നഴ്സ് മരുന്നിന് പകരം ഫോർമാലിൻ കുത്തിവെച്ചു, രക്താർബുദ രോഗിയായ മൂന്നുവയസ്സുകാരന് ദാരുണാന്ത്യം

#Health Desk
Representative Image | Photo: Canva.com
Representative Image | Photo: Canva.com

ഭോപാൽ: എയിംസ് ഭോപ്പാലിൽ ചികിത്സയിൽ കഴിയുകയായിരുന്ന രക്താർബുദ രോഗിയായ മൂന്നു വയസ്സുകാരന്റെ മരണത്തിനു പിന്നിൽ നഴ്സ് മരുന്ന് മാറി കുത്തിവെച്ചതെന്ന് റിപ്പോർട്ട്. ആശുപത്രിയിലെ നഴ്സ് മരുന്നിനുപകരം ഫോർമാലിൻ കുത്തിവെച്ചതാണ് മരണകാരണമായതെന്ന് പോലീസ് കണ്ടെത്തി. ബയോപ്സി സാമ്പിളുകൾ, മൃതദേഹങ്ങൾ എന്നിവ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന വിഷകരമായ രാസവസ്തുവായ ഫോർമാലിനാണ് കുട്ടിയുടെ ശരീരത്തിൽ കുത്തിവെച്ചത്.

സാഗർ ജില്ലയിൽ നിന്നുള്ള സാർഥക് യാദവ് എന്ന കുട്ടിയാണ് മരിച്ചത്. ഡിസംബർ പതിനേഴിനാണ് തെറ്റായ കുത്തിവെപ്പ് നടത്തിയത്. മരുന്ന് കുത്തിവെക്കുന്നതിന് മുമ്പ് കുട്ടിയുടെ അച്ഛൻ സിറിഞ്ചിലുള്ളത് തെറ്റായ മരുന്നാണെന്ന് മൂന്നുതവണ പറഞ്ഞുവെന്നും എന്നാൽ അദ്ദേഹത്തിന്റെ മുന്നറിയിപ്പ് വകവെക്കാതെ നഴ്സ് കുത്തിവെക്കുകയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. സംഭവത്തിൽ അനുക ഗുജറാത്തി, മധു ബാല ശർമ എന്നീ രണ്ട് നഴ്സിങ് ഓഫീസർമാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബയോപ്സി സാമ്പിളുകൾ സൂക്ഷിക്കാനായി ഉപയോഗിക്കുന്ന ഫോർമാലിൻ സിറിഞ്ചിലാക്കി വാർഡിൽ വച്ചിരുന്നുവെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. നഴ്സിങ് ഓഫീസറായ അനുക ഗുജറാത്തി ഈ സിറിഞ്ച് സുരക്ഷിത സ്ഥലത്തേക്ക് മാറ്റിവെക്കുന്നതിനുപകരം രോഗിയുടെ കിടക്കയ്ക്ക് അരികിലായി വെക്കുകയായിരുന്നു. ഡിസംബർ പതിനേഴിന് രാവിലെ കുട്ടിയുടെ ഐവി ലൈനിൽ തടസ്സം നേരിട്ടിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന മധു ബാല ശർമ എന്ന നഴ്സ് സ്ഥലത്തെത്തുകയും കിടക്കയ്ക്ക് അരികിലുണ്ടായിരുന്ന സിറിഞ്ചിന്റെ ലേബൽ പരിശോധിക്കാതെ കുട്ടിയുടെ ഞരമ്പിലേക്ക് കുത്തിവെക്കുകയുമായിരുന്നു.

ഫോർമാലിൻ ശരീരത്തിൽ പ്രവേശിച്ചയുടനെ കുട്ടിയുടെ ആരോഗ്യാവസ്ഥ വഷളാവുകയും അബോധാവസ്ഥയിലാവുകയും ചെയ്തു. ഉടൻ തന്നെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു. കുട്ടിയുടെ മരണത്തിന് കാരണമായത് ഫോർമാലിൻ ശരീരത്തിൽ പ്രവേശിച്ചതാണെന്ന് എയിംസ് നടത്തിയ ആഭ്യന്തര അന്വേഷണത്തിലും തെളിഞ്ഞു.

വിഷയത്തിൽ ഭഗ്സെവാനിയ പോലീസ് സ്റ്റേഷനിൽ രണ്ട് നഴ്സുമാരെയും കുറ്റക്കാരാക്കി ജൂൺ 11-ന് കേസ് രജിസ്റ്റർ ചെയ്തു.

ബി-സെൽ അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയക്ക് ചികിത്സയിൽ കഴിയുകയായിരുന്നു സാർഥക്. ഫോർമാലിൻ ശരീരത്തിൽ പ്രവേശിക്കുമ്പോൾ കോശങ്ങളെ കരിക്കുകയും രക്തത്തിൽ പ്രവേശിക്കുന്നതോടെ കൂടുതൽ ഗുരുതരമായി അവയവങ്ങൾ തകരാറിലാക്കുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യും.

Content Highlights: Medical negligence at AIIMS Bhopal involving a 3-year-old leukemia patient., Fatal error occurred when a nurse injected formalin instead of the prescribed medication.,