പ്രാണികടിച്ചാൽ ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന ചൊറിച്ചിൽ; എന്താണ് ഇൻസെക്റ്റ് ബൈറ്റ് റിയാക്ഷൻ?

സാധാരണയായി കൊതുക് അല്ലെങ്കില്‍ പ്രാണി കടിച്ചാല്‍ ചൊറിയാത്തവരായി ആരും ഉണ്ടാകില്ല. എന്നാല്‍ ചിലരില്‍ ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന ഒരു പ്രതികരണമായി ഇത് മാറുന്നു. ഇങ്ങനെ കാണുന്ന അവസ്ഥയെയാണ് Papular urticaria അല്ലെങ്കില്‍ ഇൻസെക്റ്റ് ബൈറ്റ് റിയാക്ഷൻ എന്ന് പറയുന്നത്.
2 - 10 വയസ്സ് വരെയുള്ള കുട്ടികളിലാണ് ഇവ പൊതുവെ വരാറുള്ളത്. ചൊറിച്ചിലോട് കൂടിയ ചുവന്ന അടയാളമോ തിണര്‍പ്പുകളോ ആയാണ് ഇവ പ്രത്യക്ഷപ്പെടുന്നത്. പ്രായം കൂടുന്നതിനനുസരിച്ച് ഈ അവസ്ഥ മാറി വരാറുമുണ്ട്. അതിനെ De-sensatization എന്ന് പറയുന്നു. എന്നാല്‍ Atopy അല്ലെങ്കില്‍ അലര്‍ജി ഹിസ്റ്ററി ഉള്ളവരിലോ കുടുംബക്കാര്‍ക്കോ ഈ പ്രശ്‌നം കൂടുതല്‍ കാലം നീണ്ടു നില്‍ക്കുന്നതായി കാണുന്നു.
മഴക്കാലത്തും വേനല്‍കാലത്തും ആണ് കൂടുതല്‍ കണ്ടുവരുന്നത്. കുടുംബത്തിലെ മറ്റു കുട്ടികള്‍ക്കോ, ബന്ധുക്കള്‍ക്കോ ഈ പ്രശ്‌നം കാണുന്നരീതിയിലും വേറെ ആര്‍ക്കും ഇല്ലെങ്കിലും ഒരു കുട്ടിക്ക് മാത്രമായുമൊക്കെ ഈ റിയാക്ഷന്‍ പ്രകടമാകാം. രോഗപ്രതികരണശേഷിയിലുള്ള വ്യത്യാസമാണ് ഇതിന് കാരണം. പലസ്ഥലങ്ങളില്‍ മാറിമാറി താമസിക്കുന്നവരില്‍ ഇൻസെക്റ്റ് ബൈറ്റ് റിയാക്ഷൻ വരാനുള്ള സാധ്യതകള്‍ കൂടുതലാണ്.
പ്രതിരോധ മാര്‍ഗങ്ങള്‍
- ശരീരം മറയ്ക്കുന്ന വസ്ത്രം ധരിക്കുക.
- വിയര്‍പ്പ് പ്രാണികളെ ആകര്‍ഷിക്കുന്നതിനാല്‍ രണ്ട് നേരം കുളിക്കുക, മൈല്‍ഡ് സോപ്പ് ഇടുക, മോസ്ചറൈസർ ഇടുക.
- Insect repellent cream ഇടുക.
- വീടും പരിസരവും വൃത്തിയാക്കി വയ്ക്കുക.
- വളര്‍ത്തു മൃഗങ്ങളുണ്ടെങ്കില്‍ ചെള്ള്, മൂട്ട എന്നിവ ഒഴിവാക്കാന്‍ ചികിത്സ എടുക്കുക.
ചികിത്സാ രീതി
- ഡ്രൈ സ്‌കിന്‍ ചൊറിയാനുള്ള സാധ്യത കൂടുതലായതിനാല്‍ മോസ്ചറൈസർ രണ്ടുനേരം കുളികഴിഞ്ഞ് ഉപയോഗിക്കുക.
- ചൊറിച്ചില്‍ ഉണ്ടെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം ആന്റിഹിസ്റ്റമിന്‍ ഗുളിക കഴിക്കുകയും, ചുവന്ന തിണര്‍പ്പുകളിലും ചൊറിച്ചിലുള്ള ഭാഗങ്ങളിലും വീര്യംകുറഞ്ഞ സ്റ്റിറോയ്ഡ് ക്രീം പുരട്ടുകയും ചെയ്യുക.
- ദേഹത്ത് ചൊറിച്ചിലുണ്ടായിരുന്ന ഭാഗത്ത് വരുന്ന കറുത്ത പാടുകള്‍ കാലക്രമേണ മങ്ങിപ്പോകുമെന്നതിനാല്‍ പ്രത്യേകിച്ച് ചികിത്സ ആവശ്യമില്ല.
- ചൊറിഞ്ഞുണ്ടാകുന്ന മുറിവുകളിലൂടെ അണുബാധ വരാന്‍ സാധ്യതയുള്ളതിനാല്‍ പനിയോ, ശരീര വേദനയോ ഉണ്ടെങ്കില്‍ ഡോക്ടറെ കാണിക്കേണ്ടതാണ്.
പട്ടം എസ്.യു.ടി. ഹോസ്പിറ്റലിൽ കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റും കോസ്മറ്റോളജിസ്റ്റുമാണ് ലേഖിക.
Content Highlights: what is a prolonged insect bite reaction