പല്ല് തേക്കുമ്പോൾ ഈ മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കണം; ബ്രഷിലും ശ്രദ്ധവേണം, ഡോക്ടർ പറയുന്നത്

Representative Image| Photo: Canva.com
Representative Image| Photo: Canva.com

മ്മുടെ മൊത്തത്തിലുള്ള ആരോ​ഗ്യത്തിന്റെ ഒരു പ്രധാന ഘടകമാണ് ദന്താരോഗ്യം. ദന്തശുചിത്വം കൃത്യമല്ലാത്തത് ഹൃദയോ​രോ​ഗ്യത്തെ വരെ ബാധിക്കും. അതിനാൽ, ദിവസവും രണ്ടുനേരം പല്ല് തേക്കേണ്ടത് നിർബന്ധമാണ്. പല്ല് തേക്കുമ്പോൾ എല്ലാ ഭാ​ഗത്തും ബ്രഷ് എത്തുന്നുണ്ട് എന്നും ഉറപ്പുവരുത്തണം. ഇപ്പോഴിതാ, ദന്താരോഗ്യത്തിൽ നമ്മൾ സാധാരണയായി വരുത്തുന്ന മൂന്ന് തെറ്റുകളെക്കുറിച്ച് സംസാരിക്കുകയാണ് ജനറൽ ഡെന്റിസ്റ്റ് ഡോ. സുരിന സെഹ്ഗാൾ. 

പല്ലിനും മോണയ്ക്കും ഇടയിൽ ബ്രഷ് ചെയ്യാതിരിക്കുന്നത്
ഭൂരിഭാ​ഗം ആളുകളും പല്ലുകൾ മാത്രമാണ് ബ്രഷ് ചെയ്യുന്നത്. ഒരുകാരണവശാലും ബ്രഷ് ചെയ്യുമ്പോൾ മോണയും പല്ലും ചേരുന്ന ഭാഗം അവഗണിക്കരുത്. ഇത് പല്ലുകൾക്കിടയിൽ പ്ലാക്ക് അടിഞ്ഞുകൂടുന്നതിന് കാരണമാകും. മോണകൾ ഈർപ്പമുള്ളതും, ബാക്ടീരിയകൾ വളരാൻ അനുയോജ്യമായതുമായ ഒരിടമാണ് എന്നാണ് ഡോക്ടർ പറയുന്നത്. അതിനാൽ, ദിവസത്തിൽ രണ്ടുനേരം കൃത്യമായി ബ്രഷ് ചെയ്യേണ്ടതാണ്. 

നാവ് വൃത്തിയാക്കാതിരിക്കുന്നത്
ദിവസവും നാവ് വൃത്തിയാക്കുന്നതും ദന്തശുചിത്വത്തിന്റെ ഭാ​ഗമാണ്. പല്ലുകളിൽ മാത്രമല്ല നാവിലും പ്ലാക്ക് അടിഞ്ഞുകൂടാം. നാവ് വൃത്തിയാക്കാതിരിക്കുന്നത് ബാക്ടീരിയകൾ അടിഞ്ഞുകൂടാനും ഇത് വായനാറ്റമുണ്ടാക്കാനും സാധ്യതയുണ്ട്. 

വിസ്ഡം ടൂത്ത് വൃത്തിയാക്കാൻ പ്രത്യേക ബ്രഷ് ഉപയോഗിക്കാം
വിസ്ഡം ടൂത്ത് വൃത്തിയാക്കുന്നതിന് ഒരു പ്രത്യേക ബ്രഷ് ഉപയോഗിക്കണമെന്നാണ് ഡോക്ടർ പറയുന്നത്. ഇത് വളരെ പ്രധാനമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഭക്ഷണം, പ്ലാക്ക്, ബാക്ടീരിയകൾ എന്നിവ ദീർഘനേരം മോണയുടെ അടിയിൽ അടിഞ്ഞുകൂടാൻ സാധ്യതയുണ്ട്. അതിനാൽ സിംഗിൾ-ടഫ്റ്റഡ് ബ്രഷ്(single tufted brush) ഉപയോഗിച്ച് ആ ഭാഗം വൃത്തിയാക്കുന്നുവെന്ന് ഉറപ്പാക്കുക.

Content Highlights: Essential Dental Hygiene Practices: 3 Common Mistakes to Avoid