പലതും 'പഞ്ചസാര ബോംബ്'; ഈ നാല് ഭക്ഷണങ്ങൾ കുട്ടികൾ ശീലമാക്കരുത്, മാതാപിതാക്കൾക്ക് മുന്നറിയിപ്പുമായി ഡോക്ടർ

ഇന്നത്തെ കാലത്ത് പല കുട്ടികളും തങ്ങളുടെ ദിവസം ആരംഭിക്കുന്നത് തന്നെ പാക്കറ്റിൽ വരുന്ന അമിതമായി സംസ്കരിച്ച ഭക്ഷണങ്ങൾ കഴിച്ചുകൊണ്ടാണ്. കൂടാതെ, ഫാസ്റ്റ് ഫുഡ് ബർഗറുകൾക്കും പിസ്സയ്ക്കുമായി അവർ ആകാംഷയോടെ കാത്തിരിക്കുകയും ചെയ്യുന്നു. ഇടയ്ക്കൊക്കെയുള്ള ഇത്തരം ഭക്ഷണങ്ങൾ കഴിക്കാമെങ്കിലും അവ ശീലമാക്കുന്നത് അവരുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് പറയുകയാണ് ഡോ. മനൻ വോറ. ഈ ഭക്ഷണങ്ങൾ പലതും കുട്ടികൾക്ക് ഇഷ്ടമാവുമെങ്കിലും അവ ശീലമാക്കുന്നത് കുട്ടികളുടെ ഹോർമോണുകൾ, ഉപാപചയ പ്രവർത്തനം എന്നിവയെ ബാധിച്ചേക്കുമെന്നും ഡോക്ടർ മുന്നറിയിപ്പ് നൽകുന്നു.
ഫ്രോസൺ ഫാസ്റ്റ് ഫുഡ് ബ്രെഡുകൾ
ഫ്രോസൺ ബ്രെഡുകളിൽ പോഷകങ്ങൾ ഒന്നും അടങ്ങിയിട്ടില്ലെന്ന് ഡോക്ടർ പറയുന്നു. ഇവ ശീലമാക്കുന്നത് ഉപാപചയ പ്രവർത്തനം, ഹോർമോണുകൾ, ആരോഗ്യം എന്നിവയെ പ്രതികൂലമായി ബാധിക്കും. പലരും കരുതുന്നത് പോലെ ഈ ബ്രെഡ് ഫ്രെഷ് അല്ല. നാരുകൾ അടങ്ങിയിട്ടില്ലാത്ത വെറും മൈദയാണ് ഇവ.
ജാം
കുട്ടികൾക്ക് ജാം കഴിക്കാൻ ഇഷ്ടമായിരിക്കാം. എന്നാൽ, മിക്ക ജാമുകളിലും യഥാർഥ പഴങ്ങളോ നാരുകളോ അടങ്ങിയിട്ടില്ലെന്നും അതിൽ നിറയെ പഞ്ചസാരയാണെന്നും ഡോക്ടർ പറയുന്നു. പഴത്തിന്റെ ചിത്രങ്ങൾ നിറഞ്ഞ ലേബലുകൾ ഇവയ്ക്ക് ഉണ്ടാകും. എന്നാൽ, യഥാർഥ പഴങ്ങൾ അതിൽ തീരെയുണ്ടാകില്ല.
ഐസ്ക്രീമുകളും ശ്രദ്ധിക്കണം.
വൻതോതിൽ ഉത്പാദിപ്പിക്കുന്ന 'ഐസ്ക്രീമുകൾ' പലപ്പോഴും ഐസ്ക്രീമുകളേ അല്ലെന്നും അവ അനാരോഗ്യകരവുമായ ചേരുവകൾ ഉപയോഗിച്ച് നിർമിക്കുന്ന ഫ്രോസൺ ഡെസേർട്ടുകളാണെന്നും ഡോക്ടർ പറയുന്നു. പാം ഓയിൽ, സ്റ്റെബിലൈസറുകൾ, കൃത്രിമ രുചികൾ എന്നിവ അടങ്ങിയിട്ടുള്ളതാണ് ഫ്രോസൻ ഡെസേർട്ടുകൾ. ഇവ കുട്ടിയുടെ ആരോഗ്യത്തെ ബാധിക്കും.
പാക്കറ്റ് ബ്രേക്ക്ഫാസ്റ്റ്
പാക്കറ്റുകളിൽ വരുന്ന മിക്ക ബ്രേക്ക്ഫാസ്റ്റ് സിരിയലുകളിലും(cereals) ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്. അൾട്രാ-പ്രോസസ്സ് പഞ്ചസാര ബോംബുകൾ എന്നാണ് പല ഉത്പ്പന്നങ്ങളേയും ഡോക്ടർ വിശേഷിപ്പിക്കുന്നത്. അവയിൽ ഒട്ടും പ്രോട്ടീൻ അടങ്ങിയിട്ടില്ല. രാവിലെ എഴുന്നേറ്റയുടൻ തന്നെ ഇത് കഴിക്കുന്നത് കുട്ടികളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുന്നു.
(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണ്ണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)
Content Highlights: Dr. Manan Vora warns parents about 4 processed foods kids shouldn`t make a habit of eating. Discover the `sugar bombs` and their health risks.