ഇനി ആസ്റ്ററിലെ സേവനങ്ങൾ ഒറ്റ ക്ലിക്കിൽ അറിയാം; ഹെൽത്ത് കെയർ ആപ്പ് പ്രവർത്തന സജ്ജമായി

ആസ്റ്റര്‍ ഹെല്‍ത്ത് ലോഞ്ചിംഗ് സ്പീക്കര്‍ എഎന്‍ ഷംസീര്‍ നിർവഹിക്കുന്നു
ആസ്റ്റര്‍ ഹെല്‍ത്ത് ലോഞ്ചിംഗ് സ്പീക്കര്‍ എഎന്‍ ഷംസീര്‍ നിർവഹിക്കുന്നു

കോഴിക്കോട്: കേരളത്തിന്റെ ആതുര സേവന മേഖലയില്‍ നിര്‍ണായകമായ പരിവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കിക്കൊണ്ട് ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയറിന്റെ നേതൃത്വത്തില്‍ മലയാളത്തിലെ പ്രഥമ സമ്പൂര്‍ണ്ണ ഹെല്‍ത്ത്കെയര്‍ ആപ്പ് പ്രവര്‍ത്തന സജ്ജമായി. പുതിയ കാലഘട്ടത്തിന്റെ ആവശ്യകതകളെ സാക്ഷാത്കരിക്കുന്ന രീതിയില്‍ ഡിജിറ്റല്‍ സങ്കേതിക വിദ്യയുടെ സഹായത്തോടെ വിഭാവനം ചെയ്തിരിക്കുന്ന ആസ്റ്റര്‍ ഹെല്‍ത്ത് ആപ്പ് കേരളത്തിന്റെ ആതുര സേവന മേഖലയില്‍ പുതിയ മാറ്റങ്ങള്‍ക്കാണ് തുടക്കം കുറിക്കുന്നത്. ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ നോണ്‍-എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സെബ മൂപ്പന്റെ സാന്നിധ്യത്തിൽ സ്പീക്കര്‍ എ.എന്‍. ഷംസീർ ആസ്റ്റര്‍ ഹെല്‍ത്ത് ആപ്പ് ലോഞ്ച് ചെയ്തു. 

ആസ്റ്ററിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികള്‍, ക്ലിനിക്കുകള്‍, ഫാര്‍മസികള്‍, ലാബുകള്‍, ഹോംകെയര്‍ സേവനങ്ങള്‍ എന്നിവയുടെ സമ്പൂര്‍ണ്ണമായ സേവനങ്ങള്‍ ഇനി ആസ്റ്റര്‍ ഹെല്‍ത്ത് ആപ്പ് എന്ന ഒറ്റ പ്ലാറ്റ്ഫോമിലൂടെ ലോകത്തെവിടെ നിന്നും ലഭ്യമാകും. ആശുപത്രിയിലെ രജിസ്ട്രേഷന്‍, ഡോക്ടറുടെ ബുക്കിംഗ്, ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍, ജനറല്‍ പ്രാക്ടീഷണറുടെ ഉടനടിയുള്ള സേവനം, സ്വന്തമായും കുടുംബാംഗങ്ങള്‍ക്കായും ഒരേ പ്ലാറ്റ്ഫോമില്‍ തന്നെ വ്യത്യസ്ത പ്രൊഫൈലുകള്‍ സൃഷ്ടിക്കാനുള്ള സൗകര്യം, എല്ലവരുടേയും ചികിത്സാ  രേഖകളും റിപ്പോര്‍ട്ടുകളും എവിടെ നിന്നും ലഭ്യമാക്കാനുള്ള സംവിധാനം തുടങ്ങിയവയെല്ലാം ആസ്റ്റര്‍ ഹെല്‍ത്ത് ആപ്പിന്റെ സവിശേഷതകളാണ്.  

കേരളത്തിലെ ആദ്യത്തെ പ്രാദേശികഭാഷയിലുള്ള സമഗ്രമായ ആരോഗ്യസംരക്ഷണ ആപ്പ് എന്ന രീതിയിലും ആസ്റ്റര്‍ ഹെല്‍ത്ത് ശ്രദ്ധേയമാണ്. കേവലമായ ഒരു ഡിജിറ്റല്‍ ഉപകരണം എന്നതിലുപരിയായി ഓരോ കുടുംബത്തേയും ഒപ്പം ചേര്‍ത്തുപിടിക്കുന്ന ആരോഗ്യ കാര്യങ്ങളിലെ ആത്മാര്‍ത്ഥ സുഹൃത്ത് എന്ന കാഴ്ചപ്പാടാണ് ആസ്റ്റര്‍ ഹെല്‍ത്ത് പ്രവര്‍ത്തന നിരതമാകുന്നതിലൂടെ യാഥാര്‍ഥ്യമാകുന്നതെന്ന് ആസ്റ്റര്‍ ഡിജിറ്റല്‍ ഹെല്‍ത്ത് സി ഇ ഒ ഡോ. ഹര്‍ഷ രാജാറാം പറഞ്ഞു. മാതൃകാപരമായ ഒരു ഡിജിറ്റല്‍ ഇക്കോ സംവിധാനമായി ഈ പ്ലാറ്റ്ഫോമിനെ മാറ്റിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ആസ്റ്റര്‍ മിംസ് കോഴിക്കോട് സി ഒ ഒ ലുക്മാന്‍ പൊന്മാടത്ത് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഡോ. സൂരജ് കെ എം (മെഡിക്കല്‍ ഡയറക്ടര്‍, കേരള ക്ലസ്റ്റര്‍) ആസ്റ്റര്‍ ഹെല്‍ത്ത് ആപ്പിന്റെ സവിശേഷതകള്‍ വിശദീകരിച്ചു. ഡോ. നളന്ദ ജയദേവ്(സി ഇ ഒ, ആസ്റ്റര്‍ മെഡ്സിറ്റി, കൊച്ചി),  ഡോ. അനൂപ് നമ്പ്യാര്‍ (സി ഒ ഒ, ആസ്റ്റര്‍ മിംസ് കണ്ണൂര്‍ & കാസര്‍ഗോഡ്, റോബിന്‍ സി. വി (സി ഒ ഒ, ആസ്റ്റര്‍ മദര്‍ അരീക്കോട്) ബ്രിജു മോഹൻ [ ജി.എം. എച്ച് ആർ, ആസ്റ്റർ ഹോസ്പിറ്റൽസ് കേരള], ദീപക് സേവ്യർ (ജന. മാനേജർ ഫിനാൻസ്- ആസ്റ്റർ കേരള ), എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Content Highlights: Aster DM Healthcare Launches Kerala's First Comprehensive Malayalam Healthcare App