വെറും മിനിറ്റുകൾ നീണ്ടുനിൽക്കുന്ന ദേഷ്യംപോലും നിസ്സാരമല്ല, ഹൃദയാഘാതസാധ്യത കൂട്ടും- പഠനം

എത്രശ്രമിച്ചിട്ടും ദേഷ്യം നിയന്ത്രിക്കാൻ കഴിയുന്നില്ലെന്ന് പരാതിപ്പെടുന്നവരുണ്ട്. ദേഷ്യം ഒട്ടും കൈപ്പിടിയിൽ ഒതുങ്ങാത്തവരാണെങ്കിൽ അക്കൂട്ടർക്ക് അത്ര സുഖകരമല്ലാത്ത ഒരു പഠനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വെറും മിനിറ്റുകൾ നീണ്ടുനിൽക്കുന്ന ദേഷ്യംപോലും ഹൃദയാഘാതസാധ്യത വർധിപ്പിക്കുമെന്നാണ് പഠനത്തിലുള്ളത്.
അൽപനേരത്തേക്കുള്ള ദേഷ്യംപോലും രക്തക്കുഴലുകളെ ബാധിക്കുകയും രക്തചംക്രമണം തടസ്സപ്പെടുത്തുകയും അതുവഴി ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയവയ്ക്കുള്ള സാധ്യത കൂട്ടുകയും ചെയ്യുമെന്നാണ് പഠനത്തിലുള്ളത്. വെറും എട്ടുമിനിറ്റ് നീണ്ടുനിൽക്കുന്ന ദേഷ്യംപോലും രക്തക്കുഴലുകളെ സാരമായി ബാധിക്കുന്നുണ്ടെന്നാണ് പഠനത്തിലുള്ളത്. ദേഷ്യവും ഹൃദയാരോഗ്യവും തമ്മിലുള്ള ബന്ധത്തേക്കുറിച്ച് അമേരിക്കയിൽ നിന്നുള്ള ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുള്ളത്.
നിരന്തരം ദേഷ്യം വരുന്നവരാണെങ്കിൽ ഈ പ്രശ്നം വീണ്ടും വഷളാവുമെന്നും കാലക്രമേണ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ വരുമെന്നും പഠനത്തിലുണ്ട്. പ്രായപൂർത്തിയായ, ആരോഗ്യമുള്ള 280 പേരുടെ വിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. ഹൃദ്രോഗങ്ങളോ, പ്രമേഹമോ, ഉയർന്ന രക്തസമ്മർദമോ ഇല്ലാത്തവരായിരുന്നു പഠനത്തിൽ പങ്കാളികളായത്. പഠനത്തിൽ പങ്കെടുത്തവരെ നാല് വിഭാഗമായി തിരിച്ച് എട്ടുമിനിറ്റോളം ദേഷ്യമോ, ഉത്കണ്ഠയോ, വിഷമമോ വരുത്തുന്ന സംഭവം ഓർത്തെടുക്കാനും ഒരുവിഭാഗത്തെ നിർവികാരമായിരിക്കാനും ആവശ്യപ്പെട്ടു. ശേഷം രക്തക്കുഴലുകളുടെ പ്രവർത്തനം പരിശോധിച്ചു. ദേഷ്യമുണ്ടാക്കുന്ന സംഭവം ഓർത്തെടുത്ത വിഭാഗത്തിന്റെ രക്തക്കുഴലുകളുടെ വികാസത്തിൽ വ്യതിയാനമുണ്ടാവുന്നുവെന്ന് കണ്ടെത്തി. അതേസമയം സങ്കടം, വിഷമം പോലുള്ള മറ്റ് വൈകാരിക ചിന്തകളിലൂടെ കടന്നുപോയവരുടേത് സാധാരണ നിലയിലാണെന്നും കണ്ടെത്തി.
ദേഷ്യം വരുന്നതിനനുസരിച്ച് സമ്മർദ ഹോർമോണുകളായ കോർട്ടിസോളും അഡ്രിനാലിനും വർധിക്കും. ഇത് രക്തധമനികളുടെ ആന്തരികപാളിയിൽ മുറുക്കമുണ്ടാക്കുകയും രക്തക്കുഴലുകളുടെ പ്രവർത്തനം തകരാറിലാക്കുകയും ചെയ്യും. അതായത് രക്തം ആയാസഹരിതമായി ഒഴുകുന്നത് കുറയുകയും ഇത് രക്തസമ്മർദം കൂട്ടാനും ഹൃദയാരോഗ്യത്തെ ബാധിക്കാനും ഇടവരുത്തും.
അതേസമയം ഒരുതവണ ദേഷ്യപ്പെടുന്നത് ഹൃദയാരോഗ്യത്തെ പാടെ തകരാറിലാക്കുമെന്ന് കരുതരുത്. പക്ഷേ അടിക്കടി ദേഷ്യപ്പെടുന്നവരാണെങ്കിൽ രക്തക്കുഴലുകളുടെ പ്രവർത്തനം തടസ്സപ്പെടുകയും രക്തസമ്മർദം കൂടുക, ഹൃദയാഘാതസാധ്യത എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണെന്നുമാണ് ഗവേഷകർ പറയുന്നത്.
ദേഷ്യം നിയന്ത്രിക്കാൻ
ദേഷ്യം വരുന്ന സന്ദർഭങ്ങളിൽ ദീർഘനിശ്വാസം എടുക്കാൻ ശ്രമിക്കാം. അഞ്ചാറുതവണ ദീർഘമായി ശ്വാസം ഉള്ളിലേക്കെടുത്ത് പതിയെ നിശ്വസിക്കുന്നത് മാനസികാവസ്ഥ മെച്ചപ്പെടുത്തും. ഒപ്പം വ്യായാമം ദിനചര്യയുടെ ഭാഗമാക്കുന്നതും ഗുണംചെയ്യും. ജിമ്മിൽ പോയുള്ള വ്യായാമം മാത്രമല്ല, ചെറിയൊരു നടത്തവും യോഗയും പോലും മാറ്റമുണ്ടാക്കും. ദേഷ്യമുണ്ടാക്കുന്ന സാഹചര്യങ്ങളിൽ നിന്ന് മാറിനിന്നിട്ടും എത്രയൊക്കെ ശ്രമിച്ചിട്ടും നിയന്ത്രിക്കാനാവുന്നില്ലെങ്കിൽ , ദൈനംദിന ജീവിതത്തെപ്പോലും ബാധിക്കുന്നുവെങ്കിൽ തെറാപ്പിസ്റ്റിന്റെ സേവനം തേടാൻ മടിക്കരുത്.
Content Highlights: Even brief anger can significantly increase heart attack and stroke risk by affecting blood vessels.