ചൈനയിലെ സ്ഥിതി അസാധാരണമല്ല, നിലവിലെ രോഗികളുടെ വർധനവിന് പിന്നിൽ പുതിയ വൈറസുകളല്ല-ആരോഗ്യമന്ത്രാലയം

Representative Image| Photo: Canva.com
Representative Image| Photo: Canva.com

ന്യൂഡൽഹി: ചൈനയിൽ അതിവേ​ഗം ഹ്യൂമൻമെറ്റാന്യൂമോവൈറസ് പടരുന്ന സാഹചര്യത്തിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര ആരോ​ഗ്യമന്ത്രാലയം. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ചൈനയിൽ എച്ച്.എം.പി.വി.
രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ ആരോ​ഗ്യമന്ത്രാലയം ശനിയാഴ്ച സംയുക്തയോ​ഗം വിളിച്ചുചേർത്തിരുന്നു. തുടർന്ന് പുറത്തുവിട്ട പ്രസ്താവനയിലാണ് സ്ഥിതി​ഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ലോകാരോ​ഗ്യസംഘടനയോട് സമയബന്ധിതമായി വിവരങ്ങൾ കൈമാറാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കിയത്.

സർക്കാർ സ്ഥിതി​ഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. സമയബന്ധിതമായി വിവരങ്ങൾ കൈമാറാൻ ലോകാരോ​ഗ്യസംഘടനയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോൾ ചൈനയിൽ നിന്ന് പുറത്തുവരുന്ന വിവരങ്ങളനുസരിച്ച് സ്ഥിതി അസാധാരണമായി കണക്കാക്കാനാവില്ല. നിലവിലെ രോ​ഗികളുടെ നിരക്കിന് പിന്നിൽ ഇൻഫ്ലുവൻസ വൈറസ്, ആർ.എസ്.വി., എച്ച്.എം.പി.വി. തുടങ്ങിയവയാണ്. സീസണലായി കണ്ടുവരുന്ന സാധാരണ രോ​ഗകാരികൾ തന്നെയാണ് ഇവയുടെ വർധനവിന് പിന്നിൽ- പ്രസ്താവനയിൽ പറയുന്നു.

ഇന്ത്യയുൾപ്പെടെ ആ​ഗോളതലത്തിൽ ഇതിനകം പ്രചാരത്തിലുള്ള വൈറസുകളാണ് ഇവയെന്നും പ്രസ്താവനയിലുണ്ട്. ഇൻഫ്ലുവൻസ രോ​ഗങ്ങൾ, ശ്വാസകോശസംബന്ധമായ രോ​ഗങ്ങൾ തുടങ്ങിയവ ഐ.സി.എം.ആർ., ഐ.ഡി.എസ്.പി. എന്നിവയ്ക്ക് കീഴിൽ ഇതിനകം പരിശോധിക്കുന്നുണ്ട്. ഇവയിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ പ്രകാരം മേൽപ്പറഞ്ഞ രോ​ഗികളുടെ നിരക്കിൽ ക്രമാതീതമായ വർധനവ് ഇതുവരെയും രേഖപ്പെടുത്തിയിട്ടില്ലെന്നും ആരോ​ഗ്യവകുപ്പ് വ്യക്തമാക്കുന്നു. 

അഡിനോവൈറസ്, ആർ.എസ്.വി., എച്ച്.എം.പി.വി. എന്നിവയ്ക്കുള്ള പരിശോധനകളും ഐ.സി.എം.ആർ. നടത്തുന്നുണ്ട്. ഇവയിലും നിലവിൽ വർധനവ് രേഖപ്പെടുത്തിയിട്ടില്ല. എങ്കിലും മുൻകരുതൽ നടപടികളുടെ ഭാ​ഗമായി പരിശോധനകൾ കൂട്ടുന്നതിനായി ലബോറട്ടറികളിൽ കൂടുതൽ സൗകര്യമൊരുക്കുകയും വർഷംമുഴുവൻ എച്ച്.എം.പി.വി.യുടെ നിരക്ക് നിരീക്ഷിക്കുകയും ചെയ്യും. രാജ്യത്തെ ആരോ​ഗ്യസംവിധാനം ഏതുസാഹചര്യത്തേയും നേരിടാൻ സജ്ജമാണെന്നും നിരീക്ഷണം ശക്തമായി തുടരുന്നുണ്ടെന്നും പ്രസ്താവനയിലുണ്ട്. 

ഡി.ജി.എച്ച്.എസ്., ആരോ​ഗ്യ-കുടുംബക്ഷേമ മന്ത്രാലയം, ലോകാരോ​ഗ്യസംഘടനയിലെ വിദ​ഗ്ധർ, ദുരന്തനിവാരണ അതോറിറ്റി, നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, എയിംസ് ഉൾപ്പെടെയുള്ള വിവിധ ആശുപത്രികൾ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് സംയുക്തയോ​ഗത്തിൽ പങ്കെടുത്തത്. 

അതിനിടെ എച്ച്.എം.പി.വി. പടരുന്ന സാഹചര്യത്തിൽ ആശങ്കയുടെ ആവശ്യമില്ലെന്ന്  ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് (ഡിജിഎച്ച്എസ്) ഡോക്ടര്‍ അതുല്‍ ഗോയല്‍ കഴിഞ്ഞദിവസം വ്യക്തമാക്കി.  ജലദോഷത്തിന് കാരണമാകുന്ന ഒരു സാധാരണ ശ്വസനപ്രശ്‌നം മാത്രമാണിതെന്ന്‌ അദ്ദേഹം പറഞ്ഞു. ശ്വാസകോശ സംബന്ധമായ അണുബാധകള്‍ക്കെതിരെ സാധാരണ എടുക്കാറുള്ള പൊതുവായ മുന്‍കരുതലുകള്‍ സ്വീകരിക്കാനും ഡോ.അതുല്‍ ഗോയല്‍ നിര്‍ദേശിച്ചു. ഇപ്പോഴത്തെ സാഹചര്യത്തില്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

എന്താണ് ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ്?

ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്ന ഒരു വൈറസാണ് ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് (Human metapneumovirsu). 2001-ല്‍ ആദ്യമായി തിരിച്ചറിഞ്ഞ ഇത് ന്യൂമോവിരിഡേ (Pneumoviridae) ഗണത്തില്‍പ്പെട്ട വൈറസാണ്. ശ്വാസകോശ അണുബാധകള്‍ക്ക് കാരണമാകുന്ന ഇത് ജലദോഷം അല്ലെങ്കില്‍ പനി പോലുള്ള ലക്ഷണങ്ങളാണ് കാണിക്കുന്നത്. എല്ലാ പ്രായത്തിലുമുള്ള വ്യക്തികളെയും ബാധിക്കുമെങ്കിലും അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളിലും നവജാതശിശുക്കളിലും ഇത് ഗുരുതരമാകാം. പ്രായമായവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരേയും ഇത് കൂടുതലായി ബാധിക്കാം. 

സാധാരണയായി ജലദോഷത്തിന് സമാനമായ ലക്ഷണങ്ങള്‍ ഉണ്ടാക്കുന്ന ഒരു വൈറസാണ് ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ്. കടുത്ത ചുമ, മൂക്കൊലിപ്പ്, അടഞ്ഞ മൂക്ക്, പനി, തൊണ്ടവേദന എന്നിവയാണ് സാധാരണ രോഗലക്ഷണങ്ങള്‍. എന്നാല്‍ അസുഖം മൂര്‍ച്ഛിച്ചാല്‍ ശ്വാസം മുട്ടലും ശ്വാസതടസവും പോലുള്ള ബുദ്ധിമുട്ടുകളും കാണിക്കാം. ചില സന്ദര്‍ഭങ്ങളില്‍, അണുബാധ ബ്രോങ്കൈറ്റിസ്, ന്യുമോണിയ, ആസ്ത്മ പോലുള്ള സങ്കീര്‍ണതകളിലേക്ക് നയിച്ചേക്കാം.

പടരുന്നതെങ്ങനെ, ചികിത്സ എന്ത്? 

രോഗം ബാധിച്ചവരുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയോ വൈറസ് ബാധിച്ച വസ്തുക്കളില്‍ സ്പര്‍ശിക്കുന്നതിലൂടെയോ രോഗം പടരുന്നു. രോഗം ബാധിച്ചവര്‍ ചുമയ്ക്കുകയോ തുമ്മുകയോ വഴി രോഗം പടരാം. സ്പര്‍ശനം പോലുള്ള അടുത്ത ശാരീരിക ബന്ധവും രോഗപ്പകര്‍ച്ചയ്ക്ക് കാരണമാകും. വൈറസിന്റെ സാന്നിധ്യമുള്ള പ്രതലത്തില്‍ സ്പര്‍ശിച്ച ശേഷം വായിലോ മൂക്കിലോ കണ്ണിലോ സ്പര്‍ശിക്കുന്നതും രോഗബാധയുണ്ടാക്കാം. എച്ച്എംപിവിയുടെ ഇന്‍കുബേഷന്‍ കാലയളവ് സാധാരണയായി മൂന്ന് മുതല്‍ ആറ് ദിവസം വരെയാണ്. ഇത് ട്രോപ്പിക്കൽ പ്രദേശങ്ങളിൽ ശൈത്യകാലത്തിന്റെ അവസാനത്തിലും വസന്തകാലത്തും പ്രചരിക്കുന്നു.

കുറഞ്ഞത് 20 സെക്കന്‍ഡെങ്കിലും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടെ കഴുകുക, കഴുകാത്ത കൈകള്‍ കൊണ്ട് മുഖത്ത് തൊടുന്നത് ഒഴിവാക്കുക, തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുക എന്നിവയാണ് ഫലപ്രദമായ പ്രതിരോധ മാര്‍ഗങ്ങള്‍. നിലവില്‍ ഹ്യൂമന്‍ മെറ്റാന്യൂമോവൈറസിന് പ്രത്യേക ചികിത്സയോ വാക്‌സിനോ ലഭ്യമല്ലെന്നും വിദഗ്ധര്‍ പറയുന്നു. രോഗലക്ഷണങ്ങള്‍ കുറയ്ക്കുക മാത്രമാണ് ചെയ്യാന്‍ സാധിക്കുക. ഇതിന് വിശ്രമം അത്യാവശ്യമാണ്. ഒപ്പം പനിയും ശ്വാസംമുട്ടലും വേദനയും കുറയ്ക്കാനുള്ള മരുന്നുകള്‍ ഉപയോഗിക്കാം. ഗുരുതര കേസുകളില്‍ ആശുപത്രി പ്രവേശനം ആവശ്യമായി വന്നേക്കാം.
 

Content Highlights: No Unusual Surge In Influenza-Like Cases, Says India Amid China HMPV Spread