റോഡില്‍ തുപ്പല്ലേ... 'സ്റ്റോപ്പ് ഇന്ത്യ സ്പിറ്റിങ്' പ്രചാരണം സംസ്ഥാനത്തും

കോഴിക്കോട്: കോവിഡ് മൂന്നാംതരംഗം മുന്‍നിര്‍ത്തി പൊതുഇടങ്ങളില്‍ തുപ്പുന്നതിനെതിരേ 'സ്റ്റോപ്പ് ഇന്ത്യ സ്പിറ്റിങ്' കാമ്പയിന്‍ സംസ്ഥാനത്തും വ്യാപിപ്പിക്കുന്നു. ബെംഗളൂരു കേന്ദ്രീകരിച്ചുള്ള 'ബ്യൂട്ടിഫുള്‍ ഭാരത്' സംഘടനയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം. പൊതുഇടങ്ങളില്‍ തുപ്പുന്നത് ശിക്ഷാര്‍ഹമാണെന്ന കേന്ദ്രമാര്‍ഗനിര്‍ദേശം വന്നത് 2020 ഏപ്രിലിലാണ്. ഇതിലേക്ക് വഴി തെളിച്ച ബ്യൂട്ടിഫുള്‍ ബെംഗളൂരു സംഘടനയാണ് പിന്നീട് ബ്യൂട്ടിഫുള്‍ ഭാരതായത്. ഇതിന്റെ കോ-ഫൗണ്ടര്‍ ഓഡറ്റ് കത്രകിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം.
വിവിധ സന്നദ്ധ സംഘടനകള്‍, ആരോഗ്യപ്രവര്‍ത്തകര്‍, എന്‍.എസ്.എസ്., കോളേജ് വിദ്യാര്‍ഥികള്‍ എന്നിവരെയെല്ലാം ഉള്‍ക്കൊള്ളിച്ചാണ് ബ്യൂട്ടിഫുള്‍ ഭാരത് ബോധവത്കരണം നടത്തുന്നത്. തുപ്പലിലൂടെ കോവിഡ് മാത്രമല്ല ടി.ബി. പോലുള്ള രോഗങ്ങളും വന്നേക്കും. ഇത്തരം കാര്യങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ചാണ് ബോധവത്കരണം. വിവിധ ഭാഷകളിലുള്ള പോസ്റ്റര്‍, ചെറുവീഡിയോകള്‍ എന്നിവയെല്ലാം ഇതിനായി ഉപയോഗിക്കുന്നുണ്ട്. ആദ്യപടിയായി തിരുവനന്തപുരത്ത് റോട്ടറിക്ലബ്ബുമായി ചേര്‍ന്ന് വെബിനാര്‍ നടത്തി. ഓരോ ജില്ലയിലും വൊളന്റിയര്‍മാര്‍ വഴിയാണ് പ്രവര്‍ത്തനം. രാജ്യത്തൊട്ടാകെ 80-ല്‍ ഏറെ സന്നദ്ധ സംഘടനകള്‍ ഭാഗമായിട്ടുണ്ട്. ബെംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുള്‍പ്പെടെ ഉദ്യമത്തില്‍ പങ്കാളികളായി്.
പൊതുസ്ഥലങ്ങളില്‍ തുപ്പുന്നതിന് 2000 രൂപ വരെ പിഴ ചുമത്താനാകും. കേന്ദ്രമാര്‍ഗനിര്‍ദേശം വരുംമുമ്പേ സുല്‍ത്താന്‍ബത്തേരിയിലും കോഴിക്കോട്ടും ഇത്തരത്തില്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. കോവിഡ് കാലത്ത് സര്‍ക്കാര്‍ 'തുപ്പല്ലേ തോറ്റുപോകും' എന്ന രീതിയിലും പ്രചാരണം നടത്തി. കോവിഡ് ഇളവുകള്‍ക്കൊപ്പം പഴയശീലങ്ങളും തിരിച്ചുവരുകയാണ്. ആ സാഹചര്യത്തിലാണ് കാമ്പയിന്‍. ''ഒരാള്‍ തുപ്പലിലൂടെ പലരിലേക്കും രോഗം പകര്‍ത്തുകയാണ്. മാസ്‌ക് ഉണ്ടെങ്കിലും അത് മാറ്റി തുപ്പുന്നവരുണ്ട്. ആ സ്ഥിതി മാറണം. ജനങ്ങള്‍ കൂടുതലായി എത്തുന്ന ബസ് സ്റ്റാന്‍ഡ്, മറ്റ് സ്ഥലങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ബോധവത്കരണം നടത്തും''- ഓഡറ്റ് കത്രക് പറഞ്ഞു.
Content Highlights: ‘Stop Spitting’ campaign flagged off in Kerala
Content Highlights: