സുഖപ്രസവം എന്നാൽ വീടുകളിലെ പ്രസവം അല്ല, നവജാതശിശുക്കളുടെ മരണങ്ങളിലെ പ്രധാന കാരണങ്ങൾ

#ഡോ. അശ്വതി എസ്
പ്രതീകാത്മകചിത്രം | Photo: Canva.com
പ്രതീകാത്മകചിത്രം | Photo: Canva.com

“ആരോഗ്യമുള്ള തുടക്കം പ്രതീക്ഷയുള്ള ഭാവി” എന്നതാണ് ഈ വർഷത്തെ ലോകാരോഗ്യദിനത്തിന്റെ സന്ദേശം. മാതൃ-ശിശു മരണനിരക്ക് കുറയ്ക്കുന്നതിൽ വികസിത രാജ്യങ്ങൾ  ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും, വികസ്വര രാജ്യങ്ങളിൽ ഇതൊരു വെല്ലുവിളിയായിതന്നെ തുടരുന്നു. ആഗോളതലത്തിൽ മാതൃമരണങ്ങളിൽ 86% വും ആഫ്രിക്കയിലും ദക്ഷിണേഷ്യയിലുമാണ്.

ഉയർന്ന വരുമാനമുള്ള ഒരു രാജ്യത്തെ അപേക്ഷിച്ച് കുറഞ്ഞ വരുമാനമുള്ള ഒരു രാജ്യത്തെ ഒരു സ്ത്രീ ഗർഭധാരണവുമായി ബന്ധപ്പെട്ട സങ്കീർണതകളെ തുടർന്ന്  മരിക്കാനുള്ള സാധ്യത 50 മടങ്ങ് കൂടുതലാണ്. ഈ രാജ്യങ്ങളിലെ 60% സ്ത്രീകൾക്ക് മാത്രമേ മതിയായ പ്രസവപൂർവ പരിചരണം ലഭിക്കുന്നുള്ളൂ.

നവജാതശിശുക്കളുടെ മരണങ്ങളിൽ പ്രധാന കാരണങ്ങൾ 

അകാല ജനനം, ജനന സംബന്ധമായ പ്രശ്നങ്ങൾ, അണുബാധ, ജനിതക വൈകല്യങ്ങൾ എന്നിവയാണ് നവജാതശിശുക്കളുടെ മരണത്തിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങൾ. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, വിദഗ്ധ പരിശീലനം ലഭിച്ച ഡോക്ടർമാരുടെയും നഴ്സ്മാരുടെയും അഭാവം  എന്നിവ മൂലമാണ് പകുതിയിൽ അധികം മാതൃ- ശിശു മരണങ്ങളും സംഭവിക്കുന്നത്. പ്രസവാനന്തര പരിചരണത്തിന്റെ അഭാവം സങ്കീർണതകൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. അമ്മമാരിലെ  പോഷകാഹാരക്കുറവ് ജനന സമയത്തെ കുട്ടിയുടെ  കുറഞ്ഞ ഭാരത്തിനും അകാല ജനനത്തിനും കാരണമാകുന്നു.

എന്തെല്ലാം കാര്യങ്ങളാണ് നമുക്ക് ഉറപ്പ് വരുത്താവുന്നത്?

  • എല്ലാ മാസവും കൃത്യമായ ഇടവേളകളിൽ ഡോക്ടറെ കാണുക,  ഡോക്ടറുടെ നിർദേശങ്ങൾ അനുസരിക്കുക, ഇത് വഴി സങ്കീർണതകൾ നേരത്തെ കണ്ടെത്താനും കൈകാര്യം ചെയ്യാനും സാധിക്കും. 
  • പോഷകാഹാരം, അപകട ലക്ഷണങ്ങൾ, ജനന തയ്യാറെടുപ്പുകൾ എന്നിവയെക്കുറിച്ച് അമ്മമാരെ ബോധവൽക്കരിക്കുക.
  • ഇലക്കറികൾ, പച്ചക്കറികൾ, പാൽ, പഴങ്ങൾ , ധാന്യങ്ങൾ എന്നിവ ശരിയായ അളവിൽ കഴിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. ഇത് വഴി  അമ്മയ്ക്കും കുഞ്ഞിനും ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്താനാകും.   
  • ഓരോ മാസങ്ങളിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച്, ഉണ്ടാകാവുന്ന ശാരീരിക-മാനസിക മാറ്റങ്ങൾ, ബുദ്ധിമുട്ടുകൾ എന്നിവയെ പറ്റി  അവബോധം സൃഷ്ടിക്കുക.

സുഖപ്രസവം എന്നാൽ വീടുകളിലെ പ്രസവം അല്ല എന്നും, ആശുപത്രികളില്‍ വിദഗ്ധരായ ഡോക്ടർമാരുടെയും, നഴ്സ്മാരുടെയും മേൽനോട്ടത്തിൽ നടക്കുന്ന ഒന്നാണെന്നും ബോധ്യപ്പെടുത്തുക. വേദനയെ ഭയന്ന് അമിതമായി വേദന സംഹാരികൾ കഴിക്കുന്നതും സിസേറിയൻ ചെയ്യാൻ ഡോക്ടർമാരോട് ആവശ്യപ്പെടുന്നതും   ഒഴിവാക്കുക. അണുബാധകൾ തടയുന്നതിന്  വ്യക്തി ശുചിത്വം മെച്ചപ്പെടുത്തുക.

പ്രസവാനന്തര പരിചരണം വർധിപ്പിക്കുക

അമ്മമാർക്കും നവജാതശിശുക്കൾക്കും കുറഞ്ഞത് മൂന്ന് തവണയെങ്കിലും  പ്രസവാനന്തര പരിശോധന നടത്തണം. പ്രസവാനന്തര രക്തസ്രാവം, അണുബാധകൾ, പ്രസവാനന്തര വിഷാദം പോലുള്ള മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയെ കരുതിയിരിക്കണം. 

മുലയൂട്ടലും ശരിയായ പോഷകാഹാരവും പ്രോത്സാഹിപ്പിക്കുക, ആറ് മാസ കാലയളവിലേക്ക് നിർബന്ധമായും കുഞ്ഞിന് മുലപ്പാൽ മാത്രമേ നൽകാവൂ. പിന്നീട് രണ്ട് വർഷം വരെയും മുലയൂട്ടൽ തുടരാവുന്നതാണ്. ഈ കാലയളവിൽ അമ്മയും കുഞ്ഞും പോഷക സമൃദ്ധമായ ആഹാരങ്ങൾ കഴിക്കുന്നു എന്ന് ഉറപ്പ് വരുത്തണം. കൃത്രിമ നിറങ്ങളും, മധുരവും അടങ്ങിയ ആഹാര വസ്തുക്കൾ ഒഴിവാക്കണം. 

മാതൃമരണനിരക്കും നവജാത ശിശുമരണനിരക്കും സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകൾ ആശങ്കാജനകമാണെങ്കിലും  കേരളത്തിൽ മെച്ചപ്പെട്ട സ്ഥിതിയാണുള്ളത്. ഏകോപിതമായ  ശ്രമങ്ങൾ, നയ പരിഷ്കാരങ്ങൾ, സാമൂഹിക ഇടപെടൽ എന്നിവയിലൂടെ ഈ മരണങ്ങൾ ഗണ്യമായി കുറയ്ക്കാൻ നമുക്ക് കഴിയും.

മാതൃ-നവജാത ആരോഗ്യത്തിന് ആഗോള മുൻഗണന നൽകാൻ നമുക്ക് പ്രതിജ്ഞാബദ്ധരാകാം. ഗുണനിലവാരമുള്ള ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിലൂടെയും, വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും പുതിയ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തുന്നതിലൂടെയും ഒരു അമ്മയോ നവജാതശിശുവോ മരിക്കാത്ത ഒരു ലോകം നമുക്ക് സൃഷ്ടിക്കാൻ കഴിയും. അടുത്ത തലമുറയ്ക്ക് ആരോഗ്യകരവും സുരക്ഷിതവുമായ ഭാവി കെട്ടിപ്പടുക്കാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.  

കൊച്ചി അമൃത ഹോസ്പിറ്റലിൽ കമ്മ്യൂണിറ്റി മെഡിസിൻ വിഭാ​ഗം പ്രൊഫസറും മേധാവിയുമാണ് ലേഖിക.

Content Highlights: complications of home birth, world health day