'ഇന്ത്യയിലെ വായു ശ്വസിക്കുന്നത് സിഗരറ്റ് വലിക്കുന്നതിന് തുല്യം; എന്താണ് നേതാക്കൾ ഇടപെടാത്തത്?'

ബ്രയാൻ ജോൺസൺ | Photo: x.com/bryan_johnson
ബ്രയാൻ ജോൺസൺ | Photo: x.com/bryan_johnson

പ്രായം കൂടുന്നത് തടയാനും യുവത്വം നിലനിര്‍ത്താനുമായി കോടികള്‍ ചെലവിടുന്ന അമേരിക്കന്‍ വ്യവസായിയും ശതകോടീശ്വരനുമാണ് ബ്രയാന്‍ ജോണ്‍സണ്‍. ഒരു വര്‍ഷം 2 മില്യണ്‍ ഡോളറാണ്(ഏകദേശം 17 കോടിയോളം രൂപ) ചെറുപ്പം നിലനിര്‍ത്താനായി ബ്രയാന്‍ ചെലവിടുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോഴിതാ, ഇന്ത്യയെക്കുറിച്ച് ഇദ്ദേഹം പറഞ്ഞ വാക്കുകളാണ് സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ. ഇന്ത്യയിലെ നേതാക്കൾ എന്തുകൊണ്ടാണ് വായു മലിനീകരണം ഒരു ദേശീയ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കാത്തതെന്ന് ബ്രയാൻ ചോദിക്കുന്നു. വായുവിന്റെ ​ഗുണനിലവാരവും അതിനോടുള്ള പൊതുജനങ്ങളുടെ നിസ്സം​ഗതയും തന്നെ ആശങ്കാകുലനാക്കിയെന്ന് എക്സിൽ പങ്കുവെച്ച വീഡിയോയിൽ ബ്രയാൻ പറയുന്നു. 

'ഇന്ത്യയിലെ വായു ശ്വസിക്കുന്നത് ഒന്നിലധികം സി​ഗരറ്റുകൾ വലിക്കുന്നതിന് തുല്യമാണ്. എന്നിട്ടും, ആരും മാസ്ക് ധരിക്കുന്നില്ല. എയർ ഫിലട്ടറുകളും എവിടേയും കണ്ടില്ല. മോശം വായു ​ഗുണനിലവാരത്തോടെ എത്രമാത്രം സാധാരണ നിലയിലാണ് ഇന്ത്യക്കാർ പെരുമാറുന്നതെന്ന് കണ്ട് ഞെട്ടിപ്പോയി. ഇന്ത്യയിലേക്ക് വരുമ്പോഴുള്ള ഏറ്റവും വലിയ ആശങ്ക ഗുണനിലവാരമാണ്. ലോകത്തിൽ തന്നെ ഏറ്റവും മോശം വായു ഗുണനിലവാരം ഇന്ത്യയിലാണെന്നാണ് തോന്നുന്നത്. ഇത് ഭയാനകമായ അവസ്ഥയാണ്', ബ്രയാൻ വീഡിയോയിൽ പറയുന്നു. 

ഇന്ത്യ സന്ദർശിച്ച വേളയിൽ ബ്രയാൻ ഒരു എയർ പ്യൂരിഫയർ ഒപ്പംകൊണ്ടുനടന്നിരുന്നു. മാസ്കും ധരിച്ചിരുന്നു. വീഡിയോ വൈറലായതോടെ നിരവധി ഇന്ത്യക്കാരാണ് വിഷയത്തിൽ മറുപടിയുമായി രം​ഗത്തെത്തിയത്. എന്നും ഇക്കാര്യത്തെക്കുറിച്ച് പോസ്റ്റ് ചെയ്യണമെന്നും അങ്ങിനെയെങ്കിലും സർക്കാർ നടപടിയെടുക്കട്ടേയെന്നും ഒരു ഉപയോക്താവ് കുറിച്ചു. ശുദ്ധവായു, വെള്ളം, ഭക്ഷണം തുടങ്ങിയ അടിസ്ഥാനകാര്യങ്ങൾ ജനങ്ങൾക്ക് നൽകുന്നതിന് രാജ്യത്തെ നേതാക്കൾ ശ്രദ്ധിക്കുന്നില്ലെന്നും ചിലർ കുറിച്ചു. 

Content Highlights: Bryan Johnson Raises Alarm Over India's Air Pollution In New Video