സ്ത്രീകളുടെ മാനസികാവസ്ഥ തിരിച്ചറിഞ്ഞ് അവരെ ചേർത്തുപിടിക്കാം; കുറിപ്പുമായി ഛവി മിത്തൽ

ഛവി മിത്തൽ | Photos: instagram.com/chhavihussein/?hl=en
ഛവി മിത്തൽ | Photos: instagram.com/chhavihussein/?hl=en

കാൻസർ അതിജീവനത്തെക്കുറിച്ച് നിരന്തരം തുറന്നുപറയാറുള്ളയാളാണ് ബോളിവു‍ഡ് നടി ഛവി മിത്തൽ. ഇത്തവണ സ്ത്രീകളുടെ മാനസികാരോ​ഗ്യം സംബന്ധിച്ച് ഛവി പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. സ്ത്രീകളുടെ വ്യത്യസ്ത മാനസികാവസ്ഥകളെക്കുറിച്ചാണ് ഛവി കുറിച്ചിരിക്കുന്നത്. 

ഇത് എല്ലാ പുരുഷന്മാർക്കും വേണ്ടിയുള്ള പോസ്റ്റാണ് എന്നുപറഞ്ഞാണ് ഛവി ഇൻസ്റ്റ​ഗ്രാമിൽ കുറിപ്പ് പങ്കുവെച്ചത്. തന്റെ വിവിധ മാനസികാവസ്ഥയിലുള്ള ചിത്രങ്ങളും കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. മാസത്തിന്റെ ഏതുസമയമാണോ എന്നതിന് അനുസരിച്ച് ഹോർമോൺ വ്യതിയാനങ്ങൾ സംഭവിക്കുകയും അതിനനുസരിച്ച് മാനസികാവസ്ഥ മാറുകയും ചെയ്യുന്നവരാണ് സ്ത്രീകൾ എന്നു പറയുകയാണ് ഛവി.

സ്ത്രീകൾ വളരെയധികം വൈകാരികമാവുന്നവരും പെട്ടെന്ന് അസ്വസ്ഥപ്പെടുന്നവരും അതുപോലെ തന്നെ സ്നേഹിക്കുകയും ചെയ്യുന്നവരാണെന്ന് ഛവി പറയുന്നു. ജോലിസ്ഥലങ്ങളിലെ മോശം ദിവസങ്ങളും കുട്ടികളുടെ വാശിയും ട്രാഫിക്കും തുടങ്ങി അവ വഷളാക്കുന്ന ഘടകങ്ങളുണ്ട്. പക്ഷേ തനിക്കറിയുന്ന സ്ത്രീകളിലേറെയും ആ സമയത്തെ മാനസികാവസ്ഥ നിയന്ത്രിക്കാൻ ശ്രമിക്കുന്നവരുമാണ്. കാരണം ഇതുമൂലം  തങ്ങളെ മുൻവിധിയോടെ കാണുകയോ കളിയാക്കപ്പെടുകയോ ഒക്കെ ചെയ്യുന്നതുകൊണ്ട്. പലപ്പോഴും ഇത് അവസാനത്തോടെ കൂടുതൽ വൈകാരികമാക്കുകയും എന്നാൽ എന്തിനാണ് അങ്ങനെ തോന്നിച്ചതെന്ന് പോലും കരുതുന്ന അവസ്ഥയിലെത്തുമെന്നും ഛവി പറയുന്നു. എന്തിനാണ് കരയുന്നതെന്നും എന്തിനാണ് ഇത്ര വികാരാധീനരാവുന്നതെന്നും ചിന്തിക്കുമെന്നും പറയുകയാണ് ഛവി. 

സ്ത്രീകൾ യഥാർഥത്തിൽ കരുത്തരായ വ്യക്തിത്വങ്ങളാണെന്നും കൊടുങ്കാറ്റിനെപ്പോലും ശാന്തതയോടെ നേരിടുന്നവരാണെന്നും ഛവി കുറിക്കുന്നു. പക്ഷേ തങ്ങൾ വൈകാരികാവസ്ഥയിലൂടെ കടന്നുപോകുമ്പോൾ വീണ്ടും കരുത്തരാകുന്നതുവരെ പങ്കാളികൾ മുദുവായി പെരുമാറുകയാണ് വേണ്ടതെന്നും ഛവി പറയുന്നു. 

രോ​ഗം സ്ഥിരീകരിക്കപ്പെട്ടതും സർജറിയും തുടർന്നുള്ള ചികിത്സാകാലവുമൊക്കെ ഛവി മുമ്പ് സാമൂഹിക മാധ്യമത്തിലൂടെ പങ്കുവെച്ചിട്ടുണ്ട്. രോ​ഗത്തെ സധൈര്യം നേരിടാനുള്ള പ്രചോദനാത്മകമായ വീഡിയോകളാണ്  ഏറെയും. സാമൂഹിക മാധ്യമത്തിൽ നിരന്തരം കാൻസർ അതിജീവന യാത്രയെ കുറിച്ച് സംസാരിക്കുന്നതിന് പിന്നിലുള്ള കാരണം ഛവി നേരത്തെ പറഞ്ഞിട്ടുണ്ട്. സാമൂഹിക മാധ്യമത്തിൽ സജീവമായുള്ള ആളെന്ന നിലയ്ക്ക് സന്തോഷങ്ങൾ പങ്കുവെക്കുന്നതു പോലെ തന്നെയാണ് വിഷമഘട്ടങ്ങളും പങ്കുവെക്കുന്നത്. താൻ അവ പറഞ്ഞുതുടങ്ങിയതിനുശേഷം നിരവധി പേരാണ് തങ്ങളുടെ കാൻസർ യാത്രകളെ കുറിച്ച് സംസാരിച്ചതെന്നും അത് തന്നെ വീണ്ടും പ്രചോദിപ്പിക്കുകയായിരുന്നു എന്നും ഛവി പറഞ്ഞിരുന്നു. 

ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെ നെഞ്ചിലേറ്റ പരിക്കിനെ തുടര്‍ന്ന് ഡോക്ടറെ കാണാൻ പോയപ്പോഴാണ് സ്തനത്തിൽ മുഴകളുള്ള കാര്യം ഛവി തിരിച്ചറിഞ്ഞത്. തുടർന്ന് നടത്തിയ ബയോപ്സിയിൽ മുഴ കാൻസറാണെന്ന് തിരിച്ചറിഞ്ഞു. ജിമ്മിലേക്കുള്ള യാത്രകളാണ്‌ തന്റെ ജീവിതം രക്ഷിച്ചതെന്നും ഛവി മുമ്പ് പറഞ്ഞിരുന്നു. മാമോ​ഗ്രാമുകൾ ഉൾപ്പെടെ കൃത്യമായ പരിശോധനകൾ നടത്തി സ്തനാർബു​ദത്തെ പ്രതിരോധിക്കണമെന്നും ശരീരത്തിൽ മുഴകൾ കണ്ടെത്തിയാൽ ഒരിക്കലും അവയെ അവ​ഗണിക്കരുതെന്നും ഛവി പറഞ്ഞിരുന്നു.

Content Highlights: Chhavi Mittal about the mental health women