊപ്പം ചേരുന്നതോടെ ശരീരത്തിന് കാർബോഹൈഡ്രേറ്റും ലഭിക്കുന്നു. അതായത്, ഈ രണ്ട് ഭക്ഷണവും ചേരുന്നതോടെ ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, കൊഴുപ്പ് എന്നിവ അടങ്ങിയ സമീകൃതാഹാരം ലഭിക്കുന്നു.
- ഈ ആഹാരത്തിന്റെ ആരോഗ്യഗുണം ബ്രെഡിന്റെ തരത്തെയും ഓംലെറ്റ് ഉണ്ടാക്കുന്ന രീതിയെയും ആശ്രയിച്ചിരിക്കും.
- Whole Grain അല്ലെങ്കിൽ മൾട്ടിഗ്രെയ്ൻ ബ്രെഡിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ സഹായിക്കുകയും വയറു നിറഞ്ഞതായി തോന്നാൻ ഇടയാക്കുകയും ചെയ്യുന്നു.
- വൈറ്റ് ബ്രെഡിൽ (മൈദ) നാരുകൾ കുറവാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർധിക്കാൻ കാരണമായേക്കാം.
- ഓംലെറ്റ് ഉണ്ടാക്കുന്നതിന് അമിതമായി എണ്ണയോ വെണ്ണയോ ഉപയോഗിക്കുന്നത് കൊഴുപ്പ് വർധിപ്പിക്കുന്നു.
- അമിതമായ എണ്ണ, ചീസ് എന്നിവ ഭക്ഷണത്തെ ദഹിക്കാൻ പ്രയാസമുള്ളതാക്കും.
- പഴങ്ങളും പച്ചക്കറികളും അടങ്ങിയിട്ടില്ലാത്തതിനാൽ എന്നും ഇത് കഴിക്കുന്നത് പോഷകക്കുറവിന് കാരണമായേക്കും
ഉപാപചയ പ്രവർത്തനങ്ങൾക്കായി പ്രോട്ടീൻ
പ്രോട്ടീന്റെ ഏറ്റവും മികച്ച ഉറവിടങ്ങളിലൊന്നാണ് മുട്ട. രാവിലെ മുട്ട കഴിക്കുന്നത് ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കും. മുട്ടയിലെ അമിനോ ആസിഡുകൾ മുടി, നഖം, ചർമം എന്നിവയുടെ ആരോഗ്യം നിലനിർത്തുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു.
- ആരോഗ്യഗുണങ്ങൾ കഴിക്കുന്ന അളവിനെ ആശ്രയിച്ചിരിക്കുന്നു.
- കൊളസ്ട്രോൾ പ്രശ്നങ്ങളുള്ള ആളുകൾക്ക് അമിതമായി മുട്ട കഴിക്കുന്നത് ഉചിതമായിരിക്കില്ല.
ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
പാക്കറ്റുകളിൽ വരുന്ന മിക്ക ബ്രെഡുകളിലും പ്രിസർവേറ്റീവുകൾ, മധുരം, ഉയർന്ന അളവിലുള്ള സോഡിയം എന്നിവ അടങ്ങിയിട്ടുണ്ട്. ബ്രെഡ് കൂടുതൽ കാലം കേടുകൂടാതെ സൂക്ഷിക്കുന്നതിനാണ് ഈ ചേരുവകൾ ചേർക്കുന്നത്. ഇത്തരത്തിലുള്ള ബ്രെഡ് പതിവായി കഴിക്കുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കും. അതിനാൽ, പുതുതായി ബേക്ക് ചെയ്ത whole-wheat ബ്രെഡോ sourdough ബ്രെഡോ തിരഞ്ഞെടുക്കുന്നതാണ് ഉചിതം.
സമയത്തിനുമുണ്ട് പ്രാധാന്യം
പ്രഭാതഭക്ഷണമായി ബ്രെഡും ഓംലറ്റും കഴിക്കുന്നത് നല്ലതാണ്. എന്നാൽ, അത് ശരിയായ സമയത്തും മിതമായ അളവിലും കഴിക്കണം. ഉണർന്ന് രണ്ട് മണിക്കൂറിനുള്ളിൽ പ്രഭാതഭക്ഷണം കഴിക്കുന്നതാണ് ഉചിതം. ഈ ഭക്ഷണത്തോടൊപ്പം പച്ചക്കറികൾ കൂടി ഉൾപ്പെടുത്തുന്നതും നന്നാകും. കൂടാതെ, പലപ്പോഴും നാം ശ്രദ്ധിക്കാതെ പോകുന്ന കാര്യമാണ് ജലാംശം. മുട്ടയിലും ബ്രെഡിലും ജലാംശം കുറവാണ്. ഭക്ഷണം കഴിക്കുന്നതിന് മുൻപ് ഗ്ലാസ് വെള്ളമോ നാരങ്ങാവെള്ളമോ കുടിക്കുന്നത് ശീലമാക്കാം.
(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണ്ണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)
Content Highlights: Is daily bread and omelette breakfast safe? Understand the nutritional aspects, potential downsides of white bread, excessive oil, and how to make it a healthier choice. Find out here!