സങ്കീർണ ഹൃദയധമനി ചികിത്സയിൽ കൃത്യമായ തീരുമാനങ്ങളുടെ പ്രാധാന്യം ചർച്ച ചെയ്ത് സിവിആർഎസ് കോൺക്ലേവ്

തിരുവനന്തപുരം: സങ്കീർണ ഹൃദയധമനി രോഗങ്ങളുടെ ചികിത്സയിൽ കൃത്യമായ ക്ലിനിക്കൽ തീരുമാനങ്ങളും സൂക്ഷ്മമായ ചികിത്സാ ആസൂത്രണവും പഠനവിഷയമാക്കുന്ന സി.വി.ആർ.എസ് കോംപ്ലക്സ് കൊറോണറി കോൺക്ലേവ് 2026 തിരുവനന്തപുരത്തെ ലെമൺ ട്രീ പ്രീമിയർ ഹോട്ടലിൽ ആരംഭിച്ചു. കാർഡിയോവാസ്കുലർ റിസർച്ച് സൊസൈറ്റി (സി.വി.ആർ.എസ്) സംഘടിപ്പിക്കുന്ന ദ്വിദിന ശാസ്ത്രസമ്മേളനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റുകൾ പങ്കെടുക്കുന്നുണ്ട്. സങ്കീർണ കൊറോണറി ഇടപെടലുകൾക്കിടയിൽ നേരിടുന്ന വെല്ലുവിളികളും അവയ്ക്കുള്ള പ്രായോഗിക പരിഹാരങ്ങളുമാണ് സമ്മേളനത്തിലെ പ്രധാന ചർച്ചാവിഷയങ്ങൾ.
സി.വി.ആർ.എസ് പ്രസിഡന്റ് ഡോ. പി. പി. മോഹനൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സയൻ്റിഫിക് കമ്മിറ്റി ചെയർമാൻ ഡോ. കരുണദാസ് സി. പി.,സയൻ്റിഫിക് കമ്മിറ്റി കോ-ചെയർമാൻ ഡോ. സിബു മാത്യു, കോഴ്സ് ഡയറക്ടർമാരായ ഡോ. മഹേഷ് കുമാർ എൻ., ഡോ. ജാബിർ എ, ഡോ. അനിൽ ബാലചന്ദ്രൻ, ഡോ. അരുൺ ഗോപി, ഡോ. ജിമ്മി ജോർജ്, ഡോ. പ്രവീൺ ജി. കെ. എന്നിവർ സംസാരിച്ചു.
ആധുനിക ഇന്റർവെൻഷണൽ കാർഡിയോളജിയിൽ സാങ്കേതിക മികവിനൊപ്പം ശരിയായ സമയത്ത് ശരിയായ ചികിത്സാ തീരുമാനം എടുക്കാനുള്ള കഴിവും നിർണായകമാണെന്ന് കോഴ്സ് ഡയറക്ടർ ഡോ. ജാബിർ എ. പറഞ്ഞു. രോഗിയുടെ ചികിത്സാഫലത്തെ നേരിട്ട് സ്വാധീനിക്കുന്ന നിരവധി നിർണായക തീരുമാനങ്ങൾ ഓരോ സങ്കീർണ കൊറോണറി നടപടിക്രമങ്ങളിലുമുണ്ട്. യഥാർഥ ചികിത്സാ അനുഭവങ്ങൾ, വിദഗ്ധരുടെ അറിവ്, എന്നിവയിലൂടെ പ്രയാസകരമായ സാഹചര്യങ്ങളെ നേരിടാനുള്ള ശേഷി കൂടുതൽ മെച്ചപ്പെടുത്തുകയാണ് കോൺക്ലേവിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
വിജയകരമായ ചികിത്സാ നടപടികൾ അവതരിപ്പിക്കുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല ഈ ശാസ്ത്രസമ്മേളനമെന്ന് സി.വി.ആർ.എസ് പ്രസിഡന്റ് ഡോ. പി. പി. മോഹനൻ പറഞ്ഞു. കാത്തറ്ററൈസേഷൻ ലബോറട്ടറികളിൽ നേരിടുന്ന യഥാർഥ വെല്ലുവിളികളും അവയെ ഫലപ്രദമായി കൈകാര്യം ചെയ്യുന്ന രീതികളുമാണ് പ്രധാനമായും ചർച്ച ചെയ്യുന്നത്. ചികിത്സയ്ക്കിടെയുണ്ടാകുന്ന സങ്കീർണതകൾ എങ്ങനെ തടയാം, അവ നേരത്തേ തിരിച്ചറിഞ്ഞ് ഫലപ്രദമായി ഏങ്ങനെ കൈകാര്യം ചെയ്യാം എന്നിവ സംബന്ധിച്ച തുറന്ന ചർച്ചകൾ രോഗസുരക്ഷയും ചികിത്സയുടെ വിജയനിരക്കും ഉയർത്താൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇടത് മെയിൻ കൊറോണറി ഇടപെടലുകൾ, ബൈഫർക്കേഷൻ പി.സി.ഐ., പ്രൈമറി ആൻജിയോപ്ലാസ്റ്റി, കാൽസിഫൈഡ് കൊറോണറി രോഗങ്ങൾ, സങ്കീർണ കൊറോണറി ഘടനകൾ, ചികിത്സയ്ക്കിടെയുണ്ടാകുന്ന സങ്കീർണതകളുടെ മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങളിൽ ശാസ്ത്ര സെഷനുകൾ നടക്കും. ഇൻട്രാവാസ്കുലാർ ഇമേജിംഗ്, ഐ.വി.യു.എസ്., ഒ.സി.ടി., റോട്ടേഷണൽ അഥെറെക്ടമി, ഇൻട്രാവാസ്കുലാർ ലിത്തോട്രിപ്സി, ഡ്രഗ് കോട്ടഡ് ബലൂണുകൾ, സങ്കീർണ സ്റ്റന്റിങ് സാങ്കേതികവിദ്യകൾ, ദുഷ്കരമായ കൊറോണറി ഇടപെടലുകൾക്കുള്ള പ്രായോഗിക പരിഹാരങ്ങൾ എന്നിവയെക്കുറിച്ചും വിദഗ്ധർ പ്രഭാഷണങ്ങൾ, സംവാദങ്ങൾ, കേസ് അവതരണങ്ങൾ എന്നിവയിലൂടെ വിശദീകരിക്കും. സമ്മേളനം ഞായറാഴ്ച സമാപിക്കും.
Content Highlights: The CVRS Complex Coronary Conclave 2026, a prestigious two-day national scientific summit hosted by the Cardiovascular Research Society (CVRS), officially commenced at the Lemon Tree Premier Hotel in Thiruvananthapuram. Bringing together leading interventional cardiologists from across India, the conclave serves as a premium platform to break down complex clinical decision-making, advanced treatment planning, and practical solutions for high-risk coronary artery diseases.