എഐ സഹായത്തിൽ കാൻസർ വാക്സിൻ; രോഗം ഭേദമാക്കലും സോഫ്റ്റ് വെയർ പ്രശ്നമായി മാറിയെന്ന് മസ്ക്

#Health Desk
Representative Image| Photo: Canva.com
Representative Image| Photo: Canva.com

ആരോഗ്യരംഗത്ത് സാങ്കേതികവിദ്യ മേധാവിത്വം ഉറപ്പിച്ചിട്ട് നാളുകളേറെയായി. രോഗസ്ഥിരീകരണത്തിനുൾപ്പെടെ എഐയുടെ സഹായം തേടുന്നവരുണ്ട്. ഇപ്പോഴിതാ കാൻസർ വാക്സിൻ വികസിപ്പിച്ചതിൽ എഐയുടെ പങ്ക് വ്യക്തമാക്കുന്ന റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. അമേരിക്കൻ ബയോടെക് കമ്പനികളായ മൊഡേണയെയും മെർക്കിനെയും വാക്സിൻ നിർമാണത്തിനായി എഐ സഹായിച്ച വാർത്തയാണത്. 

തങ്ങൾ വികസിപ്പിച്ചെടുത്ത വ്യക്തിഗത കാൻസർ വാക്സിൻ പരീക്ഷണങ്ങളിൽ വിജയംവരിച്ചുവെന്ന് കമ്പനികൾ പറഞ്ഞു. ചർമത്തെ ബാധിക്കുന്ന അർബുദമായ മെലനോമ ബാധിച്ചവരിലാണ് mRNA അധിഷ്ഠിത കാൻസർ വാക്സിനായ ഇൻറ്റിസ്മെരൻ ഓട്ടോജീന്റെ (intismeran autogene) മൂന്നാംഘ‌‌ട്ട ക്ലിനിക്കൽ ട്രയലുകൾ ഫലംകണ്ടത്. ശസ്ത്രക്രിയയിലൂടെ ട്യൂമർ നീക്കം ചെയ്ത രോഗികളിൽ മെലനോമ തിരിച്ചുവരുന്നതോ, പടരുന്നതോ തടയാൻ വാക്സിൻ സഹായിച്ചതായി മോഡേണയും മെർക്കും വ്യക്തമാക്കി.

വൈദ്യശാസ്ത്രരംഗത്ത് വലിയ നവീകരണങ്ങൾ സൃഷ്ടിക്കാൻ പ്രാപ്തമായ സംഗതിയാണ് ഇതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. രോഗങ്ങൾ ഭേദമാക്കുക എന്നതും ഇപ്പോൾ സോഫ്റ്റ്‌വെയർ പ്രശ്നം മാത്രമായെന്ന് ഇതിനുപിന്നാലെ ടെക് ഭീമൻ ഇലോൺ മസ്ക് പറഞ്ഞു. രോഗങ്ങൾ ഭേദമാക്കുന്നതിൽ mRNA വലിയ വാഗ്ദാനങ്ങൾ നൽകുന്നുവെന്ന് മസ്ക് എക്സിൽ കുറിച്ചു. ആർട്ടിഫിഷ്യൽ ആർഎൻഎ (കൃത്രിമ RNA) യഥാർത്ഥത്തിൽ രോഗങ്ങൾ ഭേദമാക്കുന്നതിനെ ഒരു സോഫ്റ്റ്‌വെയർ പ്രശ്നമാക്കി മാറ്റുന്നുവെന്നും അദ്ദേഹം കുറിച്ചു.

ആരോഗ്യകരമായ കോശങ്ങളെക്കൂടി നശിപ്പിച്ചേക്കാവുന്ന കീമോതെറാപ്പിയിൽ നിന്ന് വ്യത്യസ്തമാണ് വ്യക്തിഗത mRNA വാക്സിനുകൾ. രോഗിയുടെ ട്യൂമറിൽ കണ്ടെത്തിയ മ്യൂട്ടേഷനുകൾക്കെതിരെ പ്രവർത്തിക്കാൻ രോഗപ്രതിരോധ സംവിധാനത്തെ പ്രാപ്തമാക്കുകയാണ് വ്യക്തിഗത കാൻസർ വാക്സിനുകൾ ലക്ഷ്യമിടുന്നത്. ഓരോ രോഗിയുടെയും മ്യൂട്ടേഷനുകൾക്കനുസരിച്ചാണ് വാക്സിനുകളും രൂപകൽപന ചെയ്യുന്നത്. ‌‌ട്യൂമറിനുള്ളിലെ മ്യൂട്ടേഷനുകളെ പരിശോധിച്ച് വിലയിരുത്തലാണ് എഐയുടെ ജോലി. ഇതിന്റെ അ‌ടിസ്ഥാനത്തിലാണ് വാക്സിൻ വികസിപ്പിക്കുക. ശരിയായ മ്യൂട്ടേഷനുകൾ കണ്ടെത്താനും രോഗിയുടെ പ്രതിരോധ സംവിധാനത്തെ ഉണർത്തി കാൻസർ കോശങ്ങളെ ആക്രമിക്കാൻ സഹായിക്കുന്ന വാക്സിൻ നിർമ്മിക്കാനുമാണ് ഇവിടെ എഐ സഹായിക്കുന്നത്.

അംഗീകാരം ലഭിക്കുന്നതിനു പിന്നാലെയുള്ള ആദ്യ വർഷങ്ങളിൽ തന്നെ ആയിരക്കണക്കിന് മെലനോമ രോഗികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് മോഡേണ പറയുന്നു. അണുബാധകളെ പ്രതിരോധിക്കുന്ന മറ്റ് വാക്സിനുകളിൽ നിന്നു വ്യത്യസ്തമായി പ്രതിരോധസംവിധാനത്തെ കാൻസർ കോശങ്ങളെ നേരിടാൻ പ്രാപ്തമാക്കുകയാണ് കാൻസർ വാക്സിനുകൾ ചെയ്യുന്നത്. ഫേസ് 3 ഇൻ്റർപാത്ത്-001 (INTerpath-001) ക്ലിനിക്കൽ പരീക്ഷണത്തിൽ പൂർണ്ണമായി ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത സ്റ്റേജ് IIB-IV ക്യുട്ടേനിയസ് മെലനോമ ബാധിച്ച 1,137 രോഗികളെ ഉൾപ്പെടുത്തിയിരുന്നു. ഇൻ്റിസ്മെറൻ ഓട്ടോജീൻ ഒപ്പം പെംബ്രോലിസുമാബ് എന്ന ഇമ്മ്യൂണോതെറാപ്പിയും പെംബ്രോലിസുമാബ് മാത്രം നൽകുന്ന രീതിയുമാണ് പരീക്ഷിച്ചത്. പഠനകാലയളവിനൊടുവിൽ പെംബ്രോലിസുമാബ് മാത്രം നൽകിയതുമായി താരതമ്യം ചെയ്യുമ്പോൾ, വാക്സിനും ഇമ്മ്യൂണോതെറാപ്പിയും നൽകിയതിലൂടെ രോഗം തിരിച്ചുവരാനുള്ള സാധ്യതയോ മരണസാധ്യതയോ 49% കുറച്ചു എന്ന് കണ്ടെത്തി.

Content Highlights: Moderna and Merck successfully developed a personalized mRNA cancer vaccine using AI., Phase 3 clinical trials for intismeran autogene showed significant success in melanoma patients., The combination of the vaccine and immunotherapy reduced the risk of cancer recurrence or death by 49%., AI helps analyze tumor mutations to design targeted vaccines for individual patients.