'മൈറ'യ്ക്ക് ഇനി വിശ്രമം; ഡോഗ് തെറാപ്പിയിലൂടെ ആശ്വാസമേകിയത്‌ അര്‍ബുദബാധിതരായ നിരവധി കുട്ടികള്‍ക്ക്‌

മൈറ കുട്ടികളോടൊപ്പം| ഫോട്ടോ:Instagram/ impacctfoundation
മൈറ കുട്ടികളോടൊപ്പം| ഫോട്ടോ:Instagram/ impacctfoundation

മുംബൈ: ടാറ്റ മെമ്മോറിയല്‍ ആശുപത്രിയില്‍ അര്‍ബുദബാധിതരായ കുട്ടികള്‍ക്ക് ആശ്വാസമേകുന്ന 'മൈറ' ഇനി വിശ്രമജീവിതത്തിലേക്ക്. ഡോഗ് തെറാപ്പിയിലെ നായയാണ് വിരമിച്ചത്. 12-വയസ്സായതാണ് സേവനം അവസാനിപ്പിക്കാന്‍ കാരണം. ടാറ്റ മെമ്മോറിയല്‍ ആശുപത്രിയിലെ ഒ.പി.ഡി.യില്‍ കുട്ടികള്‍ക്കൊപ്പം കളിച്ച് സന്തോഷം പങ്കുവെച്ചാണ് മൈറ സേവനം അവസാനിപ്പിച്ചത്.

ടാറ്റ മെമ്മോറിയല്‍ ആശുപത്രി 2023 ജനുവരിയിലാണ് രോഗബാധിതരായ കുട്ടികള്‍ക്ക് ഡോഗ് തെറാപ്പി തുടങ്ങിയത്. കുട്ടികളുടെ മാനസികാരോഗ്യത്തെ ക്രിയാത്മകമായി സ്വാധീനിക്കുന്നതിനും വീണ്ടെടുക്കലിന് സഹായിക്കുന്നതിനുമായി ആഴ്ചയില്‍ രണ്ടുതവണയാണ് മൈറ സേവനത്തിനെത്തുന്നത്.

ഉപേക്ഷിക്കപ്പെട്ട നായയായ മൈറയെ ഡോഗ് തെറാപ്പിസ്റ്റായ ബെഹ്റോസ് മിസ്ത്രി രക്ഷപ്പെടുത്തി പരിശീലനം നല്‍കുകയായിരുന്നു.

ചികിത്സയ്ക്കും പരിശോധനകള്‍ക്കും മടികാണിച്ചിരുന്ന കുട്ടികളുമായി കളിക്കാന്‍ മൈറയെ പഠിപ്പിച്ചെടുത്തു. ബെഹ്റോസിനൊപ്പം മൈറ ആഴ്ചയില്‍ രണ്ടുതവണ ഒ.പി.ഡി. സന്ദര്‍ശിക്കാന്‍ തുടങ്ങി.

ടാറ്റ മെമ്മോറിയല്‍ ആശുപത്രിയിലെ കുട്ടികളുടെ വിഭാഗത്തിലെ ഒ.പി.ഡി.യില്‍ പ്രതിദിനം 300-ഓളം രോഗികള്‍ ചികിത്സയ്‌ക്കെത്തുന്നുണ്ട്. സുഫി എന്ന മറ്റൊരു നായ താമസിയാതെ ആശുപത്രിയിലെ ഒ.പി.ഡി.യിലെത്തും.

ഡോഗ് തെറാപ്പി ആരംഭിച്ചതുമുതല്‍ കുട്ടികളുടെ മാനസികാവസ്ഥ മെച്ചപ്പെട്ടിരുന്നതായി ടാറ്റ മെമ്മോറിയല്‍ ആശുപത്രിയിലെ അര്‍ബുദരോഗവിദഗ്ധനും അക്കാദമിക് ഡയറക്ടറുമായ ഡോ. ശ്രീപാദ് ബനവാലി പറഞ്ഞു.

Content Highlights: 12 year old dog therapist myra retires from tata memorial hospital