ജീവിതശൈലി മെച്ചപ്പെടുത്തി കാന്‍സര്‍ സാധ്യത കുറയ്ക്കാം; മൂന്ന് പാനീയങ്ങള്‍ നിര്‍ദേശിച്ച് ഡോക്ടര്‍

ഏറ്റവും മാരകമായ രോഗങ്ങളിൽ ഒന്നാണ് കാൻസർ. ലോകത്തിൽ തന്നെ മരണകാരണങ്ങളിൽ രണ്ടാം സ്ഥാനത്തുള്ളതും ഇതേ രോഗമാണ്. കാൻസർ സ്ക്രീനിങ്, മരുന്നുകൾ, ചികിത്സ, പ്രതിരോധ മാർഗങ്ങൾ എന്നിവയിലുണ്ടായ പുരോഗതി കാരണം അതിജീവന നിരക്ക് മെച്ചപ്പെടുന്നുണ്ടെങ്കിലും കാൻസർ എന്നു കേൾക്കുന്നത് ഇപ്പോഴും ആളുകൾക്ക് പേടിയാണ്.
എന്നാൽ, ഇപ്പോഴിതാ ആഹാരക്രമത്തിലൂടെയും വ്യായാമത്തിലൂടെയും ജീവിതശൈലി മെച്ചപ്പെടുത്തി കാൻസർ സാധ്യത കുറയ്ക്കാമെന്ന് പറയുകയാണ് പ്രശസ്ത ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് സൗരഭ് സേഥി. അതിന് കഴിയുന്ന മൂന്ന് പാനീയങ്ങളും അദ്ദേഹം പരിചയപ്പെടുത്തി. ഈ മൂന്ന് പാനീയങ്ങൾ കാൻസർ സാധ്യത കുറയ്ക്കാൻ സഹായിച്ചേക്കാം, ഒരു ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് എന്ന നിലയിൽ ഞാൻ ഇവ ദിവസവും കുടിക്കാറുണ്ട്, എന്ന അടിക്കുറിപ്പോടെയാണ് സൗരഭ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഗ്രീൻ ടീ
ഗ്രീൻ ടീയിൽ catechins പോലുള്ള ആൻറി ഓക്സിഡൻറുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട് എന്നാണ് ഡോക്ടർ പറയുന്നത്. ഇപ്പോൾ പലരുടേയും പ്രിയപ്പെട്ട ഡ്രിങ്കായ മാച്ചാ ടീ ഗ്രീൻ ടീയുടെ കോൺസൺട്രേറ്റഡ് രൂപമാണെന്നും ഇത് കൂടുതൽ ഫലപ്രദമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചായ, പയർവർഗങ്ങൾ, ചില ഔഷധഗുണമുള്ളതുമായ സസ്യങ്ങൾ എന്നിവയിൽ കാണപ്പെടുന്ന സ്വാഭാവിക പോളിഫെനോളിക് ഫൈറ്റോകെമിക്കലുകളാണ് catechins എന്നാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (NIH) വ്യക്തമാക്കുന്നത്. catechins അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഇൻഫ്ലമേറ്ററി ബവൽ ഡിസീസ് (IBD) രോഗങ്ങളെ തടയുമെന്നും ചില പഠനങ്ങൾ വ്യക്തമാക്കുന്നു.
ഗ്രീൻ സ്മൂത്തി
ചീരയോടൊപ്പം വെള്ളരി, സെലറി, അല്പം ഇഞ്ചി എന്നിവ ചേർത്ത് സ്മൂത്തി തയ്യാറാക്കുന്നത് ആരോഗ്യത്തിന് മികച്ചതാണെന്നാണ് ഡോക്ടർ പറയുന്നത്. ഈ പാനീയം പോഷകങ്ങളാൽ സമ്പുഷ്ടമാണെന്നും ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഞ്ഞൾ പാൽ
ചേരുവകളിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹം മഞ്ഞൾ പാലിനെക്കുറിച്ച് സംസാരിച്ചത്. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ ശരീരത്തിലെ വീക്കം കുറയ്ക്കുമെന്നും ഇതിന് ക്യാൻസറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പോഷക ഗുണങ്ങൾ വേഗത്തിൽ ആഗിരണം ചെയ്യുന്നതിന് ബദാം പാലും ഒരു നുള്ള് കുരുമുളകും ചേർക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: 3 Cancer-Fighting Drinks: Expert Recommendations for Reducing Risk