ഇന്ത്യയിൽ പത്തുലക്ഷത്തിലധികം കുട്ടികൾ 2022-ൽ മീസിൽസ് വാക്സിനെടുത്തിട്ടില്ല-ലോകാരോഗ്യസംഘടന

ന്യൂഡൽഹി: ഇന്ത്യയിൽ പത്തുലക്ഷത്തിലധികം കുട്ടികൾ 2022-ൽ മീസിൽസിനുള്ള പ്രതിരോധകുത്തിവെപ്പ് എടുത്തിട്ടില്ലെന്ന് ലോകാരോഗ്യസംഘടന. സി.ഡിസി.(US Centers for Disease Control and Prevention )-യുടേയും ലോകാരോഗ്യസംഘടനയുടേയും റിപ്പോർട്ടിലാണ് ഇക്കാര്യം പരാമർശിച്ചിരിക്കുന്നത്.
ഉയർന്ന പകർച്ചാസാധ്യതയുള്ള മീസിൽസ് അഥവാ അഞ്ചാംപനി തടയുന്നതിൽ പ്രതിരോധകുത്തിവെപ്പ് പ്രധാനമാണ്. 194 രാജ്യങ്ങളിൽ നിന്നുള്ള കണക്കുകൾ ശേഖരിച്ചാണ് മീസിൽസ് കുത്തിവെപ്പിന്റെ പുരോഗതി പരിശോധിച്ചത്. തുടർന്നാണ് മീസിൽസിനുള്ള പ്രതിരോധകുത്തിവെപ്പ് എടുക്കാത്ത കുട്ടികളുടെ എണ്ണത്തിൽ ഇന്ത്യയും ഉൾപ്പെട്ടത്. ഇന്ത്യയിൽ പത്തുലക്ഷത്തിലധികം കുട്ടികൾക്കാണ് കുത്തിവെപ്പ് കിട്ടാതിരുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയേക്കൂടാതെ നൈജീരിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, എത്യോപ്യ, പാകിസ്താൻ, അംഗോള, ഫിലിപ്പീൻസ്, ഇന്തോനേഷ്യ, ബ്രസീൽ, മഡഗാസ്കർ തുടങ്ങിയ രാജ്യങ്ങളും മീസിൽസ് കുത്തിവെപ്പിന്റെ കാര്യത്തിൽ പുറകിലാണ്. 2022-ൽ മീസിൽസ് വ്യാപനം ഉണ്ടായ 37രാജ്യങ്ങളിൽ ഒന്നുമായിരുന്നു ഇന്ത്യ.
ആഗോളതലത്തിൽ 33ദശലക്ഷം കുട്ടികൾക്കാണ് 2022-ൽ മീസിൽസ് വാക്സിൻ നഷ്ടമായതെന്ന് റിപ്പോർട്ടിൽ പറയുന്നു. 22 ദശലക്ഷത്തോളം പേർക്ക് ഒന്നാംഘട്ട ഡോസും 11 ദശലക്ഷം പേർക്ക് രണ്ടാംഡോസും നഷ്ടമായെന്ന് റിപ്പോർട്ടിലുണ്ട്. മീസിൽസ് മൂലമുള്ള മരണവും രോഗവ്യാപനവും തടയാൻ വാക്സിനേഷൻ പരിപാടികൾ ശക്തമാക്കമെന്ന് സി.ഡി.സി.യുടെ ആഗോള പ്രതിരോധകുത്തിവെപ്പ് വിഭാഗത്തിന്റെ ഡയറക്ടറായ ഡോൺ വെർട്ഫ്യുയ്ലെ പറഞ്ഞു.
അഞ്ചാംപനി അഥവാ മീസല്‍സ് ഇവ ശ്രദ്ധിക്കാം
രോഗം
വൈറസാണ് രോഗം പരത്തുന്നത്. വായുവിലൂടെ അതിവേഗം പകരും. ഉമിനീര്‍ത്തുള്ളിയിലൂടെയും പകരാം. കോവിഡിനേക്കാള്‍ വ്യാപനശേഷിയുണ്ട്.
ലക്ഷണം
കണ്ണ് ചുവന്നുവരും. വായില്‍ തരിതരിപോലെ ഉണ്ടാകും. നാലഞ്ചുദിവസംകൊണ്ട് മുഖത്തും ദേഹമാസകലവും തരിതരിപോലെ പൊന്തും. ജലദോഷ ലക്ഷണങ്ങളും കാണിക്കും.
പ്രത്യാഘാതം
കുറച്ചുകാലത്തേക്കെങ്കിലും രോഗപ്രതിരോധശേഷി തീര്‍ത്തും കുറയും. ഈ കാലയളവില്‍ ബാക്ടീരിയ ആക്രമണംമൂലം പലവിധ രോഗങ്ങള്‍ വരാം. വയറിളക്കം, ന്യുമോണിയ, തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് തുടങ്ങിയവ വന്നേക്കാം. അപസ്മാരത്തിനിടയാക്കും. മരണംവരെ സംഭവിക്കാം.
ഭാവിയിലും രോഗസാധ്യത
അഞ്ചാംപനി ബാധിച്ചവര്‍ക്ക് പത്തുവര്‍ഷത്തിനുശേഷവും തലച്ചോറിനെ ബാധിക്കുന്ന പലവിധ രോഗങ്ങള്‍ വരും.
എങ്ങനെ തടയാം ?
മീസല്‍സ് റൂബെല്ല (എം.ആര്‍.) വാക്സിന്‍ രണ്ടുഡോസ് എടുത്താല്‍ 80-90 ശതമാനം പേര്‍ക്കും രോഗംവരാതെ കഴിയും. കുഞ്ഞ് ജനിച്ച് ഒമ്പതുമാസമാകുമ്പോള്‍ ഒന്നാംഡോസും ഒന്നരവയസ്സാകുമ്പോള്‍ രണ്ടാംഡോസും എടുക്കണം. അഞ്ചുവയസ്സിനുള്ളിലെങ്കിലും രണ്ടുഡോസും എടുത്തിരിക്കണം. അഞ്ചാംപനിയുടെ മാത്രമല്ല, കേന്ദ്ര സര്‍ക്കാര്‍ ദേശീയ പ്രതിരോധ പരിപാടിയില്‍ പെടുത്തിയിരിക്കുന്ന എല്ലാ പ്രതിരോധ കുത്തിവെപ്പുകളും 16 വയസ്സിനകം എടുക്കേണ്ടതുണ്ട്. ആറായിരത്തോളം രൂപ വിലവരുന്ന വിവിധ വാക്സിനുകളാണ് സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്നത്.
Content Highlights: 1.1mn Indian children missed measles vaccine in 2022: WHO