ഒരു സെക്കൻഡ് മതി കാര്യങ്ങൾ മാറിമറിയാൻ, ഹൃദയാഘാതം പലതും പഠിപ്പിച്ചു- ബോളിവു‍ഡ്താരം ശ്രേയസ് തൽപഡേ

ശ്രേയസ് തൽപഡേ | Photo: instagram.com/shreyastalpade27/
ശ്രേയസ് തൽപഡേ | Photo: instagram.com/shreyastalpade27/

ഹൃദയാഘാതം തന്നെ പാടേ മാറ്റിമറിച്ചുവെന്നും പലതും പഠിപ്പിച്ചുവെന്നും പറയുകയാണ് ബോളിവുഡ് നടൻ ശ്രേയസ് തൽപഡേ. ജീവിതത്തിൽ ഓരോ പദ്ധതികളും ഇട്ടുകൊണ്ടിരിക്കുന്നവരാണ് നമ്മൾ. നാളെ ഈ ഷൂട്ട് ചെയ്യണം, അങ്ങോട്ട് യാത്ര ചെയ്യണം, അവിടെ പോകണം ഇവിടെ പോകണം എന്നൊക്കെ പദ്ധതിയിടും. ആ മനോഭാവം ഇപ്പോൾ മാറിയെന്നും ജീവിതത്തിലെ പ്രാധാന്യങ്ങൾക്ക് മാറ്റംവന്നുവെന്നും ശ്രേയസ് പറയുന്നു. 

ഇന്ന് ജീവിതത്തോടുള്ള കാഴ്ച്ചപ്പാടു തന്നെ മാറി. മുമ്പ് ജോലിയായിരുന്നു പ്രധാനം. കഴിഞ്ഞ മുപ്പതുവർഷമായി ജോലിക്കുപിന്നാലെ ഓടുകയായിരുന്നു. പക്ഷേ ഇപ്പോഴാണ് ജീവിതത്തിൽ മറ്റുനിരവധി കാര്യങ്ങൾക്ക് തീരെ ശ്രദ്ധകൊടുത്തിരുന്നില്ലെന്ന് മനസ്സിലാകുന്നത്. കുടുംബമാണ് ഏറ്റവും പ്രധാനം. മകളുടെ വളർച്ച കാണുന്നതും അവൾക്ക് ആവശ്യമുള്ളപ്പോൾ ഒപ്പമുണ്ടാകുന്നതുമൊക്കെ എത്ര മനോഹരമാണെന്ന് തിരിച്ചറിഞ്ഞു.- ടൈംസ് നൗവിന് നൽകിയ അഭിമുഖത്തിലാണ് ശ്രേയസ് ഇക്കാര്യങ്ങൾ പങ്കുവെച്ചത്.

ആരോ​ഗ്യത്തിന് കരുതൽ നൽകേണ്ടതും പ്രധാനമാണെന്ന് ശ്രേയസ്സ് പറയുന്നു. ആരോ​ഗ്യം നന്നായി കാക്കുന്നവരെ അത്രയധികം ഒന്നും ബാധിക്കില്ല. പക്ഷേ നമ്മളത് ചെയ്യുന്നില്ല. കാരണം നാം പണമുണ്ടാക്കാനും ജീവിക്കാനുമുള്ള തിരക്കിട്ട ഓട്ടത്തിലാണ്. ഒരു സെക്കൻഡ് പോലും മതി കാര്യങ്ങൾ മാറിമറിയാൻ എന്ന് ഇതുപോലുള്ള അനുഭവങ്ങൾ മനസ്സിലാക്കിത്തരും. 

തന്റെ ശത്രുക്കൾപ്പോലും ഇത്തരമൊരു അവസ്ഥയിലൂടെ കടന്നുപോകരുതെന്നാണ് ആ​ഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ജീവിതത്തിലെ ഇത്തരം ഷോക്കുകൾ തീർച്ചയായും മാറ്റിമറിക്കും. അത് നിങ്ങളിൽ വിവേകമുണ്ടാക്കുകയും ജോലിയല്ലാതെ മറ്റുപലതും ജീവിതത്തിൽ ചെയ്യാനുണ്ടെന്ന് മനസ്സിലാക്കിക്കുകയും ചെയ്യും. അതിൽ ശ്രദ്ധകേന്ദ്രീകരിച്ച് മുന്നോട്ടുപോകുന്നവർക്ക് സന്തുഷ്ടരായിരിക്കാൻ കഴിയും. - ശ്രേയസ്സ് പറയുന്നു. 

'വെൽക്കം ടു ദ ജം​ഗിൾ' എന്ന സിനിമയുടെ സെറ്റിൽവെച്ചാണ് ശ്രേയസ് തൽപഡേക്ക് ഹൃദയാഘാതമുണ്ടായത്. ഹൃദയാഘാതലക്ഷണം അനുഭവപ്പെട്ടതിനേക്കുറിച്ച് ശ്രേയസ് തുറന്നുപറഞ്ഞതിങ്ങനെയാണ്: “അവസാന ഷോട്ടിനുശേഷം ശ്വാസം കിട്ടുന്നില്ലെന്ന് തോന്നി. ഇടതുകൈ വേദനിക്കാൻ തുടങ്ങി. വാനിറ്റി വാനിലേക്ക് നടന്നുപോകാനോ വസ്ത്രം മാറാനോ സാധിക്കുന്നുണ്ടായിരുന്നില്ല. സംഘട്ടനരം​ഗങ്ങളിൽ അഭിനയിച്ചതുകൊണ്ടുണ്ടായ പേശിവേദനയാണെന്നാണ് കരുതിയത്. മോശമായ ഒരു സാഹചര്യത്തേക്കുറിച്ച് നിങ്ങൾ അപ്പോഴും ചിന്തിക്കുന്നില്ല അല്ലേ? അതുപോലുള്ള തളർച്ച ജീവിതത്തിൽ ഒരിക്കലും ഞാൻ അനുഭവിച്ചിട്ടില്ല.”

ശ്രദ്ധിക്കേണ്ട പ്രാരംഭ ഹൃദ്രോഗ സൂചനകൾ എന്തൊക്കെയാണ്?

ഹൃദ്രോഗം പോലെ ജീവിതശൈലി പ്രശ്‌നങ്ങൾ കൊണ്ടുണ്ടാകുന്ന മിക്ക രോഗങ്ങളും വളരെ സാവധാനത്തിൽ ഗുരുതരമായിത്തീരുകയാണ് ചെയ്യുന്നത്. ഹൃദയധമനികളിൽ കൊഴുപ്പ് സാവധാനം അടിഞ്ഞ് ബ്ലോക്ക് ഉണ്ടാകുന്ന സ്ഥിതിയിലേക്ക് എത്തിച്ചേരുവാൻ പത്തോ ഇരുപതോ ചിലപ്പോൾ അതിലധികമോ വർഷങ്ങൾ തന്നെ എടുത്തേക്കാം. ചിലപ്പോൾ 20 അല്ലെങ്കിൽ 25 വയസ്സിൽ ആയിരിക്കും രോഗാവസ്ഥയുടെ ആദ്യപടികൾ ശരീരത്തിൽ കണ്ടു തുടങ്ങുന്നത്. പക്ഷേ ഈ സമയത്ത് ഇത് യാതൊരു തരത്തിലുള്ള രോഗലക്ഷണങ്ങളും സാധാരണയായി കാണിക്കാറില്ല. പ്രാഥമിക പരിശോധനയിൽ നിന്ന് ഹൃദ്രോഗ സാധ്യതകൾ തിരിച്ചറിയാൻ പോലും യഥാർഥത്തിൽ കഴിയുകയില്ല. എന്നാൽ ഏതാനും വർഷങ്ങൾ കഴിയുമ്പോഴേക്കും ചില ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നു. ഈ ലക്ഷണങ്ങളെയും ചിലപ്പോൾ നമുക്ക് തിരിച്ചറിയാൻ സാധിക്കാതെ വരാറുണ്ട്. വളരെ ക്ലാസിക്കൽ ആയ ഹൃദ്രോഗ ലക്ഷണങ്ങൾ (Typical Symptoms) ആരംഭിക്കുമ്പോൾ മാത്രമാണ് അതൊരു ഹൃദ്രോഗ സൂചനയായി പലപ്പോഴും നാം തിരിച്ചറിയുന്നത്. നടക്കുമ്പോൾ ശക്തമായ കിതപ്പ്, ജോലി ചെയ്യുമ്പോഴോ ഭാരം എടുക്കുമ്പോള്‍ അനുഭവപ്പെടുന്ന നെഞ്ചുവേദന എന്നിവ സാധാരണയായി ഹൃദ്രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങളായി കരുതപ്പെടുന്നു. 

എന്നാൽ, ഇതിനു മുമ്പേ ഹൃദ്രോഗസാധ്യത സംശയിക്കേണ്ട ചില സൂചനകൾ തിരിച്ചറിയപ്പെടേണ്ടതുണ്ട്. അമിതമായ ക്ഷീണം, ജോലി ചെയ്യുമ്പോഴോ ഭാരം എടുക്കുമ്പോഴോ ഇടതുകൈയിൽ ഉണ്ടാകുന്ന കടച്ചിൽ, അമിതമായ വിയർപ്പ്, കഴുത്ത് പിടിച്ച് മുറുക്കുന്നത് പോലെയുള്ള വേദന, അധ്വാനം ചെയ്യുമ്പോൾ ഉണ്ടാകുന്ന കണ്ണിൽ ഇരുട്ട് അടയ്ക്കൽ അല്ലെങ്കിൽ ബോധക്കേട് എന്നിവ ഹൃദ്രോഗത്തിന്റെ വിദൂര സൂചനകളായി മനസ്സിലാക്കേണ്ടതുണ്ട്. ഭാരപ്പെട്ട ജോലികൾ ചെയ്യുമ്പോൾ നെഞ്ചിൽ പതിവായി അസ്വസ്ഥത ഉണ്ടാകുകയും വിശ്രമിക്കുമ്പോൾ വേദനയ്ക്ക് ആശ്വാസം ലഭിക്കുകയും ചെയ്യുന്നവർ തീർച്ചയായും വൈദ്യോപദേശം തേടേണ്ടതാണ്. നെഞ്ചരിച്ചിൽ പ്രശ്‌നങ്ങളായോ ഗ്യാസിന്റെ ബുദ്ധിമുട്ടായോ അവയെ അവഗണിക്കരുത്.

Content Highlights: actor shreyas talpade on suffering heart attack