രാസ്നാദി ചൂര്‍ണം തലയില്‍ തിരുമ്മുന്നതിന് പിന്നിലെ ആരോഗ്യരഹസ്യം ഇതാണ്
''കുളി കഴിഞ്ഞാല്‍ തലയില്‍ രാസ്നാദിപ്പൊടി തിരുമ്മിക്കൂടെ കുട്ടീ''...വീട്ടില്‍ മുത്തശ്ശിമാര്‍ ഉള്ളവര്‍ സ്ഥിരം കേള്‍ക്കുന്ന ഒരു വാചകം ആയിരിക്കും ഇത്...
നമ്മുടെ മുത്തശ്ശിമാരുടെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെയായിരുന്നു കുളികഴിഞ്ഞ് നെറുകയില്‍ പൊടി തിരുമ്മുക എന്നത്. രാസ്നാദിപ്പൊടി എന്ന് കേള്‍ക്കാത്തവരും അതിന്റെ മണം അറിയാത്തവരുമായ മലയാളികള്‍ വിരളമായിരിക്കും.
എന്തിനാണ് ഇത് ചെയ്യുന്നത്?
ശിരസ്സ് ശരീരത്തിലെ പ്രധാനപ്പെട്ട ഭാഗമാണ്. ഇവിടെ പ്രയോഗിക്കപ്പെടുന്ന മരുന്നിന്റെ വീര്യം ശരീരം മുഴുവന്‍ ലഭിക്കുന്നു. ചെടിയുടെ വേരില്‍ ഒഴിച്ചു കൊടുക്കുന്ന വെള്ളവും വളവും ചെടിയുടെ എല്ലാ ഭാഗത്തേക്കും എത്തുന്നതുപോലെ. അതിനാലാണ് ശിരസ്സില്‍ പ്രയോഗിക്കുന്ന ധാര, വസ്തി എന്നീ ചികിത്സകള്‍ക്ക് ആയുര്‍വേദത്തില്‍ വളരെ പ്രചാരമുള്ളത്.
രാസ്നാദിപ്പൊടി തിരുമ്മല്‍ ജീവിതരീതിയായത് ഇങ്ങനെ
പണ്ടുകാലത്ത് ആയുര്‍വേദം ചികിത്സാരീതി എന്നതിലുപരി എല്ലാ ആളുകളുടെയും ജീവിതത്തിന്റെ ഭാഗമായിരുന്നു. അതിനാലാണ് തലയ്ക്ക് എണ്ണ തേക്കുക, പൊടി തിരുമ്മുക തുടങ്ങിയവ ജീവിതശൈലിയുടെ ഭാഗമായത്.
ശരീരത്തില്‍, പ്രത്യേകിച്ച് ശിരസ്സിലുള്ള ഇളകിയ രൂപത്തിലുള്ള കഫം, പലവിധത്തിലുള്ള അണുബാധകള്‍ക്ക് എളുപ്പം ആക്രമിക്കത്തക്ക രീതിയിലുള്ള ഒരു സ്ഥിതിവിശേഷം ശരീരത്തില്‍ ഉണ്ടാക്കുന്നു. രാവിലെ എഴുന്നേറ്റാല്‍ ഉണ്ടാകുന്ന തുമ്മല്‍, പൊടിയടിച്ചാല്‍ ഉണ്ടാകുന്ന അലര്‍ജി, ചെറിയ കുട്ടികള്‍ക്ക് ഇടയ്ക്കിടെ ഉണ്ടാകുന്ന പനി, ജലദോഷം തുടങ്ങിയവയ്ക്കും ഈ ഇളകിയ കഫം ഉത്തരവാദിയാണ്. കൂടാതെ ദേഹത്ത് പലതരത്തിലുള്ള വേദനകള്‍ ഉണ്ടാക്കുന്ന നീരിറക്കം എന്ന സ്ഥിതിവിശേഷവും ഇളകിയ കഫത്തിന്റെ മറ്റൊരു മുഖമാണ്.
ഈ കഫത്തിനെ ഒരു പരിധിവരെ നിയന്ത്രിച്ചു നിര്‍ത്താന്‍ ദിവസവും നെറുകയില്‍ രാസ്നാദിപ്പൊടി തിരുമ്മുന്നത് വളരെ സഹായകരമാണ്. മേല്‍പ്പറഞ്ഞ തുമ്മല്‍, അലര്‍ജി, പനി, ജലദോഷം എന്നിവ വരാതിരിക്കാനും ഈ ശീലം സഹായിക്കും.
രാസ്നാദിപ്പൊടി ചിറ്റരത്ത, അശ്വഗന്ധ, ദേവദാരം തുടങ്ങിയ മരുന്നുകള്‍ ചേര്‍ന്നതാണ്. ഈ ചൂര്‍ണ്ണം പതിവായി നിറുകയില്‍ തിരുമ്മുന്നത് ഇളകിയ കഫത്തെയും അതുമൂലമുള്ള അസുഖങ്ങളെയും തടയുന്നു. പൊതുവേ ശരീരത്തിന് ചൂട് അനുഭവപ്പെടുന്ന ആളുകള്‍ക്ക് കച്ചൂരാദി ചൂര്‍ണം ഉപയോഗിക്കാവുന്നതാണ്. നിങ്ങളുടെ ശാരീരിക പ്രത്യേകതകള്‍ക്കനുസരിച്ച് അനുയോജ്യമായ ചൂര്‍ണ്ണം തിരഞ്ഞെടുക്കാന്‍ അടുത്തുള്ള ഒരു ആയുര്‍വേദ ചികിത്സകന് നിങ്ങളെ സഹായിക്കാനാകും.
രാസ്നാദിപ്പൊടി തിരുമ്മുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കുളികഴിഞ്ഞ് തല നല്ലവണ്ണം തോര്‍ത്തിയശേഷം നെറുകയില്‍ പൊടി തിരുമ്മുക. ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം സ്ഥാനമാണ്. നെറുകയുടെ ശരിയായ സ്ഥാനം അറിയുവാനായി രണ്ട് വഴികളുണ്ട്. മൂക്കിന്റെ അറ്റത്തുനിന്ന് ഒരു ചാണ് - (തള്ളവിരല്‍ മുതല്‍ നടുവിരലിന്റെ അറ്റംവരെ അളന്നാല്‍) അവിടെയാണു നെറുക. അല്ലെങ്കില്‍ പുരികത്തില്‍ നിന്ന് മുകളിലേക്ക് എട്ട് വിരല്‍ വെച്ചാല്‍ എത്തുന്ന സ്ഥലമാണ് നെറുക. ഇങ്ങനെ നെറുകയുടെ സ്ഥാനം കൃത്യമായി കണ്ടുപിടിച്ച് പൊടി തിരുമ്മുക. തീരെ ചെറിയ കുട്ടികളില്‍ പൊടി പതുക്കെ തടവിയാല്‍ മതി-തിരുമ്മേണ്ടതില്ല. സ്ഥിരമായി നീരിറക്കം അനുഭവപ്പെടുന്നവര്‍ വൈകിട്ട് മേല്‍ കഴുകിയ ശേഷവും രാസ്നാദിപ്പൊടി തിരുമ്മുന്നത് ഉചിതമായിരിക്കും.
ഇത്രയും പ്രയോജനപ്രദമായതും വളരെ ലളിതമായതുമായ നെറുകയില്‍ പൊടി തിരുമ്മുക എന്ന ശീലം എല്ലാവരും സ്വന്തം ജീവിതത്തിന്റെ ഭാഗമാക്കാന്‍ ശ്രമിക്കുക.
വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. ശ്രീപാര്‍വതി ആര്.
അസിസ്റ്റന്റ് പ്രൊഫസര്‍
പഞ്ചകര്‍മ വിഭാഗം
അഷ്ടാംഗം ആയുര്‍വേദ ചികിത്സാലയം & വിദ്യാപീഠം, വാവന്നൂര്‍, പാലക്കാട്
Content Highlights: what is Rasnadi podi Choornam how to use Rasnadi podi Choornam, Ayurveda
Content Highlights: