സ്തനാർബുദത്തിനു പിന്നാലെ ലൂപസ് എന്ന ഓട്ടോഇമ്മ്യൂൺ ഡിസീസ്; ആരോഗ്യാവസ്ഥയേക്കുറിച്ച് ഛവി മിത്തൽ

ഛവി മിത്തൽ | Photo: instagram.com/chhavihussein/
ഛവി മിത്തൽ | Photo: instagram.com/chhavihussein/

സ്തനാർബുദം സ്ഥിരീകരിച്ചതിനേക്കുറിച്ച് തുറന്നുപറഞ്ഞിട്ടുള്ളയാളാണ് ബോളിവുഡ് നടി ഛവി മിത്തൽ. അർബുദം സ്ഥിരീകരിച്ചതു മുതലുള്ള ഓരോ വിവരങ്ങളും ഛവി സാമൂഹികമാധ്യമത്തിലൂടെ പങ്കുവെക്കാറുണ്ട്. രോ​ഗസ്ഥിരീകരണത്തിനു പിന്നാലെ തന്നെ അലട്ടുന്ന മറ്റുപല ആരോ​ഗ്യപ്രശ്നങ്ങളേക്കുറിച്ചും ഛവി തുറന്നുപറഞ്ഞിരുന്നു. ഇപ്പോഴിതാ അടുത്തിടെയുണ്ടായ ചില ആരോ​ഗ്യസംബന്ധമായ വിവരങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഛവി. 

സർജറി കഴിഞ്ഞ സ്തനത്തിൽ കഠിനമായ വേദനയോടൊപ്പമുള്ള വീക്കം കണ്ടെത്തിയെന്നാണ് ഛവി പറയുന്നത്. ഒരേസമയം പല ആരോ​ഗ്യപ്രശ്നങ്ങളിലൂടെയും കടന്നുപോകുന്നതിന്റെ മാനസികസമ്മർദവും കൂടുതലാണെന്ന് ഛവി പറയുന്നു. അർബുദ ചികിത്സയ്ക്കു പിന്നാലെയാണ് ഫ്രാക്ചറായത്, ചർമത്തിൽ അലർജി വന്നതിനു പിന്നാലെ സ്തനത്തിൽ വീക്കവും വേദനയും തുടങ്ങി. ടെന്നീസ് എൽബോ പ്രശ്നവുമുണ്ട്. മനോഹരമായൊരു കുടുംബവും ജീവിതവും ഉള്ളതുകൊണ്ടാണ് ഇവപലതും നേരിടാൻ കഴിയുന്നതെന്നും ഛവി പറയുന്നുണ്ട്. 

ഇവയ്ക്കെല്ലാം പുറമേ ഓട്ടോഇമ്മ്യൂൺ രോ​ഗാവസ്ഥയായ ലൂപസ് സ്ഥിരീകരിക്കപ്പെടുകയുണ്ടായി എന്നും ഛവി പറയുന്നു. സുഖപ്രദമാകാത്ത, ജീവിതകാലം ചികിത്സ വേണ്ട അവസ്ഥയാണതെന്നും അതുകേട്ടപ്പോൾ‌ ഉൾക്കൊള്ളാൻ അൽ‌പം ബുദ്ധിമുട്ടായിരുന്നുവെന്നും ഛവി. സ്തനത്തിലെ വീക്കത്തിന് എം.ആർ.ഐ. ചെയ്യാൻ പോവുകയാണ്, പോസിറ്റീവായാണ് പ്രതീക്ഷിക്കുന്നതെന്നും ഛവി കൂട്ടിച്ചേർക്കുന്നു.

രോ​ഗത്തെ സധൈര്യം നേരിടാനുള്ള പ്രചോദനാത്മകമായ വീഡിയോകളാണ് ഛവി സാമൂഹികമാധ്യമത്തിൽ പങ്കുവെക്കുന്നവയിലേറെയും. സാമൂഹിക മാധ്യമത്തിൽ നിരന്തരം കാൻസർ അതിജീവന യാത്രയെ കുറിച്ച് സംസാരിക്കുന്നതിന് പിന്നിലുള്ള കാരണം ഛവി നേരത്തെ സന്തോഷങ്ങൾ പങ്കുവെക്കുന്നതു പോലെ തന്നെയാണ് വിഷമഘട്ടങ്ങളും പങ്കുവെക്കുന്നത്. താൻ അവ പറഞ്ഞുതുടങ്ങിയതിനുശേഷം നിരവധി പേരാണ് തങ്ങളുടെ കാൻസർ യാത്രകളെ കുറിച്ച് സംസാരിച്ചതെന്നും അത് തന്നെ വീണ്ടും പ്രചോദിപ്പിക്കുകയായിരുന്നു എന്നും ഛവി പറഞ്ഞിരുന്നു. 

ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെ നെഞ്ചിലേറ്റ പരിക്കിനെ തുടര്‍ന്ന് ഡോക്ടറെ കാണാൻ പോയപ്പോഴാണ് സ്തനത്തിൽ മുഴകളുള്ള കാര്യം ഛവി തിരിച്ചറിഞ്ഞത്. തുടർന്ന് നടത്തിയ ബയോപ്സിയിൽ മുഴ കാൻസറാണെന്ന് തിരിച്ചറിഞ്ഞു. ജിമ്മിലേക്കുള്ള യാത്രകളാണ്‌ തന്റെ ജീവിതം രക്ഷിച്ചതെന്നും ഛവി മുമ്പ് പറഞ്ഞിരുന്നു. മാമോ​ഗ്രാമുകൾ ഉൾപ്പെടെ കൃത്യമായ പരിശോധനകൾ നടത്തി സ്തനാർബു​ദത്തെ പ്രതിരോധിക്കണമെന്നും ശരീരത്തിൽ മുഴകൾ കണ്ടെത്തിയാൽ ഒരിക്കലും അവയെ അവ​ഗണിക്കരുതെന്നും ഛവി പറഞ്ഞിരുന്നു.
 
എന്താണ് ലൂപസ് രോ​ഗം? 

രോഗപ്രതിരോധ സംവിധാനത്തിന് തകരാർ സംഭവിക്കുന്നതാണ് ലൂപസ് വരാനുള്ള കാരണം. സിസ്റ്റമിക് ലൂപസ് എരിതോമറ്റോസിസ് എന്ന ഓട്ടോഇമ്മ്യൂൺ അസുഖത്തിന്റെ ചുരുക്കപ്പേരാണ് SLE അഥവാ 'ലൂപസ്'.  രോഗപ്രതിരോധ സംവിധാനം ശരീരത്തിനെതിരെ തിരിഞ്ഞ് ആരോഗ്യമുള്ള കോശങ്ങളെ ആക്രമിക്കുകയാണ് ഇവിടെ ചെയ്യുന്നത്. ത്വക്ക്, സന്ധികൾ, ശ്വാസകോശം, മസ്തിഷ്‌കം,  കണ്ണ്, നാഡികൾ മുതലായ ഒട്ടുമിക്ക അവയവങ്ങളെയും രോ​ഗം ബാധിക്കാം.

രോഗലക്ഷണങ്ങൾ

  • രോഗത്തിന്റെ തുടക്കത്തിൽ ത്വക്കിലുണ്ടാകുന്ന ചുവന്ന ഫോട്ടോസെൻസിറ്റീവ് പാടുകളായോ കവിൾത്തടങ്ങളിലെ ചുവന്ന പുള്ളികളായോ (Butterfly rash) കാണാം. 
  • അടിക്കടി വായിലുണ്ടാകുന്ന പുണ്ണുകൾ, സന്ധികളിൽ ഉണ്ടാകുന്ന വേദന, നീർക്കെട്ട്
  • വിട്ടുമാറാത്ത പനി
  • അതിയായ ക്ഷീണം
  • തലയോട്ടി കാണും വിധമുള്ള മുടികൊഴിച്ചിൽ 

പ്രാരംഭഘട്ടത്തിൽ തന്നെ രോ​ഗം തിരിച്ചറിഞ്ഞ് ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ ആന്തരിക അവയവങ്ങളെ സാരമായി ബാധിച്ചേക്കാം. വൃക്കകൾ, ശ്വാസകോശം, മസ്തിഷ്‌കം, നാഡികൾ മുതലായ അവയവങ്ങളെയാണ് ലൂപസ് രോഗം ബാധിക്കുന്നത്.

Content Highlights: Breast cancer survivor Chhavi Mittal on having a non curable autoimmune disease Lupus