നിയന്ത്രണ വിധേയമല്ലാത്ത പ്രമേഹം കരളിനെ കുഴപ്പത്തിലാക്കും; കരൾരോഗ കാരണങ്ങളും ഗുരുതര സാഹചര്യങ്ങളും

ഏപ്രിൽ മാസം 19ാം തിയ്യതി ലോക കരൾദിനമായി ആചരിക്കുകയാണ്. കരളിനെ അറിയാനും, കരളിനെ ബാധിക്കുന്ന അസുഖങ്ങളെക്കുറിച്ചറിയാനും, കരളിന്റെ ആരോഗ്യം ഉറപ്പ് വരുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കാനുമെല്ലാമായാണ് ഈ ദിനം ഉപയോഗപ്പെടുത്തുന്നത്.
നമ്മുടെ ശരീരത്തിൽ തലച്ചോർ കഴിഞ്ഞാൽ ഏറ്റവും സങ്കീർണ്ണമായ പ്രവർത്തന ശൈലിയുള്ള അവയവങ്ങളിലൊന്നാണ് കരൾ. നാം കഴിക്കുന്നതും കുടിക്കുന്നതുമായ മരുന്നും ഭക്ഷണവും വെള്ളവും ഉൾപ്പെടെയുള്ളതെല്ലാം എത്തിച്ചേരുന്നതും കടന്ന് പോകുന്നതും കരളിലൂടെയാണ്. അതുകൊണ്ട് തന്നെ നാം പുലർത്തുന്ന ചെറിയ അശ്രദ്ധകൾ പോലും കരളിനെ കുഴപ്പത്തിലാക്കും.
നിരവധി ധർമ്മങ്ങളാണ് കരൾ ഓരോ നിമിഷവും നിർവ്വഹിക്കുന്നത്. കരളിലെത്തുന്ന വിഷമയവസ്തുക്കളെ നീക്കം ചെയ്യൽ, അണുബാധയ്ക്കും അസുഖങ്ങൾക്കുമെതിരായി പോരാട്ടം നടത്തൽ, രക്തത്തിലെ പഞ്ചസാരയും അളവ് ക്രമീകരിക്കൽ, കൊളസ്ട്രോൾ നില നിയന്ത്രണവിധേയമാക്കൽ തുടങ്ങിയവയെല്ലാം കരളിന്റെ പ്രവർത്തന ധർമ്മങ്ങളാണ്. കരളിനെ ബാധിക്കുന്ന രോഗങ്ങളുടെ ലക്ഷണങ്ങൾ പലപ്പോഴും അത് മൂർച്ഛിച്ച ശേഷമാണ് പ്രകടമാക്കപ്പെട്ട് തുടങ്ങുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളിയായി മാറുന്നത്. എന്നാൽ നേരത്തെയുള്ള പരിശോധനകളിലൂടെ കരൾ രോഗത്തെയോ രോഗസാധ്യതയെയോ തിരിച്ചറിയാമെന്നതും പ്രതിരോധിക്കാമെന്നതും യാഥാർത്ഥ്യവുമാണ്. അസുഖം അവസാന ഘട്ടമെത്തുകയും മറ്റ് ചികിത്സകൾ ഫലപ്രദമാവാതിരിക്കുകയും ചെയ്യുന്ന ഘട്ടത്തിൽ കരൾ മാറ്റിവെക്കലിലൂടെ ജീവിതം തിരിച്ച് പിടിക്കാനും സാധിക്കും.
ലിവർ സിറോസിസ്
ഏറ്റവും കൂടുതലായി കരൾ മാറ്റിവെക്കൽ ആവശ്യമായി വരുന്നത് ലിവർ സിറോസിസ് എന്ന അവസ്ഥയിലാണ്. കരളിന് വരുന്ന ശാശ്വതമായ തകരാറാണ് സിറോസിസ്. സ്ഥിരമായി മദ്യപിക്കുന്നവർ, ഹെപ്പറ്റൈറ്റിസ് ബി, സി മുതലായ രോഗാണുക്കൾ ദീർഘകാലം ശരീരത്തിലുള്ളവർ മുതലായവർക്ക് സിറോസിസിനുള്ള സാധ്യത കൂടുതലാണ്. ഇതിന് പുറമെ വ്യായാമക്കുറവ്, പ്രമേഹം, അമിതവണ്ണം, കൊളസ്‌ട്രോൾ മുതലായവയുള്ളവർക്ക് കരളിൽ കൊഴുപ്പടിഞ്ഞ് ഫാറ്റി ലിവർ സംഭവിക്കുകയും അത് ക്രമേണ ലിവർ സിറോസിസിലേക്ക് വഴിമാറുകയും ചെയ്യാം. ശരീരത്തിനകത്തുള്ള കോശങ്ങളെ ഫോറിൻ ബോഡി എന്ന് തെറ്റിദ്ധരിച്ച് ശരീരം തന്നെ പ്രതിരോധം തീർക്കുന്ന അവസ്ഥയായ ഓട്ടോ ഇമ്യൂൺ ഡിസീസ് ഉള്ളവർ, കോപ്പറിന്റെയും അയണിന്റെയും അളവ് കൂടിയവർ മുതലായവർക്കും കരളിന് സ്ഥായിയായ തകരാർ സംഭവിക്കാം.
ഹെപറ്റോസെല്ലുലാർ കാർസിനോമ ചൈൽഡ് എ (Hepatocellular Carcinoma Child A) വിഭാഗത്തിലുള്ള സിറോസിസ് ബാധിച്ചവർക്ക് ശസ്ത്രക്രിയ ചികിത്സാരീതിയായി സ്വീകരിക്കാറുണ്ട്. ചിലരിൽ ട്രാൻസാർടീരിയൽ കീമോഎംബോളൈസേഷൻ (Transarterial Chemoembolization - TACE), റേഡിയോ ഫ്രീക്വൻസി അബ്ലാഷൻ (RFA) തുടങ്ങിയ ചികിത്സകളും നിർദേശിക്കപ്പെടുന്നു.
വളരെ മൃദുവായ ശരീര അവയവമാണ് കരൾ, എന്നാൽ ലിവർ സിറോസിസ് സംഭവിക്കുമ്പോൾ ലിവർ കാഠിന്യമുള്ള അവസ്ഥയിലേക്ക് മാറുകയും അതിനകത്ത് ഫൈബ്രോസിസ് തുടങ്ങുകയും രക്തയോട്ടം തടസ്സപ്പെട്ട് തുടങ്ങുകയും ചെയ്യുന്നു. സ്വാഭാവികമായും കരളിനകത്ത് പ്രഷർ വർധിക്കുകയും (Portal Hypertension) അന്നനാളത്തിലും മറ്റും ഞരമ്പുകൾ പൊട്ടുവാനും രക്തസ്രാവമുണ്ടാകുവാനും കാരണമാകുന്നു. ഇതാണ് ലിവറിനെ ബാധിക്കുന്ന അസുഖങ്ങളിൽ ജീവന് വിനാശകരമാകുന്ന മറ്റൊരു അവസ്ഥ. സിറോസിസ് വന്നുകഴിഞ്ഞാൽ അനുബന്ധമായ തകരാറുകളെ പരിഹരിക്കുന്നതിനും, ഇനി വരാനിരിക്കുന്ന ബുദ്ധിമുട്ടുകളെ ഇല്ലാതാക്കുന്നതുമാണ് ചികിത്സയുടെ പ്രാഥമിക ഘട്ടത്തിൽ പരിഗണിക്കുന്നത്.
സിറോസിസിന്റെ അവസ്ഥയനുസരിച്ച് ഇതിനെ ചൈൽഡ് എ, ചൈൽഡ് ബി, ചൈൽഡ് സി എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. എ എന്ന ഘട്ടത്തിൽ ഉൾപ്പെടുന്നവർ താരതമ്യേന ഗുരുതരമല്ലാത്ത അവസ്ഥയിലുള്ളവരായിരിക്കും. നല്ലരീതിയിൽ പരിഗണിച്ചാൽ ഒരുപാട് കാലം വലിയ കുഴപ്പമൊന്നുമില്ലാതെ മുന്നോട്ട് പോകാൻ സാധിക്കും. ബി എന്ന സ്റ്റേജിലെത്തുന്നവർ കുറച്ച് ബുദ്ധിമുട്ടുള്ളവരായിരിക്കും. പ്രത്യക്ഷ ലക്ഷണങ്ങൾ ധാരാളമുള്ള ഇവർക്ക് കൃത്യമായ ചികിത്സ ലഭിക്കുകയാണെങ്കിൽ കുറച്ചുകാലം കൂടി വലിയ കുഴപ്പങ്ങളില്ലാതെ മുൻപോട്ട് പോകുവാൻ സാധിക്കും. എന്നാൽ സി എന്ന സ്റ്റേജിലെത്തുന്നവർക്ക് ലിവറിന്റെ അവസ്ഥ അതിന്റെ പാരമ്യതയിലായിരിക്കും. തിരിച്ചെടുക്കാൻ പറ്റാത്ത രീതിയിലുള്ള ഇവർക്കാണ് പ്രധാനമായും കരൾ മാറ്റിവെക്കൽ ആവശ്യമായി വരുന്നത്.
മെൽഡ് സ്കോർ
കരളിന്റെ പ്രവർത്തനങ്ങളെ വിശകലനം ചെയ്ത് മെൽഡ് (Model for End-Stage Liver Disease) എന്ന ഒരു സ്‌കോറിന് രൂപം നൽകിയിട്ടുണ്ട്. കരളിന്റെ പ്രവർത്തനത്തെ ആധാരമാക്കിയാണ് ഈ സ്‌കോർ നിർണ്ണയിക്കുന്നത്. ഇത് 15ൽ അധികമാകുമ്പോഴാണ് കരൾ മാറ്റിവെക്കലിനെ കുറിച്ച് നമ്മൾ ആലോചിച്ച് തുടങ്ങുന്നത്. മെൽഡ് സ്‌കോർ ഒരുപാട് വർധിച്ച് കഴിഞ്ഞാൽ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമായിത്തീരും അതിനാൽ അധികരിക്കുന്നതിന് മുൻപ് തന്നെ കരൾ മാറ്റിവെക്കലിന് തയ്യാറാകുന്നതാണ് ഉചിതമായ തീരുമാനം. ബി യിലും സി യിലും ഉള്ളവർക്ക് പലപ്പോഴും പെട്ടെന്ന് ഇൻഫക്ഷൻ ബാധിക്കുവാനുള്ള സാധ്യതയുണ്ട്. ഇങ്ങനെ സംഭവിച്ചാൽ മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള അവസ്ഥകൾ അധികരിച്ച് രോഗിയുടെ ജീവനെ ദോഷകരമായി ബാധിക്കാൻ ഇടയുണ്ട്. അതിനാൽ സിറോസിസ് രോഗം ചൈൽഡ് സി എന്ന അവസ്ഥയിലുള്ളവരും മെൽഡ് സ്‌കോർ 15 കഴിഞ്ഞവരും പരമാവധി വേഗത്തിൽ തന്നെ കരൾ മാറ്റിവെക്കലിന് വിധേയരാകുന്നതാണ് ഉചിതം.
ലിവർ സിറോസിസ് ബാധിതർക്ക് കരളിനകത്ത് ട്യൂമറുണ്ടാകുവാൻ സാധ്യത കൂടുതലാണ്. ഇത് പലപ്പോഴും അഡ്വാൻസ് സ്റ്റേജിലായിരിക്കും തിരിച്ചറിയുക. ഇത്തരം അവസ്ഥയും ജീവനെ ദോഷകരമായി ബോധിക്കും. അതിനാൽ ലിവർ സിറോസിസ് ബാധിച്ചവർ ആറ് മാസത്തിലൊരിക്കലെങ്കിലും ട്യൂമറിന്റെ സാന്നിധ്യം തിരിച്ചറിയാനുള്ള പരിശോധനകൾ നിർവ്വഹിക്കുന്നത് നിർദേശിക്കപ്പെടാറുണ്ട്. ട്യൂമർ ബാധിച്ചവരിൽ കരൾ മാറ്റിവെക്കുന്നതിന് വലിയ പ്രതിബന്ധങ്ങളുണ്ട്. നിരവധി മാനദണ്ഡങ്ങൾ ഇതിനായി നിർദ്ദേശിക്കപ്പെടുന്നു. 5 സെന്റിമീറ്ററിൽ താഴെയായിരിക്കണം ട്യൂമറിന്റെ വലുപ്പം, മൂന്നിൽ കൂടുതൽ ട്യൂമറുകൾ ഉണ്ടാകരുത്, കരളിന് പുറത്ത് പോകരുത് എന്നീ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെങ്കിൽ മാത്രമേ ട്യൂമർ ബാധിതരിൽ കരൾ മാറ്റിവെക്കാൻ സാധിക്കുകയുള്ളൂ. അല്ലാത്തപക്ഷം മാറ്റിവെച്ച് കഴിഞ്ഞാലും പുതിയ കരളിൽ ട്യൂമർ വരാൻ സാധ്യത കൂടുതലാണ്.
ശസ്ത്രക്രിയയുടെ വിജയനിരക്ക്
സങ്കീർണ്ണമായ ശസ്ത്രക്രിയയല്ലേ, എത്രമാത്രം വിജയകരമായിരിക്കും എന്ന സംശയം പലരും ചോദിക്കാറുണ്ട്. രോഗത്തിന്റെ അവസ്ഥ സി സ്റ്റേജ് എത്തിക്കഴിഞ്ഞാൽ പൊതുവെ രോഗി അനുഭവിക്കുന്നത് വലിയ ദുരിതങ്ങളായിരിക്കും. ഈ അവസ്ഥയിൽ പരമാവധി ഒന്നോ രണ്ടോ വർഷം മാത്രമേ തുടർ ജീവിതം സാധ്യമാവുകയുള്ളൂ. എന്നാൽ കരൾ മാറ്റിവെക്കുന്നവരിൽ വിജയം 90 ശതമാനത്തിലും മുകളിലാണ്. 70 ശതമാനത്തിലധികം പേരും 10 വർഷത്തിലധികം ആരോഗ്യപൂർണ്ണമായ ജീവിതം നിലനിർത്തുന്നു എന്ന് കാണാൻ സാധിക്കും. സാധാരണ ജോലി ഉൾപ്പെടെ ഇത്തരക്കാർക്ക് നിർവ്വഹിക്കുവാൻ സാധിക്കും.
രണ്ട് രീതിയിലാണ് കരൾ മാറ്റിവെക്കാൻ ലഭിക്കുന്നത്. ഇതിൽ ഒന്ന് മസ്തിഷ്‌ക മരണം സംഭവിച്ചവരിൽ നിന്ന് സ്വീകരിക്കുന്നതാണ്. ഇതിനെ കഡാവർ ട്രാൻസ്പ്ലാന്റ് എന്ന് പറയുന്നു. അടുത്ത ബന്ധുക്കളിൽ നിന്ന് സ്വീകരിക്കുന്നതാണ് രണ്ടാമത്തേത്. ഇതിനെ ലൈവ് ഡോണർ ലിവർ ട്രാൻസ്പ്ലാന്റ് എന്ന് പറയുന്നു. ധാരാളം മസ്തിഷ്‌ക മരണങ്ങൾ നമ്മുടെ നാട്ടിൽ നടക്കുന്നുണ്ടെങ്കിലും ഇത്തരം അവസ്ഥയിൽ അവയവം ദാനം ചെയ്യാൻ തയ്യാറാകുന്നവർ വളരെ കുറവാണ്. വളരെ സങ്കടകരമായ അവസ്ഥയാണിത്. മരണപ്പെട്ട വ്യക്തിയുടെ ഉറ്റ ബന്ധുക്കൾക്ക് അവയവം ദാനം ചെയ്യണമെങ്കിൽ കേരള നെറ്റ് വർക്ക് ഫോർ ഓർഗൻ ഷെയറിംഗിൽ രജിസ്റ്റർ ചെയ്യണം. ഇത് സർക്കാർ സംവിധാനമാണ്. ഇത്തരത്തിൽ രജിസ്റ്റർ ചെയ്യുന്ന അവയവം തികച്ചും സുതാര്യമായ രീതിയിൽ സർക്കാർ സംവിധാനങ്ങളിലൂടെയാണ് അർഹതപ്പെട്ട സ്വീകർത്താവിന് നൽകുന്നത്.
അടുത്ത ബന്ധുക്കൾക്ക് മാത്രമേ ലൈവ് ഡോണർ എന്ന രീതിയിൽ കരൾ ദാതാവാകുവാൻ സാധിക്കുകയുള്ളൂ. 60- 70 ശതമാനം ആരോഗ്യകരമായ കരൾ സ്വീകരിക്കുവാൻ സാധിക്കും. സ്വയം വളരുവാനുള്ള പ്രത്യേക കഴിവുള്ള അവയവമാണ് കരൾ എന്നതിനാൽ ദാനം ചെയ്തു കഴിഞ്ഞാലും കാലാന്തരത്തിൽ കരളിന് പൂർണ്ണരൂപം സ്വയം കൈവരിക്കുവാനും സാധിക്കുന്നു. 11-14 ദിവസത്തിനകം തന്നെ 90 ശതമാനവും പഴയ രീതിയിലേക്ക് കരൾ തിരികെയെത്തുന്നതാണ്. 18 വയസ്സിന് മുകളിലും 55 വയസ്സിന് താഴെയും പ്രായമുള്ള ആരോഗ്യവാനായ, സ്വയം സന്നദ്ധനായ വ്യക്തിക്കാണ് ഡോണർ ആകുവാൻ സാധിക്കുക. ചില പരിശോധനകൾ നടത്തി ദാതാവിന്റെ കരളിന്റെ ആരോഗ്യം നിർണ്ണയിക്കുകയും, ചില സ്‌കാനിങ്ങുകളിലൂടെ ദാനം ചെയ്താൽ ദാതാവിന് പ്രശ്‌നങ്ങളുണ്ടാകില്ല എന്നും ഉറപ്പ് വരുത്തുന്നു.
പൊതുവായ കാരണങ്ങൾക്ക് പുറമെ മറ്റ് ചില കാരണങ്ങൾ കൊണ്ട് കൂടിയും കുഞ്ഞുങ്ങൾക്ക് കരൾ മാറ്റിവെക്കൽ ആവശ്യമായി വരാറുണ്ട്. മെറ്റാബോളിക് ലിവർ ഡിസീസ് എന്ന ഗണത്തിൽപെടുന്ന അസുഖങ്ങൾ, ബൈലിയറി ആട്രീഷ്യ എന്നിവയാണ് ഇതിൽ പ്രധാനപ്പെട്ടവ. കുട്ടികൾക്കായി കരൾ സ്വീകരിക്കുമ്പോൾ മുതിർന്നവരുടെ കരളിന്റെ 25 ശതമാനം മുതൽ 30 ശതമാനം വരെ മാത്രമേ ആവശ്യമായി വരികയുള്ളൂ.
കരൾ രോഗകാരണങ്ങൾ
ഏറ്റവും സങ്കീർണ്ണമായ പ്രവർത്തനങ്ങൾ നടക്കുന്ന ഇടം എന്നതിനാലും, കഴിക്കുന്നതും കുടിക്കുന്നതുമായ മുഴുവൻ വസ്തുക്കളും എത്തിച്ചേരുന്ന ഇടം എന്നതിനാലും അനവധിയായ കാരണങ്ങൾ കരളിന്റെ ആരോഗ്യത്തെ പ്രതിസന്ധിയിലാക്കുന്നതിന് കാരണമാകാറുണ്ട്. ഭക്ഷണശൈലിയും, ജനിതക കാരണങ്ങളും, വ്യായാമമില്ലായ്മയും മരുന്നിന്റെ ഉപയോഗവുമെല്ലാം ഇതിലുൾപ്പെടുന്നവയാണ്.
കരളിനെ രോഗാവസ്ഥയിലേക്ക് നയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം നിരന്തരമായ മദ്യപാനമാണ്. മദ്യം കരളിനകത്ത് നീർക്കെട്ടിനിടയാക്കുകയും ക്രമേണ ഫാറ്റി ലിവറിലേക്കും, ലിവർ സീറോസിസിലേക്കുമെല്ലാം നയിക്കുകയും ചെയ്യുന്നു. ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഇ മുതലായ വൈറസുകളും കരളിന്റെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കാൻ ഇടയാക്കുന്നവയാണ്. ഇവ ബാധിക്കുന്നത് മൂലമുണ്ടാകുന്ന മഞ്ഞപ്പിത്തമാണ് കരൾ രോഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായി കാണക്കാക്കുന്നത്. അമിതവണ്ണമുള്ളവരിലും കൊഴുപ്പ് ധാരാളമായി അടിഞ്ഞ് കൂടാനും അത് സിറോസിസ് പോലുള്ള രോഗാവസ്ഥകളിലേക്ക് നയിക്കാനും ഇടയാകുന്നുണ്ട്.
നിയന്ത്രണ വിധേയമല്ലാത്ത പ്രമേഹം കരളിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കാറുണ്ട്. കൃത്യമായി ചികിത്സിക്കുകയും പ്രമേഹത്തെ നിയന്ത്രിച്ച് നിർത്തുകയും ചെയ്യാത്തതാണ് ഇതിന് പ്രധാന കാരണം. പ്രമേഹം ബാധിച്ച അൻപത് ശതമാനത്തോളം പേരിൽ കരൾ രോഗത്തിനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ചില മരുന്നുകളും കരളിന്റെ പ്രവർത്തനത്തെ ദോഷകരമായി സ്വാധീനിക്കുന്നു. പ്രധാനമായും മരുന്നുകളിലെ കോപ്പർ, ഇരുമ്പ് മുതലായവ കരളിൽ അടിഞ്ഞ് കൂടുകയും രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നതാണ് രോഗകാരണമായി മാറുന്നത്.
അമിതമായ ഉപ്പിന്റെ ഉപയോഗവും കരൾ രോഗങ്ങൾക്ക് കാരണമാകാറുണ്ട്. സ്ഥിരമായി പുകവലിക്കുന്നതും കരളിന് ദോഷകരമാണ്. കീടനാശിനികളുമായി സ്ഥിരമായി ബന്ധപ്പെടുന്നവർക്കും, ആത്മഹത്യയ്ക്കും മറ്റും കീടനാശിനികൾ ഉപയോഗിക്കുന്നവർക്കും കരൾ രോഗസാധ്യത കൂടുതലാണ്. കീടനാശിനി ഉപയോഗിച്ച പഴങ്ങളും പച്ചക്കറികളുമെല്ലാം സ്ഥിരമായി കഴിക്കുന്നതും ദോഷമാണ്.
(കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലിലെ സെന്റർ ഓഫ് എക്സലൻസ് ഫോർ ഗ്യാസ്ട്രോസയൻസസ് വിഭാഗത്തിലെ വിദഗ്ധരാണ് ലേഖകർ)
Content Highlights: world liver day, liver disease, liver cirrhosis, liver problems symptoms and causes