അശാസ്ത്രീയമായ രീതിയിൽ വർക്കൗട്ടുകൾ ചെയ്യുന്നത് നന്നല്ല,എല്ലാ ദിവസവും ഒരേ സമയത്തു വ്യായാമം ചെയ്യാം

#വിഷ്ണു വിജയകുമാർ
Representative Image| Photo: Canva.com
Representative Image| Photo: Canva.com

തിരുവനന്തപുരം: അമിതവണ്ണം ഉരുക്കി പുത്തൻ കുപ്പായത്തിൽ ചെത്താനും കണ്ണാടിനോക്കി മസിൽ പെരുപ്പിക്കാനും സിക്സ് പാക്ക് മോഹം സഫലമാക്കാനും ‘ഫിറ്റ്നസ്’ മോഡിലേക്കു തിരിയുകയാണ് തലസ്ഥാനത്തുള്ളവരേറെയും. ശരീരഭാരം കുറച്ച് ചിട്ടയായ ഭക്ഷണക്രമവും വ്യായാമശീലവും വളർത്തിയെടുക്കാൻ നഗരത്തിലെ ജിമ്മുകളിൽ കൗമാരക്കാരുടെയും മുതിർന്നവരുടെയും തിരക്കാണ്. ഒരുകാലത്ത് നഗരത്തിൽ മാത്രം ഒതുങ്ങിനിന്ന ജിം സംസ്‌കാരം ഗ്രാമപ്രദേശങ്ങളിലേക്കും കണ്ണുതുറന്നു. ആരും നോക്കുംവിധമുള്ള ശരീരഭംഗി ജിമ്മിൽ എത്തുന്നവരുടെ സ്വപ്‌നമാണ്.

ജിമ്മിലെ ‘ജെൻ’ കൂട്ടർ

ജിമ്മിൽ എത്തുന്ന കൗമാരത്തിലും യൗവനത്തിലുമുള്ള പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും എണ്ണം പ്രതിദിനം വർധിക്കുന്നുവെന്നാണ് കണക്ക്. സ്‌കൂളും കോളേജും കഴിഞ്ഞ് ജിമ്മിലേക്ക് ഓടിയെത്തുന്ന വിദ്യാർഥികളെയും

ജെൻസിയെയും ജെൻആൽഫയെയും ഇവിടെ കാണാം. വസ്ത്രധാരണംമുതൽ രാഷ്ട്രീയംവരെയുള്ള കാര്യങ്ങളിൽ സ്വാധീനം ചെലുത്തുന്ന ‘ജെൻ’കൂട്ടങ്ങൾ ജിമ്മിലും വർക്കൗട്ട് വിപ്ലവം സൃഷ്ടിക്കുന്നു. ജിമ്മിലെ സമയം വളരെ കൃത്യമായി ഉപയോഗപ്പെടുത്തി ശരീരഭംഗിക്കുവേണ്ടി ചിട്ടയായ ഭക്ഷണക്രമം പാലിക്കാൻവരെ ഇവർ തയ്യാറാണ്. ഇവരുടെ മനസ്സിൽ ഒരു വാക്കേയുള്ളൂ; 'ഫിറ്റാ'യി ഇരിക്കണം. ഫാറ്റ് ലെവൽ നിശ്ചിത അളവിലെത്തിക്കുക, ശരീരഭാരം ആരോഗ്യകരമായി നിലനിർത്തുക, ജീവിതശൈലീരോഗങ്ങൾ നിയന്ത്രിക്കുക എന്നിങ്ങനെയാണ് ജെൻകൂട്ടത്തിന്റെ ലക്ഷ്യം. ചെറുപ്പക്കാർ ജിം കൈയടക്കുമ്പോൾ മറുഭാഗത്ത് മുതിർന്നവരും ഒട്ടും പിന്നിലല്ല. പ്രായം വെറുമൊരു സംഖ്യയെന്ന് തെളിയിക്കുംവിധമാണ് ഇവരുടെ വർക്കൗട്ട് രീതി.

‘കപ്പിൾ’മൂഡ്

ജിമ്മിൽ എത്തുന്നവരിൽ സ്ത്രീകളാണ് മുന്നിലെങ്കിലും ജിം സംസ്കാരത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്തവയാണ് ‘കപ്പിൾ വർക്കൗട്ട്’. ഭാര്യയും ഭർത്താവും അല്ലെങ്കിൽ കാമുകിയും കാമുകനും ഒരുമിച്ചെത്തി വർക്കൗട്ട്ചെയ്യുന്നത് ജിം

സംസ്കാരത്തിൽ ട്രെൻഡ് സെറ്ററാണ്. വർക്കൗട്ടിൽ മാത്രമല്ല ഇവരുടെ ശ്രദ്ധ, മസിൽ പെരുപ്പിച്ച് ഫോട്ടോപിടിത്തവും പരസ്പരം പ്രചോദനം നൽകി വർക്കൗട്ട് മികച്ചതാക്കുന്നതുമാണ് രീതി. കുടുംബസമേതവും ആളുകൾ ജമ്മിൽ എത്തി വ്യായാമം ചെയ്യുന്നത് പതിവാണ്. ഇതിൽ അമ്മയും മകളും ഒരുമിച്ച് വർക്കൗട്ട് ചെയ്യാൻ എത്തുന്നതും പുതുമയല്ലാതായി.

ജിമ്മുകൾ പലവിധം

പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരേപോലെ ഉപയോഗിക്കാൻ കഴിയുന്ന ജിമ്മുകളാണ് മിക്കയിടങ്ങളിലും ഉള്ളത്. സ്ത്രീസൗഹൃദ ജിമ്മുകളും ഉണ്ട്. പരമാവധി വീടിനു തൊട്ടടുത്തുള്ള ജിമ്മാണ് ആളുകൾ തിരഞ്ഞെടുക്കുക. എന്നാൽ, അധ്യാതുനിക മെഷീൻസും സൗകര്യങ്ങളുമടങ്ങിയ ജിമ്മുകൾ തേടിയെത്തുന്നവരുടെ എണ്ണവും ഏറുന്നു. ജിമ്മിലെ ഉപകരണങ്ങൾ കൃത്യമായി പരിപാലിക്കുന്നതുമുതൽ ശുചിത്വംവരെയുള്ള കാര്യങ്ങൾ കൃത്യമായി വിലയിരുത്തിയാണ് ആളുകൾ ജിം തിരഞ്ഞെടുക്കുന്നത്. ജിമ്മിൽ പോകുന്നതിനു മുൻപ് ആരോഗ്യവിദഗ്ധരെയോ ഡോക്ടർമാരെയോ കണ്ട് ആരോഗ്യസ്ഥിതി അവലോകനം ചെയ്യുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള അസുഖമുള്ളവരാണെങ്കിൽ, വ്യായാമം എങ്ങനെവേണമെന്ന് ഡോക്ടർമാരുടെ അഭിപ്രായം തേടാം. കൃത്യമായ പരിശീലനവും യോഗ്യതയുമുള്ള ജിം ട്രെയിനറെയും ഉറപ്പാക്കണം. അശാസ്ത്രീയമായ രീതിയിൽ വർക്കൗട്ടുകൾ ചെയ്യുന്നത് ശരീരത്തിന് പലവിധ ദോഷങ്ങളുണ്ടാക്കാം. പരമാവധി എല്ലാ ദിവസവും ഒരേ സമയത്തുതന്നെ വ്യായാമങ്ങളിൽ ഏർപ്പെടണം. പരമാവധി 45 മിനിറ്റ് മുതൽ 90 മിനിറ്റുവരെ വർക്കൗട്ട് ചെയ്യാം.

ഉറക്കവും ഭക്ഷണവും പ്രധാനം

ജിമ്മിൽനിന്ന്‌ വർക്കൗട്ട് കഴിഞ്ഞ് എത്തുന്നവർക്ക് പ്രധാനമായും ആവശ്യമുള്ള രണ്ടു കാര്യങ്ങളാണ്

ഭക്ഷണവും ഉറക്കവും. മസിൽ വളരാനും ബലപ്പെടാനും പ്രോട്ടീൻ അടങ്ങിയ ഭക്ഷണം ആവശ്യമാണ്. വർക്കൗട്ട് കഴിഞ്ഞ് അരമണിക്കൂറിനുള്ളിൽ തന്നെ പ്രോട്ടീൻ ശരീരത്തിലെത്തുന്നത് ഗുണകരമാകും.

എന്നാൽ, ഈ സമയത്തിൽ വ്യത്യാസം വരാം. ചിക്കൻ, ബീഫ്, മുട്ട, സോയ, പയർവർഗങ്ങൾ, പനീർ, മീൻ എന്നിവയാണ് പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ.

പ്രോട്ടീൻപോലെതന്നെ ശരീരത്തിന് മറ്റൊരു പ്രധാന ഘടകമാണ് കാർബോഹൈഡ്രേറ്റ്‌സ്. വർക്കൗട്ട് ചെയ്യാൻ ഊർജം നൽകുന്നതാണ് കാർബോഹൈഡ്രേറ്റ്‌സ്. ഗ്ലൈക്കോജൻ വഴിയാണ് ശരീരത്തിലെ ഊർജം സംഭരിക്കുന്നത്. കാർബോഹൈഡ്രേറ്റ്‌സ് അടങ്ങിയ ഭക്ഷണം വർക്കൗട്ടിനു മുൻപ് കഴിക്കുന്നത് നല്ലതാണ്. ചോറ്, ചപ്പാത്തി, ഈന്തപ്പഴം, ആപ്പിൾ, ചോളം, ഓട്‌സ്, പഴം, മധുരക്കിഴങ്ങ് തുടങ്ങിയ ഭക്ഷണം കാർബോഹൈഡ്രേറ്റ്‌സ് അടങ്ങിയിട്ടുള്ളതാണ്. ഭക്ഷണം കൃത്യമായ സമയത്തും അളവിലും കഴിക്കുന്നതാണ് ഗുണകരം. ഭക്ഷണത്തോടൊപ്പം മുഖ്യമാണ് ഉറക്കം. മസിൽ നന്നാക്കാനും പുതിയ പേശികൾ വളരാനും ഉറക്കം അനിവാര്യമാണ്. ചുരുങ്ങിയത് ഏഴ് മണിക്കൂർ ഉറക്കം നിർബന്ധമാക്കണം. ആഴ്ചയിൽ മൂന്നോ നാലോ ദിവസമെന്ന രീതിയിൽ വർക്കൗട്ട് തരപ്പെടുത്തി വിശ്രമത്തിനു കൂടുതൽ സമയം വർധിപ്പിക്കുന്നതാണ് ശാസ്ത്രീയമായി ശരീരത്തിനു നല്ലത്.

പ്രോട്ടീൻ പൗഡറും വിപണിയിലെ വ്യാജൻമാരും

ശരീരഭാരത്തിന്റെ അതേ അളവിലാണ് പ്രോട്ടീൻ എടുക്കേണ്ടതെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഭക്ഷണത്തിൽനിന്ന്‌ പ്രോട്ടീൻ ലഭിക്കുമെങ്കിലും പ്രോട്ടീൻ പൗഡറുകൾ എടുക്കുന്നത് ജിം സംസ്‌കാരത്തിന്റെ ഭാഗമാണ്. കൃത്യമായ പരിശോധന നടത്തി അംഗീകൃത പ്രോട്ടീൻ പൗഡറുകൾ എടുക്കുന്നത് തെറ്റില്ലെന്ന് ഡോക്ടർമാർ പറയുന്നു. എന്നാൽ, വ്യാജ പ്രോട്ടീൻ പൗഡറുകൾ വിപണിയിലെത്തുന്നത് വെല്ലുവിളിയാണ്. എർത്ത് മൂലകങ്ങൾ അടങ്ങിയ പ്രോട്ടീൻ പൗഡറുകൾ വിപണിയിൽ വ്യാപിക്കുന്നുവെന്നും സമീപകാലത്തെ പഠനം തെളിയിക്കുന്നു. സ്വന്തം ഇഷ്ടപ്രകാരം കഴിക്കുന്നത് അപകടസാധ്യത വർധിപ്പിക്കും.

പുരുഷൻമാരുടെയും സ്ത്രീകളുടെയും 'ഹെവി' െട്രയിനിങ്

സ്ത്രീകളിലെ ഹോർമോണായ ഈസ്ട്രജൻ ഫാറ്റ് ബിൽഡിങ് ആണ്. അതേസമയം, പുരുഷ ഹോർമോണായ ടെസ്‌റ്റോസ്റ്റിറോൺ മസിൽ ബിൽഡിങ്ങിനു കഴിവുള്ളതാണ്. അതുകൊണ്ട് പുരുഷന്മാർ ഭാരമേറിയ ഉപകരണങ്ങൾ കൊണ്ടുള്ള വ്യായാമങ്ങൾ ചെയ്യുമ്പോൾ അതിന്റെ ഫലം പേശികളിലായിരിക്കും പ്രതിഫലിക്കുക. സ്ത്രീകളെ അപേക്ഷിച്ച് വ്യായാമത്തിലൂടെയുള്ള മാറ്റങ്ങൾ പുരുഷന്റെ ശരീരത്തിൽ വേഗത്തിൽ സംഭവിക്കും. പുരുഷൻമാരെപ്പോലെ വ്യായാമംചെയ്താൽ ശരീരം പരുക്കമാകുമെന്നാണ് പൊതുധാരണ. എന്നാൽ,

വ്യായാമങ്ങളുടെ രീതിയിൽ ആൺ-പെൺ വേർതിരിവില്ല. രണ്ടുകൂട്ടരുടെയും ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ വ്യത്യസ്തമായിരിക്കും. പെൺകുട്ടികളിൽ പലരും വെയ്റ്റ് ട്രെയിനിങ് നടത്താറില്ല. സൈക്ലിങ്, ഡാൻസിങ്, പോലുള്ള എയ്‌റോബിക് എക്‌സസൈസുകൾക്കാണ് മുൻഗണന നൽകുന്നത്. എന്നാൽ, സ്ത്രീകളിൽ വെയ്റ്റ് ട്രെയ്നി‌ങ്ങും ബോഡി ബിൽഡിങ്ങും ഇപ്പോൾ പതിവാണ്.

ലഹരി ഉപയോഗം കുറയ്ക്കാൻ സാധിക്കും

ജിമ്മിലൂടെ യുവാക്കളിലെ ലഹരി ഉപയോഗം പരമാവധി കുറയ്ക്കാൻ സാധിക്കും. ചിട്ടയായ ജീവിതശൈലി ആവശ്യമുള്ളതിനാൽ മദ്യംപോലുള്ള ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നത് തടയാനാകും.

വർക്കൗട്ട് ചെയ്യുമ്പോൾ എൻഡോർഫിൻസ് എന്ന സന്തോഷ ഹോർമോണുകൾ ശരീരത്തിൽ ഉത്പാദിപ്പിക്കും. മറ്റ് ലഹരിതേടിയുള്ള പ്രവണതയെ കുറയ്ക്കാൻ ഇത് സഹായിക്കുമെന്നാണ് ചില ആരോഗ്യസംഘടനകളുടെ പഠനം വ്യക്തമാക്കുന്നത്.

‘മസിൽ ഷോക്കിങ്’ വേണം

ഒരേ വർക്കൗട്ട് തന്നെ എല്ലാ ആഴ്ചയിലും ചെയ്യുന്നത് പേശികൾക്കു ഗുണകരമല്ല. മൂന്നാഴ്ച കൂടുമ്പോൾ വർക്കൗട്ട് രീതിയും മാറ്റണം. ഇതിനെയാണ് മസിൽ ഷോക്കിങ് എന്നു വിളിക്കുന്നത്. അപ്രതീക്ഷിതമായി വർക്കൗട്ട് രീതി മാറ്റുമ്പോൾ മസിലിന് ഇതുമായി പൊരുത്തപ്പെടാൻ സമയമെടുക്കും. എന്നാൽ, ഇത്തരത്തിൽ മസ്സിലിനെ ഷോക്ക് ചെയ്യുമ്പോൾ പേശികൾക്ക്‌ വേഗത്തിൽ വളരാൻ സാധിക്കും. ഒരു ശരീരഭാഗത്തിന് ആഴ്ചയിൽ രണ്ടുതവണ വർക്കൗട്ട് കൊടുക്കുന്നതും നല്ലത്. ആരോഗ്യസംരക്ഷണം മുഖ്യം.

-ജോൺസ് എബ്രഹാം, ജോൺസ് ജിം ഉടമയും ഫിറ്റ്‌നസ് ട്രെയിനറും

Content Highlights: Rising popularity of gyms among Gen Z and Gen Alpha for weight loss and physique goals., The emergence of couple workouts and family fitness routines as major lifestyle trends., Importance of scientific training, proper protein intake, and adequate sleep for muscle growth