ആശങ്ക വേണ്ട, എന്നാല്‍ ജാഗ്രത അനിവാര്യം; വാക്കിങ് ന്യൂമോണിയയേക്കുറിച്ച് അറിയേണ്ടതെല്ലാം

ആശങ്ക തീര്‍ത്തും ആവശ്യമില്ലാത്ത, എന്നാല്‍ ജാഗ്രത അത്യാവശ്യമായ ഒരു ശ്വാസകോശ രോഗമാണ് വാക്കിങ് ന്യൂമോണിയ. കുട്ടികളിലും മുതിര്‍ന്നവരിലും ശ്വാസനാളങ്ങളിലൂടെ പകരുന്ന മൈക്കോ പ്ലാസ്മ എന്ന ബാക്ടീരിയയാണ് ഈ രോഗം പടരാന്‍ കാരണമാകുന്നത്. ഈ രോഗാണു ശ്വാസകോശങ്ങളില്‍ നീര്‍ക്കെട്ട് ഉണ്ടാക്കുന്ന അവസ്ഥയെയാണ് സാധാരണയായി വാക്കിങ് ന്യൂമോണിയ എന്ന പേരിലും ശാസ്ത്രലോകത്ത് മൈക്കോ പ്ലാസ്മ ന്യൂമോണിയ എന്ന പേരിലും അറിയപ്പെടുന്നത്.
രോഗത്തിന്റെ പേരുതന്നെ രോഗലക്ഷണങ്ങള്‍ക്ക് ഒത്തവിധത്തില്‍ രേഖപ്പെടുത്തിയ ഒന്നാണ്. മറ്റു ന്യൂമോണിയകളെ അപേക്ഷിച്ച് ഇതിന് ലക്ഷണങ്ങള്‍ പൊതുവേ കുറവായിരിക്കും. അതുകൊണ്ട് ആളുകള്‍ക്ക് നടക്കാനും അവരുടേതായ ജോലികള്‍ ചെയ്യാനും കഴിയും. അതുകൊണ്ടാണ് ഇതിനെ വാക്കിങ് ന്യുമോണിയ എന്നു വിളിക്കുന്നത്.
സാധാരണ ന്യൂമോണിയ ബാധിതരില്‍ കണ്ടുവരുന്ന കടുത്ത പനി, ക്ഷീണം, ഭക്ഷണത്തിനോടുള്ള വെറുപ്പ്, കടുത്ത ചുമ, നെഞ്ചുവേദന എന്നിവ വാക്കിങ് ന്യൂമോണിയ രോഗികളില്‍ താരതമ്യേന കുറവായിരിക്കും. മറിച്ച് ചെറിയൊരു ക്ഷീണം, വിട്ടുമാറാത്ത ഉള്‍പ്പനി, വായകയ്പ്പ്, ചെറിയ തലക്കനം അഥവാ തലവേദന, മൂക്കൊലിപ്പ്, കുത്തിക്കുത്തിയുള്ള വരണ്ട ചുമ എന്നിവയാണ് ലക്ഷണങ്ങളായി പ്രകടമാകാറുളളത്. ചികിത്സകള്‍ക്ക് ശേഷം ഇവ കുറയാതെ വരികയാണെങ്കില്‍ വിദഗ്ധ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്.
സാധാരണ ന്യുമോണിയയില്‍നിന്ന് വ്യത്യസ്തമായി, വലിയ പ്രശ്‌നമില്ലാതെ കുഞ്ഞുങ്ങള്‍ സ്‌കൂളില്‍ പോകുകയും ദിനചര്യകളില്‍ വ്യാപൃതരാവുകയും ചെയ്യും. ഇതിനാല്‍ തന്നെ ഈ രോഗം ആദ്യഘട്ടത്തില്‍ തിരിച്ചറിയപ്പെടാതെ പോവുകയും രോഗം മൂര്‍ച്ഛിച്ചതിനു ശേഷം മാത്രം ശ്രദ്ധിക്കപ്പെടുകയും ചെയ്യാന്‍ സാധ്യത ഏറെയാണ്.
വാക്കിങ് ന്യൂമോണിയ രോഗനിര്‍ണയം
ഫലപ്രദമായ ചികിത്സയ്ക്ക് ഈ രോഗത്തിന്റെ നിര്‍ണയം ഏറെ അത്യാവശ്യമായ ഒന്നാണ്. സമഗ്രമായ ശാരീരിക പരിശോധന, രക്ത പരിശോധന, എക്‌സറെ, രക്തത്തില്‍ മൈകോ പ്ലാസ്മ ആന്റി ബോഡിയുടെ സാന്നിധ്യം എന്നിവ ഒരു വിദഗ്‌ധോപദേശത്തിലൂടെ അപഗ്രഥിക്കുകയും, അത്യാവശ്യമെങ്കില്‍ ബ്രോങ്കോസ്‌കോപ്പി പോലുള്ള ടെസ്റ്റുകളുടെ സഹായത്തോടെ കഫം വലിച്ചെടുത്ത് പരിശോധിക്കുകയും ചെയ്യേണ്ടി വന്നേക്കാം.
ചികിത്സയുണ്ടോ?
വാക്കിങ് ന്യൂമോണിയ ഒരു ബാക്ടീരിയ കാരണം ഉണ്ടാകുന്ന രോഗമായതിനാല്‍ തന്നെ ഫലപ്രദമായ ചികിത്സ ഉണ്ടെന്നത് ഏറെ ആശ്വാസകരമായ ഒന്നാണ്. അസിത്രോമൈസിന്‍, ഡോക്‌സിസൈക്ലിന്‍, എറിത്രോമൈസിന്‍ പോലുളള ആന്റിബയോട്ടിക്കുകള്‍ കൃത്യമായ ഡോസില്‍, നിശ്ചിത കാലാവധിക്ക് കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് വഴി രോഗത്തെ പൂര്‍ണമായും ചികിത്സിച്ച് ഭേദപ്പെടുത്താം.
പ്രതിരോധം
വാക്കിങ് ന്യൂമോണിയക്ക് പ്രതിരോധ കുത്തിവെപ്പുകള്‍ ഇല്ല എന്നത് ഒരു സത്യാവസ്ഥയാണ്. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ കുഞ്ഞുങ്ങളെ ടെസ്റ്റുകള്‍ക്ക് വിധേയരാക്കുകയും, വിദഗ്ധാഭിപ്രായം തേടേണ്ടതും ഈ രോഗത്തെ ചികിത്സിച്ച് ഭേദപ്പെടുത്തുന്നതിനും സമൂഹത്തില്‍ പടര്‍ന്നു പിടിക്കാതിരിക്കാനും ഏറെ പ്രധാനമാണ്.
(വിവരങ്ങള്‍: ഡോ. ബേബി ജോണ്‍
സീനിയര്‍ കണ്‍സള്‍ട്ടന്റ് ആന്‍ഡ് എച്ച്.ഒ.ഡി.
പീഡിയാട്രിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്,
രാജഗിരി ഹോസ്പിറ്റല്‍ ആലുവ)
Content Highlights: walking pneumonia cause treatment all you want to know