മരുന്ന് കഴിക്കുമ്പോൾ എന്തുകൊണ്ട് ക്ഷീണവും അസിഡിറ്റിയുമൊക്കെ അനുഭവപ്പെടുന്നു? ഡോക്ടറുടെ കുറിപ്പ്

ചില രോഗികൾ ഡോക്ടർക്കു മുമ്പിൽ എത്തുമ്പോഴേക്കും മരുന്നുകളെക്കുറിച്ച് ഡോക്ടർമാർക്ക് ചില നിർദേശങ്ങൾ നൽകും. അതിൽ പ്രധാനമായുള്ളത്, ഹൈ ഡോസ് മരുന്ന് എഴുതരുതെന്ന് അങ്ങോട്ട് ആവശ്യപ്പെടലാണ്. മരുന്നുകളെക്കുറിച്ചുള്ള ഈ അബദ്ധധാരണകളെക്കുറിച്ച് ഫേസ്ബുക്കിലൂടെ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ഇ.എൻ.ടി. വിഭാഗം ജൂനിയർ കൺസൾട്ടന്റായ ഡോ.റോഷിത് ശ്രീപുരി. മരുന്ന് കഴിക്കുമ്പോൾ ഉറക്കം ഉൾപ്പെടെയുള്ള ക്ഷീണവും അസിഡിറ്റിയുമൊക്കെ അനുഭവപ്പെടുന്നതിനേക്കുറിച്ചും അത്തരം സാഹചര്യങ്ങൾ എന്തുകൊണ്ട് ഉണ്ടാകുന്നു എന്നതിനേക്കുറിച്ചൊക്കെയാണ് ഡോ.റോഷിത് കുറിക്കുന്നത്. ലളിതമായ പാർശ്വഫലത്തെ തെറ്റിദ്ധരിച്ച് കീമോഫോബിയ വരുത്താതിരിക്കാമെന്നു പറഞ്ഞാണ് ഡോ.റോഷിത് കുറിപ്പ് അവസാനിപ്പിക്കുന്നത്.
കുറിപ്പിലേക്ക്...
ഡോക്റ്ററേ …, എനിക്ക് ഹൈഡോസുള്ള മരുന്ന് വേണ്ടാട്ടോ …
മരുന്നെഴുതാൻ നേരത്ത്ചിലരുടെ ഓർമ്മപ്പെടുത്തലാണ്
എന്താണ് സ്ട്രോങ്ങ് അഥവാ ഹൈഡോസ് ഗുളിക ? സത്യത്തിൽ അങ്ങനൊന്നുണ്ടോ???
പൊതുവേ കഴിച്ചാൽ ഉറക്കം വരുന്നതോ ക്ഷീണം തോന്നുന്നതോ ആയ മരുന്നുകളെയാണ് ഇത്തരത്തിൽ ഉദ്ദേശിക്കുന്നത്.
ഈ വിഭാഗത്തിൽ വരുന്നത് മിക്കവയും അലർജി ,ചുമ , മൂക്കടപ്പ് മുതലായവയ്ക്കുള്ള ആൻറിഹിസ്റ്റമിൻ വിഭാഗത്തിലുള്ള മരുന്നുകളാണ്. രോഗസംബന്ധമായ നീർക്കെട്ടിനും(inflammation) അലർജിക്കുമെല്ലാം നിദാനമായ ഹിസ്റ്റമിൻ എന്ന രക്തത്തിലെ രാസഘടകത്തിന്റെ പ്രവർത്തനം തടയുകയും അതുവഴി ആ ചാക്രികപ്രവർത്തനത്തിൽ തടസ്സമുണ്ടാക്കി തന്മാത്രതലത്തിൽതന്നെ പ്രവർത്തിച്ച് ആശ്വാസം നൽകുകയുമാണ് ഈ മരുന്നുകളുടെ ധർമ്മം.
എന്നാൽ ഇത്തരത്തിലുള്ള ചില മരുന്നുകൾ തലച്ചോറിലെ ഹിസ്റ്റമിൻ കേന്ദ്രങ്ങളിൽ കൂടി പ്രവർത്തിക്കുകയും central histamine reception block ഉണ്ടാക്കുകയും ചെയ്യാം. ഇത് തലച്ചോറിന്റെ പ്രവർത്തനത്തെ ചെറുതായി മന്ദീഭവിപ്പിക്കുകയും ഉറക്കമുണ്ടാക്കുകയും ചെയ്യും.
ഇത്തരത്തിലുണ്ടാകുന്ന ഉറക്കമാണ് മരുന്നിന്റെ ദോഷമായും ഹൈഡോസായുമെല്ലാം കരുതപ്പെടുന്നത്. ഇത് മരുന്നിന്റെ ഡോസ് കൂടിയത്കൊണ്ടല്ല മറിച്ച് മറ്റൊരുതലത്തിലെ ആക്ഷൻ കൊണ്ട് മാത്രം വരുന്നതാണ് . ഞരമ്പിന്റെ പ്രവർത്തനത്തകരാറുകൾ , വേദന, പുകച്ചിൽ , അപസ്മാരം , തലവേദന എന്നിവയ്ക്കൊക്കെ ഉപയോഗപ്പെടുന്ന ആൻറികൺവൽഷൻ ആൻറിഡിപ്രഷൻ മരുന്നുകൾ മുതലായവയ്ക്കും ഇതുപോലെ സെൻടൽഹിസ്റ്റമിൻ ബ്ലോക്കുകൾ ഉണ്ടാക്കുന്ന കഴിവുണ്ട്. അത് ഞരമ്പുകളുടെ അനിയന്ത്രിത പ്രചോദനം(neuronal hyper excitability) തടയുന്നതിന്റെ ഭാഗം കൂടിയാണ് . രോഗനിവാരണത്തിന് അനിവാര്യമായ ആധികുറയ്ക്കൽ(anxiolytic)പ്രവർത്തനവും ഇതിന്റെ കൂടെയുണ്ടാവും.
ഇത്തരം മരുന്നുകൾ ഡോസ്കൂടുന്നതിന്നന്നുസരിച്ച് കൂടുതൽ ഉറക്കംഉണ്ടാക്കുമെന്നത് സത്യമാണ്. എന്നാൽ പലഡോസിലും പല ഫലങ്ങൾ ഉണ്ടാക്കുന്നതിനാൽ ഡോക്റ്റർ , രോഗിയുടെ പ്രായം രോഗലക്ഷണങ്ങൾ ,ബോഡിവെയ്റ്റ് , കൂടെകഴിക്കുന്നമരുന്നുകൾ എന്നിവയെല്ലാം കണക്കിലെടുത്താണ് ഡോസ് നിശ്ചയിക്കുക . ഉദാഹരണംപറഞ്ഞാൽ തുടർച്ചയായി അപസ്മാരമുണ്ടാവുന്ന ആൾക്കും ഡയബറ്റിസ്കൊണ്ടു കാലിൽപുകച്ചിലുണ്ടാക്കുന്ന ആൾക്കും ഒരേതരം മരുന്ന് നിഷ്കർഷിച്ചാലും രണ്ടിനും രണ്ടുതരം ഡോസ് ആയിരിക്കും ഉപയോഗിക്കുക എന്ന് സാരം.
എന്നാൽ മേൽപറഞ്ഞ എല്ലാമരുന്നുകളും ഉണ്ടാക്കുന്ന ഈ താൽക്കാലിക ‘ഉറക്കം’തികച്ചും വ്യക്തിപരമായിരിക്കും . അതായത് വീട്ടിലെ മൂന്ന് പേർക്ക് ഒരേ ചുമയുടെ മരുന്ന് ഒരേ അളവിൽ നൽകിയാൽ ഒരാൾക്ക് ചെറിയ ഉറക്കം വരാനും ഒരാൾക്ക് ഒരു പ്രശ്നവുമില്ലാതിരിക്കാനും ഒരാൾ നല്ല രീതിയിൽ ഉറങ്ങാനും സാധ്യതയുണ്ട്. അതിന് ഡോസുമായി ബന്ധം വേണമെന്നില്ല.
പിന്നെ ഹൈഡോസ് മരുന്നുകളായി വ്യഖ്യാനിക്കപ്പെടുന്നത് വയറിന് എരിച്ചിൽ ഉണ്ടാക്കുന്ന വേദനസംഹാരികളും ചില ആൻറിബയോട്ടിക്കുകളുമാണ്. ഇത് വയറ്റിലുണ്ടാക്കുന്ന അസിഡിറ്റിയെ ആണ് മരുന്നിന്റെ പ്രശ്നമായി കണക്കാക്കപ്പെടുന്നത്. മേൽപറഞ്ഞ എല്ലാകാര്യങ്ങളും വ്യക്തിപരവൈവിധ്യങ്ങൾക്ക്(subjective variation) വിധേയമായതിനാൽ എല്ലാം തടയാൻകഴിയുന്ന കാര്യങ്ങളും ദീർഘകാലപ്രശ്നങ്ങൾ(long term side effects) ഇല്ലാത്തതുമാണ്.
ഇത് തടയാൻ .....
- ഡോക്ററുമായി കൃത്യമായ ആശയവിനിമയം നടത്തുക , ഒരേ ഫലം ലഭിക്കുന്ന ഇതര മരുന്ന് കുറിക്കാൻ ഇത് ഡോക്ടറെ സഹായിക്കും .
- ഒരിക്കൽ ക്ഷീണം തോന്നിച്ച മരുന്നിന്റെ പേര് കുറിച്ചെടുക്കുയോ മൊബൈലിൽ ഫോട്ടോ എടുത്തുവെക്കുകയോ ചെയ്യുക.
- കഴിക്കുന്ന സ്ഥിരമായതോ അല്ലാത്തതോ ആയ ഇതരമരുന്നുകളെകുറിച്ച് ഡോക്റ്ററോട് സൂചിപ്പിക്കുക. ചിലമരുന്നുകൾ ഒരുമിച്ച് കഴിക്കുന്നത് സങ്കലനഫലമുണ്ടാക്കും(additive effect)
- വേദനസംഹാരികൾ സ്വയം ഉപയോഗിക്കാതിരിക്കുക.
- ഭക്ഷണശേഷം മുൻപ് ,ശേഷം എന്നെഴുതിയത് കൃത്യമായി ശ്രദ്ധിക്കുക.
- ചിലമരുന്നുകളുടെ കൂടെ അസിഡിറ്റിതടയാനുള്ള മരുന്നുകൾ ചിലപ്പോൾ മുൻകൂട്ടികണ്ട് ഡോക്റ്റർതന്നിരിക്കും. എനിക്ക് വയറിന് പ്രശ്നമില്ലല്ലോ എന്ന് കരുതികഴിക്കാതിരിക്കുന്നത് നിങ്ങളെ കുഴപ്പത്തിലാക്കും
- ആത്യന്തികമായി ഇത് എനിക്ക്പറ്റാത്ത ഹൈഡോസ് മരുന്നെന്നോ ശരീരത്തിന് മരുന്നുകാരണമുണ്ടാകുന്ന ദോഷമാണെന്നോ പേടിക്കേണ്ട കാര്യമില്ല
- ലളിതമായ പാർശ്വഫലത്തെ തെറ്റിദ്ധരിച്ച് കീമോഫോബിയ വരുത്താതിരിക്കുക.
(എന്താണ് കീമോഫോബിയ? എല്ലാം ശരീരത്തിന് കേടുണ്ടാക്കുന്ന കെമിക്കലുകളാണ് എന്ന ചിന്താഗതിയിലുണ്ടാക്കുന്ന അകാരണഭയമാണിത് . നമ്മളടങ്ങുന്ന ഈ പ്രപഞ്ചം ആത്യന്തികമായി പീര്യോഡിക് ടേബിളിലെ ആറ്റങ്ങൾ മാത്രമാണ്. ശുദ്ധമെന്നും പ്രകൃതിദത്തമെന്നുമൊക്കെയുള്ള മാർക്കറ്റിങ്ങ് സ്ട്രാറ്റജികൾ ശീലിച്ച നമ്മുടെ തലച്ചോറിന് എളുപ്പത്തിലത് വഴങ്ങില്ലെന്ന് മാത്രം
Content Highlights: doctor roshith sreepury facebook note on chemophobia and pharmacophobia