മജ്ജമാറ്റിവെക്കൽ ശസ്ത്രക്രിയ വിജയം; പാകിസ്താനിലേക്ക് മടങ്ങാനൊരുങ്ങി സൈഫ് ജലാൽ

പാകിസ്താനിലെ ബലൂചിസ്താൻ സ്വദേശിയായ സൈഫ് ജലാലിന്റെ മജ്ജമാറ്റിവെക്കൽ ശസ്ത്രക്രിയ കോഴിക്കോട്ടെ ആശുപത്രിയിൽ വിജയകരമായി പൂർത്തിയായി. അപൂർവമായ സിവിയർ കംബൈൻഡ് ഇമ്യൂണോ ഡിഫിഷൻസി എന്ന രക്തജന്യരോഗത്താൽ വലഞ്ഞ രണ്ടുവയസ്സുകാരൻ ചികിത്സ പൂർത്തിയായതോടെ കുടുംബത്തോടൊപ്പം പാകിസ്താനിലേക്ക് മടങ്ങാനൊരുങ്ങുകയാണ്.
ജീവൻ നിലനിർത്താൻ യാതൊരു വഴിയുമില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയ കുഞ്ഞിനേയും കൊണ്ട് ജലാലും സദൂരിയും അവസാനം കോഴിക്കോട്ടെത്തുകയായിരുന്നു. യുഎഇയിൽ കീമോ തെറാപ്പിയുൾപ്പടെയുള്ള ചികിത്സാവിധികൾ നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല. രോഗപ്രതിരോധ ശേഷി നഷ്ടപ്പെട്ട് നിരന്തരം അണുബാധ ഉണ്ടാവുകയും ശ്വാസമെടുക്കാനാവാത്ത നിലയിലേക്ക് കുഞ്ഞിന്റെ ആരോഗ്യസ്ഥിതി മാറുകയും ചെയ്തതോടെയാണ് ഇരുവരും കുഞ്ഞുമായി കോഴിക്കോട്ടെക്ക് തിരിച്ചത്.
കേന്ദ്രമന്ത്രി വി മുരളീധരന്റെ ഇടപെടലിൽ ഓക്സിജൻ പിന്തുണയോടെ സൈഫ് ജലാൽ കോഴിക്കോട്ടെത്തി. അമ്മ സദൂരിയുടെ മജ്ജ കുഞ്ഞിന് അനുയോജ്യമായതിനാൽ കോഴിക്കോട് ആസ്റ്ററിൽ ശസ്ത്രക്രിയക്ക് വിധേയനാക്കി. ആസ്റ്റർ മിംസിലെ സീനിയർ പീഡിയാട്രിക് ഹെമറ്റോളജിസ്റ്റ് ഡോ കേശവന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ.
ടാക്സി ഡ്രൈവറായ ജലാലിന് താങ്ങാൻ ആവുന്നതായിരുന്നില്ല ആശുപത്രിയിലെ ചികിത്സാ ചെലവുകൾ. വിവിധ സന്നദ്ധ സംഘടനകൾ ചേർന്നാണ് ചികിത്സയ്ക്ക് വേണ്ട 25 ലക്ഷം രൂപ നൽകിയത്. ശസ്ത്രക്രിയ പൂർത്തിയായിട്ട് രണ്ട് മാസം പിന്നിട്ടു. വീണ്ടെടുത്ത ആരോഗ്യവുമായി തിരികെ പാകിസ്താനിലേക്ക് മടങ്ങാൻ ഒരുങ്ങുകയാണ് സൈഫ് ജലാൽ.
Content Highlights: baby from pakistan undergoes bone marrow transplant at kozhikode hospital