ഇമേജിങ് സഹായത്തോടെയുള്ള ആൻജിയോപ്ലാസ്റ്റി ചികിത്സ വ്യാപകമാക്കണമെന്ന് വിദഗ്ധർ

കോഴിക്കോട്: ഹൃദയധമനികളുടെ ഉൾഭാഗം സൂക്ഷ്മമായി പരിശോധിച്ച് കൂടുതൽ കൃത്യതയോടെ ആൻജിയോപ്ലാസ്റ്റി നടത്താൻ സഹായിക്കുന്ന നൂതന ഇമേജിങ് സാങ്കേതികവിദ്യകൾ വ്യാപകമാക്കണമെന്ന് ഹൃദ്രോഗ വിദഗ്ധർ. ഇതുവഴി ചികിത്സാഫലം ദീർഘകാലം നിലനിർത്താനും വീണ്ടും തടസ്സമുണ്ടാകാനുള്ള സാധ്യത കുറയ്ക്കാനും സാധിക്കും.
കോഴിക്കോട് റാവിസ് കടവിൽ നടക്കുന്ന സൊസൈറ്റി ഫോർ കൊറോണറി ഇമേജിങ് ആൻഡ് ഫിസിയോളജിയുടെ (എസ്സിഐപി ഇന്ത്യ) പത്താമത് ദേശീയ സമ്മേളനത്തിലാണ് ഈ നിർദേശം.
കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിഡന്റ് ഡോ. ധിമൻ കഹാലി ശനിയാഴ്ച സമ്മേളനം ഉദ്ഘാടനം ചെയ്തു. ഹൃദയധമനികളിലെ തടസ്സം നീക്കി രക്തയോട്ടം പുനഃസ്ഥാപിക്കുന്നതിൽ മാത്രം ആൻജിയോപ്ലാസ്റ്റി ഒതുങ്ങുന്നില്ല. ചികിത്സാഫലം ദീർഘകാലം നിലനിർത്തുകയും ഭാവിയിലെ ഹൃദയസങ്കീർണതകൾ കുറയ്ക്കുകയും ചെയ്യുന്നതാണ് നൂതന ചികിത്സയുടെ ലക്ഷ്യം. ധമനികളുടെ ഉൾഭാഗം വിശദമായി പരിശോധിച്ച് സ്റ്റെന്റ് കൃത്യമായി സ്ഥാപിക്കുന്നതിലൂടെ ചികിത്സ കൂടുതൽ ഫലപ്രദമാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
സങ്കീർണ ഹൃദയധമനികളിലെ തടസ്സങ്ങൾക്ക് ഇമേജിങ് സഹായത്തോടെ ആൻജിയോപ്ലാസ്റ്റി നടത്തണമെന്ന് പുതിയ അന്താരാഷ്ട്ര ചികിത്സാ മാർഗനിർദേശങ്ങൾ ശക്തമായി ശുപാർശ ചെയ്യുന്നുണ്ട്. ഇതുവഴി ഹൃദയസംബന്ധമായ ഗുരുതര പ്രശ്നങ്ങളും വീണ്ടും ആൻജിയോപ്ലാസ്റ്റി വേണ്ടിവരാനുള്ള സാധ്യതയും കുറയ്ക്കാനാകുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
എസ്സിഐപി ഇന്ത്യ പ്രസിഡന്റ് ഡോ. മഹേഷ് നളിൻ കുമാർ അധ്യക്ഷപ്രഭാഷണം നടത്തി. സെക്രട്ടറി ഡോ. ലൂയി ഫിഷർ, ഓർഗൈനൈസിങ്ങ് ചെയർമാൻ ഡോ. അലി ഫൈസൽ, ഓർഗൈനൈസിങ്ങ് സെക്രട്ടറി ഡോ. പി.കെ. അശോകൻ, കോ-ഓർഗനൈസിങ് സെക്രട്ടറി ഡോ. അരുൺ ഗോപി, ജോയിന്റ് ഓർഗനൈസിങ് സെക്രട്ടറി ഡോ. ഗിരീഷ് പി.വി., കോ-ഓർഡിനേറ്റർ ഡോ. മാത്യൂസ് പോൾ എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു.
ആൻജിയോഗ്രാമിൽ കാണുന്ന തടസ്സത്തിന്റെ യഥാർഥ സ്വഭാവം കൂടുതൽ വിശദമായി മനസ്സിലാക്കാൻ നൂതന ഇമേജിങ് സഹായിക്കുമെന്ന് സംഘാടക ചെയർമാൻ ഡോ. അലി ഫൈസൽ പറഞ്ഞു. ധമനിയുടെ ഉൾഭിത്തിയിലെ മാറ്റങ്ങളും തടസ്സത്തിന്റെ വ്യാപ്തിയും തിരിച്ചറിഞ്ഞ് അതിനനുസരിച്ച് ചികിത്സ നടത്താനാകും. സങ്കീർണ ആൻജിയോപ്ലാസ്റ്റികളിൽ ഈ കൃത്യത ഏറെ നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.
ലോകമെമ്പാടും അംഗീകരിക്കപ്പെടുന്ന നൂതന ചികിത്സാരീതികൾ ഇന്ത്യയിലെ കൂടുതൽ ആശുപത്രികളിൽ ലഭ്യമാക്കണമെന്ന് സംഘാടക സെക്രട്ടറി ഡോ. പി.കെ. അശോകൻ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര മാർഗനിർദേശങ്ങൾ ശുപാർശ ചെയ്യുന്ന സാങ്കേതികവിദ്യകൾ സാധാരണ ചികിത്സയുടെ ഭാഗമാകണം. ഇതിനായി ആശുപത്രികളിൽ കൂടുതൽ സൗകര്യങ്ങളും ഡോക്ടർമാർക്ക് വിദഗ്ധ പരിശീലനവും ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കാൽസ്യം അടിഞ്ഞുകൂടി കഠിനമായ ഹൃദയധമനികളിലെ തടസ്സങ്ങൾ ചികിത്സിക്കുന്നതിലെ പുതിയ മുന്നേറ്റങ്ങളും സമ്മേളനത്തിൽ ചർച്ചയായി. ഇത്തരം ധമനികളിൽ സ്റ്റെന്റ് പൂർണമായി വികസിക്കാത്തത് ചികിത്സയ്ക്ക് വെല്ലുവിളിയാണ്. സമ്മർദതരംഗങ്ങൾ ഉപയോഗിച്ച് കാൽസ്യം നിക്ഷേപങ്ങളിൽ വിള്ളലുണ്ടാക്കി സ്റ്റെന്റ് ശരിയായി വികസിക്കാൻ സഹായിക്കുന്ന ഇൻട്രാവാസ്കുലർ ലിത്തോട്രിപ്സി ഉൾപ്പെടെയുള്ള നൂതന രീതികൾ വിദഗ്ധർ അവതരിപ്പിച്ചു.
എത്ര മികച്ച സ്റ്റെന്റായാലും ധമനി ശരിയായി സജ്ജമാക്കിയില്ലെങ്കിൽ പ്രതീക്ഷിച്ച ഫലം ലഭിക്കണമെന്നില്ലെന്ന് ഡോ. പി.കെ. അശോകൻ ചൂണ്ടിക്കാട്ടി. കാൽസ്യം നിക്ഷേപങ്ങളുടെ സ്വഭാവം മനസ്സിലാക്കി ആവശ്യമായ ചികിത്സ നടത്തിയശേഷം സ്റ്റെന്റ് സ്ഥാപിക്കുന്നതാണ് ദീർഘകാല ഫലത്തിന് നിർണായകമെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റെന്റിനുള്ളിൽ വീണ്ടും തടസ്സമുണ്ടാകുന്നതിന്റെ കാരണങ്ങൾ, പ്രധാന ഹൃദയധമനികളിലെ സങ്കീർണ തടസ്സങ്ങളുടെ ചികിത്സ, ഇൻട്രാവാസ്കുലർ അൾട്രാസൗണ്ട് (IVUS), ഒപ്റ്റിക്കൽ കോഹറൻസ് ടോമോഗ്രഫി (OCT) എന്നിവയുടെ ഉപയോഗം തുടങ്ങിയ വിഷയങ്ങളും സമ്മേളനത്തിൽ ചർച്ചയായി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 118 വിദഗ്ധർ പങ്കെടുക്കുന്ന സമ്മേളനത്തിൽ 23 ശാസ്ത്രീയ സെഷനുകളും 30 ചികിത്സാ കേസുകളുടെ അവതരണങ്ങളുമുണ്ട്.അന്താരാഷ്ട്ര, ദേശീയ വിദഗ്ദ്ധരടങ്ങുന്ന മുന്നൂറിലധികം പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. വെള്ളിയാഴ്ച ആരംഭിച്ച സമ്മേളനം ഞായറാഴ്ച സമാപിക്കും.
Content Highlights: Advanced imaging technologies improve angioplasty precision and long-term results., SCIP India's 10th national conference held in Kozhikode discussed modern treatment techniques., Intravascular Lithotripsy and other methods help treat complex calcium blockages in arteries., International guidelines strongly recommend imaging support for complex coronary blockages.