സെലിന്റെ രോഗത്തിനുള്ള ചികിത്സ കണ്ടെത്താനായിട്ടില്ല, പ്രതീക്ഷ കൈവിടുന്നില്ല- സഹോദരി

അടുത്തിടെയാണ് കനേഡിയൻ ഗായികയായ സെലിൻ മേരി ഡിയോൺ സ്റ്റിഫ് പേഴ്സൺ സിൻഡ്രോം എന്ന രോഗാവസ്ഥയിലൂടെ കടന്നുപോകുന്നതിനെക്കുറിച്ച് തുറന്നുപറഞ്ഞത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വൈകാരികമായ ഒരു വീഡിയോയിലൂടെയാണ് സെലിന്‍ രോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. വളരെ അപൂര്‍വമായ ന്യൂറോളജിക്കല്‍ ഡിസോര്‍ഡറായ സ്റ്റിഫ് പേഴ്‌സണ്‍ സിൻഡ്രോം എന്ന അവസ്ഥയാണ് തനിക്കെന്നും പത്തുലക്ഷത്തിലൊരാള്‍ക്ക് ബാധിക്കാവുന്ന രോഗമാണിതെന്നുമാണ് സെലിൻ പറഞ്ഞത്. ഇപ്പോഴിതാ സെലിന്റെ അതിജീവനത്തെക്കുറിച്ചും മറ്റും പങ്കുവെച്ചിരിക്കുകയാണ് സഹോദരി ക്ലൗഡിറ്റ് ഡിയോൺ.
സെലിന്റെ രോഗത്തിന് അനുയോജ്യമായ ഒരു ചികിത്സ തങ്ങൾക്ക് ഇനിയും കണ്ടെത്താനായിട്ടില്ലെന്നും എങ്കിലും പ്രതീക്ഷ ഇപ്പോഴും കൈവിട്ടിട്ടില്ലെന്നും ക്ലൗഡിറ്റ് പറഞ്ഞു. തന്നെക്കൊണ്ടാവും വിധം ആ രംഗത്തെ വിദഗ്ധരെ തിരഞ്ഞുപിടിച്ച് അതിജീവനത്തിനായി പരിശ്രമിക്കുകയാണ് സെലിൻ എന്നും ക്ലൗഡിറ്റ് പറഞ്ഞു.
എല്ലാവരെയും വളരെയധികം മിസ് ചെയ്യുന്നുണ്ടെന്നും നടക്കാനോ താന്‍ ഇതുവരെ പാടിയിരുന്നതുപോലെ പാടാനോ കഴിയാത്ത വിധം രോഗം തന്നെ തളര്‍ത്തുന്നുണ്ടെന്നും ഇപ്പോള്‍ ആരോഗ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ മാത്രമേ രോഗത്തെ അതിജീവിക്കാന്‍ കഴിയൂ എന്നും സെലിന്‍ നേരത്തേ പറഞ്ഞിരുന്നു.
എന്താണ് സ്റ്റിഫ് പേഴ്‌സണ്‍ സിൻഡ്രോം?
അപൂര്‍വമായി കാണപ്പെടുന്ന ഓട്ടോഇമ്മ്യൂണ്‍ രോഗാവസ്ഥയാണ് ഇത്. കേന്ദ്രനാഡീവ്യവസ്ഥയെ ആണ് ഈ രോഗം ബാധിക്കുന്നത്. കഴുത്തുമുതല്‍ അരക്കെട്ടു വരെയുള്ള ഭാഗത്തെ പേശികള്‍ക്ക് വഴക്കക്കുറവ് അനുഭവപ്പെടുന്നതാണ് ലക്ഷണങ്ങളുടെ തുടക്കം. വൈകാതെ ഇത് കൈകളിലേക്കും ശരീരത്തിലെ മറ്റു പേശികളിലേക്കും ബാധിക്കും. ക്രമേണ വേദന അനുഭവപ്പെടുന്ന പേശീവലിവിലേക്കും നയിക്കും. ശബ്ദം, മാനസിക പ്രക്ഷോഭം, നേരിയ സ്പര്‍ശനം തുടങ്ങിയവ പോലും ചിലഘട്ടങ്ങളില്‍ പേശീവലിവ് കൂട്ടിയേക്കാം. തീവ്രമാകുന്ന അവസ്ഥയില്‍ നടക്കാനോ ചലിക്കാനോ പോലും ബുദ്ധിമുട്ട് അനുഭവപ്പെടാം.
പത്തുലക്ഷത്തില്‍ ഒരാള്‍ക്ക് എന്ന നിലയില്‍ അപൂര്‍വമായാണ് ഈ രോഗം ബാധിക്കുക. പുരുഷന്മാരേക്കാള്‍ സ്ത്രീകളിലാണ് രോഗം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഏതു പ്രായത്തിലും ലക്ഷണങ്ങള്‍ അനുഭവപ്പെടാമെങ്കിലും മുപ്പതിനും അറുപതിനും ഇടയില്‍ പ്രായമുള്ളവരെയാണ് കൂടുതലും ബാധിക്കുന്നത്. ഡയബറ്റിസ്, തൈറോയ്ഡിറ്റിസ്, വിറ്റിലിഗോ, കടുത്ത അനീമിയ തുടങ്ങിയ രോഗാവസ്ഥകളില്‍ ഉള്ളവരിലാണ് സ്റ്റിഫ് പേഴ്‌സണ്‍ സിന്‍ഡ്രം കൂടുതല്‍ കാണപ്പെടുന്നത്. ചിലതരം അര്‍ബുദ ബാധിതരിലും (സ്തനം, ശ്വാസകോശം, വൃക്ക, തൈറോയ്ഡ്, കുടല്‍ ) രോഗാവസ്ഥ കണ്ടുവരാറുണ്ട്.
എന്താണ് കാരണക്കാരന്‍ ?
സ്റ്റിഫ് പേഴ്‌സണ്‍ സിന്‍ഡ്രം എന്ന രോഗാവസ്ഥയ്ക്കു പിന്നിലെ കാരണം എന്തെന്നത് ഗവേഷകരില്‍ അവ്യക്തമായി തുടരുകയാണ്. ശരീരത്തിലെ ആരോഗ്യകരമായ കോശങ്ങളെ പ്രതിരോധശേഷി 'ആക്രമിക്കുന്ന', ഓട്ടോഇമ്മ്യൂണ്‍ രോഗമായാണ് നിര്‍വചിക്കുന്നത്. മാസങ്ങളും വര്‍ഷങ്ങളുമെടുത്താണ് സ്റ്റിഫ് പേഴ്‌സണ്‍ സിന്‍ഡ്രമിന്റെ ലക്ഷണങ്ങള്‍ പ്രകടമായി തുടങ്ങുക. ചിലരില്‍ കാലക്രമേണ രോഗം അടങ്ങുമെങ്കിലും ചിലരില്‍ ഗുരുതരമാവുകയും ചെയ്യും. തുടക്കത്തില്‍ വന്നും പോയുമിരിക്കുന്ന വേദനയും പേശീവലിവുമാണെങ്കില്‍ പിന്നീട് അത് സ്ഥിരമാവുകയാണ് കാണാറുള്ളത്. ലക്ഷണങ്ങള്‍ക്ക് അനുസരിച്ചുള്ള ചികിത്സയാണ് നല്‍കാറുള്ളത്. വേദനയും അസ്വസ്ഥതകളും കുറയ്ക്കാനും ശരീരത്തിന്റെ ചലനശേഷി പഴയപടി ആക്കാനുമുള്ള ചികിത്സയാണ് നല്‍കുക.
Content Highlights: Celine Dion's Sister Shares Update On Her Health