കുട്ടികളിലെ കാൻസർ; പ്രാരംഭഘട്ടത്തിൽ തിരിച്ചറിയേണ്ടത് അത്യാവശ്യം, ഈ 7 കാര്യങ്ങൾ ശ്രദ്ധിക്കണം

പ്രതീകാത്മക ചിത്രം | Photo: Meta AI
പ്രതീകാത്മക ചിത്രം | Photo: Meta AI

പ്രായഭേദമന്യേ എല്ലാവരിലും ബാധിക്കാവുന്ന രോഗമാണ് ക്യാൻസർ. പീഡിയാട്രിക് ക്യാൻസർ താരതമ്യേന അപൂർവമാണെങ്കിലും ഇതൊരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നമായി ഇന്നും തുടരുന്നു. എന്നാൽ, പ്രാരംഭഘട്ടത്തിൽ തന്നെ കുട്ടികളിലെ കാൻസർ തിരിച്ചറിയാൻ സാധിച്ചാൽ നമുക്ക് അവരുടെ ജീവൻ രക്ഷിക്കാനാകും. കുട്ടികളിലെ ചില രോ​ഗലക്ഷണങ്ങൾ കാൻസറിന്റെ ലക്ഷണങ്ങളായേക്കാമെന്ന് പറയുകയാണ് നിയോനാറ്റോളജി ആൻഡ് പീഡിയാട്രിക്സ് വി​ദ​ഗ്ധനായ ഡോ. കുശാൽ അഗർവാൾ. വിഷയത്തിൽ, ഹിന്ദുസ്ഥാൻ ടൈംസിനോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. 

1. തുടർച്ചയായ പനി
കുട്ടികളിലെ കാൻസറിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളിലൊന്നാണ് ചികിത്സയോട് പ്രതികരിക്കാത്ത പതിവിലും കൂടുതൽ നീണ്ടുനിൽക്കുന്ന പനി. ആവർത്തിച്ചുള്ള അണുബാധയും വർധിച്ചുവരുന്ന ക്ഷീണവും  കുട്ടിക്ക് അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉടൻ തന്നെ വിദ​ഗ്ധ ചികിത്സ തേടേണ്ടതുണ്ട്. 

2. ശരീരത്തിലുണ്ടാകുന്ന ചതവുകൾ, രക്തസ്രാവം
കുട്ടികൾ കളിക്കുമ്പോൾ വീണ് പരിക്കേൽക്കുന്നത് സാധാരണ സംഭവമാണ്. എന്നാൽ, വ്യക്തമായ കാരണങ്ങളില്ലാതെ കുട്ടിയുടെ ദേഹത്തുണ്ടാകുന്ന ചെറിയ ചുവപ്പ്/പർപ്പിൾ പാടുകൾ കാൻസറിന്റെ ലക്ഷണങ്ങളാകാൻ സാധ്യതയുണ്ട്. പലപ്പോഴും, രക്താർബുദം പോലുള്ള കാൻസർ രോ​ഗങ്ങളുടെ ലക്ഷണമാണിത് എന്നാണ് വിദ​ഗ്ധർ പറയുന്നത്. 

3. ശരീരത്തിലെ വീക്കവും മുഴകളും
ശരീരത്തിൽ ഏതെങ്കിലും രീതിയിലുള്ള മുഴയോ വീക്കമോ ഉണ്ടെങ്കിൽ പരിശോധിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് കഴുത്ത്, നെഞ്ച്, ഇടുപ്പ് എന്നിവിടങ്ങളിൽ വളരുകയോ നിലനിൽക്കുകയോ ചെയ്യുന്ന മുഴകളുണ്ടെങ്കിൽ ഉടൻ തന്നെ ചികിത്സ തേടേണ്ടതുണ്ട്. വേദന ഇല്ലെങ്കിൽക്കൂടെ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണം. വയറിലെ മുഴകൾ വിൽംസ് ട്യൂമർ പോലുള്ള രോ​ഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. 

4. അസ്ഥി വേദന
കാലുകളിലോ കൈകളിലോ സ്ഥിരമായി വേദനിക്കുന്നുവെന്ന് കുട്ടി പറയുന്നുണ്ടെങ്കിൽ തീർച്ചയായും ഒരു ഡോക്ടറുടെ സഹായം തേടേണ്ടതുണ്ട്. ഇത്തരം വേദനകൾ ഓസ്റ്റിയോസാർക്കോമ, ഇവിംഗ് സാർക്കോമ എന്നീ രോ​ഗാവസ്ഥയാകാൻ സാധ്യതയുണ്ട്. 

5. തലവേദന, ആവർത്തിച്ചുള്ള ഛർദി
രാവിലെ എഴുന്നേൽക്കുമ്പോൾ തലവേദനയോ, ഛർദിയോ ഉണ്ടാകുന്നത് കാൻസറിന്റെ ലക്ഷണങ്ങളാകാം. തലച്ചോറിൽ പ്രഷർ കൂടുന്നതിന്റെ ലക്ഷണമാകാം ഇതെന്നാണ് വിദ​ഗ്ധർ പറയുന്നത്. ബാലൻസിങ് പ്രശ്നങ്ങൾ, കണ്ണിന്റെ ചലനവുമായി ബന്ധപ്പെട്ട വിഷയം എന്നിങ്ങനെ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിലും അടിയന്തര സഹായം തേടണം. 

6. കാഴ്ചയിലുണ്ടാകുന്ന മാറ്റങ്ങൾ
പെട്ടെന്ന് കാഴ്ച നഷ്ടപ്പെടുക, കണ്ണ് പുറത്തോട്ട് തള്ളുക(proptosis) എന്നിങ്ങനെയുള്ള ലക്ഷണങ്ങൾ ഒരുപക്ഷേ റെറ്റിനോബ്ലാസ്റ്റോമ ആയിരിക്കാം. 

7. പെട്ടെന്ന് ശരീരത്തിന്റെ ഭാരം കുറയുന്നത്
വളരെ പെട്ടെന്ന് കുട്ടികളുടെ ശരീരഭാരം കുറയുകയും അവർ ഭക്ഷണം കഴിക്കാൻ വിസ്സമ്മതിക്കുകയും ചെയ്യുന്നത് ശ്രദ്ധിക്കണം. രാത്രി വിയർക്കുന്നതും ശരീരഭാരം പെട്ടെന്ന് കുറയുന്നതും ലിംഫോമയുടെ ലക്ഷണങ്ങളാകാം. 

Content Highlights: Childhood Cancer Warning Signs: Early Detection is Key