ലോകത്തിൽ ഓരോ രണ്ടുമിനിറ്റിലും ഒരു സ്ത്രീയുടെ മരണത്തിന് കാരണമാകുന്ന അർബുദം, തിരിച്ചറിയാൻ വൈകുന്നത് അപകടം

സ്ത്രീകളിൽ ഏറ്റവും സാധാരണയായി കാണപ്പെടുന്ന അർബുദങ്ങളിൽ ഒന്നാണ് ഗർഭാശയഗള അർബുദം അഥവാ സെർവിക്കൽ കാൻസർ.
ലോകത്തിൽ ഓരോ രണ്ടുമിനിറ്റിലും ഒരു സ്ത്രീ സെർവിക്കൽ കാൻസർ ബാധിച്ചു മരിക്കുന്നുവെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. 2022-ൽ 6,60,000 പുതിയ കേസുകളും 3,50,000 മരണങ്ങളും സെർവിക്കൽ കാൻസർ മൂലം റിപ്പോർട്ട് ചെയ്തിരുന്നു. സെർവിക്കൽ കാൻസർ സംബന്ധിച്ച് അവബോധം പരത്തുന്നതിന്റെ ഭാഗമായാണ് എല്ലാവർഷവും നവംബർ 17 ഗർഭാശയഗള അർബുദ നിർമാർജന ദിനമായി ആചരിക്കുന്നത്.
സെർവിക്കൽ കാൻസർ നിർമാർജനം ചെയ്യുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി 2020 മുതലാണ് ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തിൽ ഗർഭാശയഗള അർബുദ നിർമാർജന ദിനം ആചരിച്ചുതുടങ്ങിയത്. എല്ലാ പെൺകുട്ടികളിലും വനിതകളിലും സെർവിക്കൽ കാൻസർ പ്രതിരോധം, സ്ക്രീനിങ്, ചികിത്സ എന്നിവ ലഭ്യമാക്കുമെന്ന് ഉറപ്പാക്കുകയാണ് ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം. പ്രതിരോധിക്കാനും ചികിത്സിക്കാനും കഴിയുമെന്നിരിക്കെ ഇപ്പോഴും സെർവിക്കൽ കാൻസർ മൂലമുള്ള മരണം കൂടിക്കൊണ്ടേയിരിക്കുകയാണ്.
സെർവിക്കൽ കാൻസർ ഇന്ത്യയിലും അപകടകരമായ തോതിൽ വർധിക്കുന്നുവെന്നാണ് കണക്കുകൾ പറയുന്നത്. രാജ്യത്ത് ലക്ഷത്തിൽ 16-17 പേർക്ക് രോഗം ബാധിക്കുന്നതായാണ് വിലയിരുത്തൽ. ആഫ്രിക്കൻ രാജ്യങ്ങൾ കഴിഞ്ഞാൽ ഏറ്റവുംകൂടുതൽ റിപ്പോർട്ടുചെയ്യപ്പെടുന്നതും ഇന്ത്യയിലാണ്. കേരളത്തിൽ ലക്ഷത്തിൽ ഏഴുപേർക്ക് രോഗം വരുന്നതായാണ് കണക്ക്. ലക്ഷത്തിൽ നാലുപേർക്കുമാത്രം ബാധിക്കുന്ന രീതിയിലേക്ക് കുറഞ്ഞാൽമാത്രമേ നിയന്ത്രണവിധേയമെന്ന് പറയാനാവൂ. രാജ്യത്ത് ഈ സ്ഥിതിയിലേക്ക് പെട്ടെന്നുതന്നെ കൊണ്ടുവരാവുന്ന ഏകസംസ്ഥാനവും കേരളമാണ്.
എന്താണ് സെർവിക്കൽ കാൻസർ?
മറ്റ് കാൻസറുകളിൽ നിന്നും വ്യത്യസ്തമായി സെർവിക്കൽ കാൻസർ ഉണ്ടാകുന്നത് ഒരു അണുബാധ മൂലമാണ്. ഹ്യൂമൻ പാപ്പിലോമ (എച്ച്.പി.വി.) എന്ന വൈറസ് ബാധ സർവ്വസാധാരണയായി കണ്ടുവരുന്ന ഒന്നാണ്. തൊലിപ്പുറത്തും ഗുഹ്യഭാഗത്തും കാലിലും ഒക്കെ അരിമ്പാറകൾ ഉണ്ടാക്കുന്നത് ഈ വൈറസാണ്. സ്പർശനത്തിലൂടെയും ലൈംഗിക ബന്ധത്തിലൂടെയും പകരുന്ന ഈ വൈറസ് വിവിധ തരത്തിലുണ്ട് (120 ലേറെ). അതിൽ 14 തരം വൈറസുകൾക്ക് അപകട സാധ്യത ഏറെയാണ്. അവ ഗർഭാശയ മുഖത്തു മാത്രമല്ല, മലദ്വാരം, യോനീഭാഗം, പുരുഷലിംഗം, വായ, തൊണ്ട, എന്നീ അവയവങ്ങളിലും കാൻസർ ഉണ്ടാക്കുന്നു. എച്ച്.പി.വി. 16, 18 എന്നിവയാണ് സെർവിക്കൽ കാൻസർ ഉണ്ടാകുന്നതിൽ മുഖ്യ പങ്കുവഹിക്കുന്നത്.
സെർവിക്കൽ കാൻസർ എങ്ങനെ ഉണ്ടാകുന്നു?
ഹ്യൂമൻ പാപ്പിലോമ വൈറസ് അണുബാധയുണ്ടായിട്ടുള്ള അഞ്ച് ശതമാനം സ്ത്രീകളുടെ സെർവിക്സിൽ വർഷങ്ങൾക്കുശേഷവും കോശ വ്യതിയാനങ്ങൾ നിലനിൽക്കുന്നു. ഈ കോശ വ്യതിയാനങ്ങളെ സെർവിക്കൽ ഇൻട്രാ എപ്പിത്തീലിയൽ നിയോപ്ലാസിയ (CIN) എന്നാണ് പറയുന്നത്. ഈ വ്യതിയാനങ്ങൾ കാലക്രമേണ കാൻസറായി മാറാൻ സാധ്യതയുണ്ട്. സെർവിക്കൽ ഇൻട്രാ എപ്പിത്തീലിയൽ നിയോപ്ലാസിയ കാൻസറായി മാറുന്നതിന് ഏകദേശം 10 വർഷം എടുക്കും. ഈ കാലയളവിൽ ഈ കോശ വ്യത്യാസങ്ങൾ നാം കണ്ടുപിടിച്ചു ഫലപ്രദമായി ചികിത്സിച്ചാൽ സെർവിക്കൽ കാൻസറിനെ നമുക്ക് ഫലപ്രദമായി പ്രതിരോധിയ്ക്കാൻ കഴിയും. ഇവിടെയാണ് സ്ക്രീനിംഗ് ടെസ്റ്റുകളുടെ പ്രാധാന്യം.
ലക്ഷണങ്ങൾ
തുടക്കത്തിൽ രോഗലക്ഷണങ്ങൾ ഉണ്ടാവണമെന്ന് നിർബന്ധമില്ല. രോഗം മൂർച്ഛിക്കുന്നതിനനുസരിച്ച് ഇടവിട്ടുള്ള രക്തസ്രാവം, ലൈംഗികബന്ധത്തിനു ശേഷമുള്ള രക്തം പോക്ക്, വെള്ളപോക്ക്, ബന്ധപ്പെടുമ്പോൾ ഉണ്ടാകുന്ന വേദന, അടിവയറ്റിൽ വേദന, നടുവേദന, അകാരണമായി ഭാരം കുറയുക, ആർത്തവവിരാമത്തിനു ശേഷമുള്ള രക്തസ്രാവം എന്നിവ കാണാം.
സ്ക്രീനിംഗ് ടെസ്റ്റുകൾ
പാപ് സ്മിയർ ടെസ്റ്റ്, LB സൈറ്റോളജി വയാ വിലീ (VIA VILI) HPV ഡി എൻ എ ടെസ്റ്റിംഗ്, കോൾപോസ്കോപ്പി എന്നിവയാണ് സെർവിക്കൽ കാൻസർ കണ്ടെത്തുന്നതിനുള്ള പ്രധാന ടെസ്റ്റുകൾ. കാൻസറിന്റെ മുന്നോടിയായി ഗർഭാശയഗളത്തിൽ കോശവികാസങ്ങളോ വ്യതിയാനങ്ങളോ സംഭവിക്കാം. പാപ് ടെസ്റ്റിലൂടെ 10-15 വർഷം മുമ്പ് തന്നെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടെത്താം, ഗർഭാശയത്തിൽനിന്ന് കൊഴിഞ്ഞു വീഴുന്ന കോശങ്ങൾ സ്പാച്ചുല എന്നൊരു ഉപകരണം കൊണ്ട് ശേഖരിച്ച് ഒരു ഗ്ലാസ് സ്ലൈഡിൽ പരത്തി കെമിക്കൽ റീ ഏജന്റുകൾ കൊണ്ട് നിറം നൽകി മൈക്രോസ്കോപ്പിലൂടെ പരിശോധിച്ച് മാറ്റങ്ങൾ കണ്ടു പിടിക്കുന്ന പ്രക്രിയയാണ് പാപ് സ്മിയർ ടെസ്റ്റ്. ഈ ടെസ്റ്റ് വേദനനാരഹിതവും ഒരു മിനിറ്റ് കൊണ്ട് കഴിയുന്നതും ചെലവു കുറഞ്ഞതുമാണ്. അഞ്ചു വർഷം കഴിഞ്ഞ് കാൻസർ വരാൻ സാധ്യതയുണ്ടെങ്കിൽ പോലും ഇതിലൂടെ മനസിലാക്കി ചികിൽസ ലഭ്യമാക്കാം. പല ഗുഹ്യരോഗങ്ങളും അണുക്കൾ പരത്തുന്ന രോഗങ്ങളും ട്യൂമറുകളുമെല്ലാം ഈ ടെസ്റ്റിലൂടെ കണ്ടുപിടിച്ചു ചികിത്സിക്കാൻ കഴിയും.
21-60 വയസ്സ് വരെയുള്ള സ്ത്രീകൾ പാപ് ടെസ്റ്റ് 3 വർഷം കൂടുമ്പോൾ ചെയ്യേണ്ടതാണ്. എച് പി വി ഡി എൻ എ ടെസ്റ്റിംഗ് (HPV DNA TESTING) എച് പി വി ഡി എൻ എ ടെസ്റ്റ് 30 വയസുകഴിഞ്ഞാൽ ചെയ്യാം. ഗർഭാശയമുഖത്തു നിന്നുള്ള കോശങ്ങളിലാണ് ഇതും ചെയ്യുന്നത്. പാപ് സ്മിയർ ടെസ്റ്റിനെ അപേക്ഷിച്ചു നോക്കുമ്പോൾ കുറച്ചുകൂടെ കൃത്യത കൂടിയ ടെസ്റ്റാണിത്.
ലിക്വിഡ് ബേസ്ഡ് സൈറ്റോളജി (LIQUID BASED CYTOLOGY)
കാൻസർ കണ്ടെത്തുന്നതിനുള്ള വേറൊരു പ്രക്രിയയയാണിത്. ഗർഭാശയമുഖത്തു നിന്ന് കൂടുതൽ കൃത്യതയോടെ കോശങ്ങൾ ശേഖരിക്കാനും സ്ലൈഡുകൾ തയ്യാറാക്കാനും ഇതിലൂടെ സാധിക്കുന്നു.
കോൾപോസ്കോപ്പി (COLPOSCOPY)
രോഗലക്ഷണങ്ങൾ ഉണ്ടോ എന്ന് നോക്കാൻ സെർവിക്സ് , യോനി എന്നിവ സൂക്ഷ്മമായി പരിശോധിക്കുന്നതിനുള്ള ഒരു പ്രക്രിയയാണ് കോൾപോസ്കോപ്പി എന്ന് പറയുന്നത്.
കോൾപോസ്കോപ്പി സമയത്ത്, ഡോക്ടർ കോൾപോസ്കോപ്പ് എന്ന പ്രത്യേക ഉപകരണം ഉപയോഗിക്കുന്നു. പാപ് സ്മിയർ പരിശോധനാ ഫലത്തിൽ പ്രശ്നങ്ങൾ കണ്ടാലാണ് കോൾപോസ്കോപ്പിക്ക് ശുപാർശ ചെയ്യാറുള്ളത്. ഈ ഉപകരണത്തിലൂടെ ഗർഭാശയമുഖം പതിന്മടങ്ങു വലിപ്പത്തിൽ കാണാനും ആവശ്യമെങ്കിൽ ബയോപ്സി എടുക്കാനും സാധിക്കും. മുൻകൂട്ടി കണ്ടെത്തി ചികിത്സ അവലംബിക്കുന്നതിലൂടെയും HPV കുത്തിവെപ്പ് എല്ലാവർക്കും എത്തിക്കുന്നതിലൂടെയും ഗർഭാശയള കാൻസർ ഒരു പരിധിവരെ തടയാനാകും.
എങ്ങനെ പ്രതിരോധിക്കാം?
1. HPV വാക്സിനേഷൻ
കുട്ടികളിൽ കൗമാര പ്രായത്തിൽ തന്നെ HPV വാക്സിൻ നൽകുക. ഒൻപത് മുതൽ 14 വയസ്സുവരെയുള്ള പ്രായമാണ് ഏറ്റവും ഉചിതം. രണ്ട് ഡോസ് ആയിട്ടാണ് നൽകേണ്ടത്. ആദ്യ ഡോസ് എടുത്ത് ആറു മാസത്തിനുശേഷം വേണം രണ്ടാം ഡോസ് നൽകാൻ. എച്ച്.പി.വി വാക്സിൻ സ്വീകരിക്കുന്നതോടെ ഭാവിയിൽ അണുബാധ ഉണ്ടാകാനുള്ള സാധ്യത ഇല്ലാതാവുകയാണ് ചെയ്യുന്നത്.
2. സ്ഥിരമായ പരിശോധന
30 വയസ്സുമുതലുള്ള സ്ത്രീകളിൽ ഓരോ അഞ്ച് മുതൽ 10 വർഷം കൂടുമ്പോഴും HPV ടെസ്റ്റ് നടത്തേണ്ടതുണ്ട്. അർബുദപൂർവ മാറ്റങ്ങൾ കണ്ടെത്തുന്നത് ആവശ്യമായ നടപടിക്രമങ്ങൾ സ്വീകരിക്കാൻ ഡോക്ടർമാരെ സഹായിക്കും. ഇത് അർബുദം വളരുന്നത് തടയുന്നു.
Content Highlights: Cervical cancer prevention is crucial. Learn how the HPV vaccine and regular screenings can significantly reduce cervical cancer risks and save lives.