ഒറ്റുകാരെപ്പോലെ സ്വന്തം ശരീരത്തെ ആക്രമിക്കുന്ന അവസ്ഥ, രോഗപ്രതിരോധസംവിധാനം എന്ന സൈന്യം

#ഡോ. സുബോജ് ബേബിക്കുട്ടി
Representative Image| Photo: Canva.com
Representative Image| Photo: Canva.com

നമ്മുടെ രോഗപ്രതിരോധസംവിധാനം നിയന്ത്രിതവും ക്രിയാത്മകമായ ഒരു സൈന്യമാണ്. പക്ഷേ, എല്ലാ സൈന്യങ്ങളിലുമെന്നപോലെ, ഇവരിലുമുണ്ട് ചില ഒറ്റുകാർ. ചിലപ്പോൾ അവർ സ്വന്തം നാട്ടുകാരെപ്പോലും ശത്രുക്കളായിക്കരുതുന്നു. അങ്ങനെ സംഭവിക്കുമ്പോഴാണ് -സ്വയം പ്രതിരോധം (ഓട്ടോ ഇമ്യുണിറ്റി) അവിടെ രൂപം കൊള്ളുന്നത്‌. ഇവിടെ, സ്വന്തം ശരീരത്തെത്തന്നെയാണ് പ്രതിരോധസംവിധാനം ആക്രമിക്കുന്നത്. Type 1 diabetes, rheumatoid arthritis, multiple sclerosis, lupus തുടങ്ങിയ അവസ്ഥകൾ ഈ ആഭ്യന്തരയുദ്ധത്തിന്റെ ഉദാഹരണങ്ങളായി നമുക്ക് പറയാം.

പരിശീലനകേന്ദ്രം: തൈമസ്

ഓരോ സൈന്യത്തിനും പരിശീലനകേന്ദ്രം വേണം. എന്നതുപോലെയാണ് നമ്മുടെ രോഗപ്രതിരോധ സംവിധാനത്തിന് തൈമസ്. അവിടെ ടി കോശങ്ങൾ (T cells) കഠിനപരിശീലനം നേടുകയും അതിലൂടെ സ്വന്തം കോശങ്ങളെയും അന്യന്മാരെയും തിരിച്ചറിയാനുള്ള ശേഷി കൈവരുകയും ചെയ്യുന്നു.

ഈ പരിശീലനം ഇല്ലെങ്കിൽ അത് എല്ലാറ്റിനെയും നശിപ്പിക്കും. മനുഷ്യന് ആവശ്യമുള്ള ബാക്ടീരിയകൾ നശിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. ഈ പരിശീലനം സെൻട്രൽ ടോളറൻസ് എന്നാണ് അറിയപ്പെടുന്നത്.

ചില ഒറ്റുകാർ ഈ പരിശീലനത്തിൽ നിന്ന്‌ ഒഴിഞ്ഞുപോകും. അവരെ നിയന്ത്രിക്കുക എന്നത് രാജ്യ സുരക്ഷയുടെ ആവശ്യമാണല്ലോ. അതിനായി മറ്റൊരു രഹസ്യ കരാർ വേണം. അതാണ് ‘പെരിഫറൽ ഇമ്മ്യൂൺ ടോളറൻസ്

രഹസ്യ ഉടമ്പടി

തൈമസിന്റെ പുറത്തുള്ള പ്രദേശങ്ങളിലാണ് ഈ കരാർ പ്രാബല്യത്തിൽ വരുന്നത് . അതായത്, രക്തത്തിലും lymph nodes-ലും, tissue-കളിലും. ഇവിടെയാണ് regulatory T cells അഥവാ ടി റഗ്സ് എന്ന സമാധാന ദൂതന്മാർ പ്രവർത്തിക്കുന്നത്.

അവർക്ക് FOXP3 എന്ന തിരിച്ചറിയൽ രേഖ ഉണ്ട്. അതാണ് അവരുടെ ‘സമാധാനത്തിന്റെ ചിഹ്നം’.അവർ യുദ്ധം ചെയ്യില്ല. പക്ഷേ, യുദ്ധം അവസാനിപ്പിക്കാൻ കാരണക്കാരാകുന്നു. Tregs IL-10, TGF-ബീറ്റ പോലുള്ള സന്ദേശങ്ങൾ അയച്ചു അതിതീവ്രസെല്ലുകളെ വെടിനിർത്തൽ കരാറിന് നിർബന്ധിക്കും.

നൊബേൽ കണ്ടെത്തൽ

മനുഷ്യശരീരത്തിലേ രോഗപ്രതിരോധസംവിധാനം സ്വന്തം കോശങ്ങളെ എങ്ങനെ തിരിച്ചറിയുന്നു എന്ന കണ്ടെത്തലിനാണ്. 2025-ലെ വൈദ്യശാസ്ത്രനൊബേൽ. ഡോ. ഷിമോൺ സാകാഗുചി (ജപ്പാൻ), ഡോ. മേരി ബ്രൺനൊ (യു എസ്), ഡോ. ഫ്രെഡ് റംസ്ഡെൽ (യുഎസ്). എന്നിവർക്കായിരുന്നു പുരസ്കാരം. ഇപ്രകാരം സ്വന്തം കോശങ്ങളെ ആക്രമിക്കാതിരിക്കാൻ സമാധാന ഉടമ്പടി എങ്ങനെ കൃത്യമായി നടപ്പാകുന്നു എന്നതിലെ രഹസ്യം അവർ പുറംലോകത്തെ അറിയിച്ചു.

ഡോ. ഷിമോൺ, ക്യോട്ടോ യൂണിവേഴ്സിറ്റിയിലും ഒസാക്ക യൂണിവേഴ്സിറ്റിയിലുമായിട്ടാണ് ഗവേഷണം നടത്തിയത്. ശരീരത്തിലെ എല്ലാ ടി കോശങ്ങളും അക്രമകാരികളായ സൈനികരല്ലെന്നും മറിച്ച്‌ യുദ്ധം അവസാനിപ്പിക്കുന്നതിനും സമാധാനം നിലനിർത്തുന്നതിനുള്ള പങ്ക് വഹിക്കുന്നവരുമുണ്ടെന്നും 1980-കളിൽ അദ്ദേഹം മനസ്സിലാക്കി. അവരാണ് ടി റഗ്സ്.

അദ്ദേഹത്തിന്റെ പരീക്ഷണശാലയിൽ കണ്ടെത്തിയ ഒരു കൂട്ടം CD25 പോസിറ്റീവ് T കോശങ്ങൾ ശരീരത്തിനുള്ളിലെ നയതന്ത്ര പ്രതിനിധികളെപ്പോലെയാണ്. ഇവയുടെ കണ്ടെത്തൽ, ശരീരത്തിലെ പ്രതിരോധ സംവിധാനം യുദ്ധം മാത്രമല്ല, നയതന്ത്രവും സമാധാനവുംകൂടി ആണെന്നുള്ള തിരിച്ചറിവ് ലോകത്തിന് നൽകി. രോഗ പ്രതിരോധം എന്നത് പ്രതിരോധത്താൽ മാത്രമല്ല സംയമനത്തിന്റെകൂടി പിൻബലത്താൽ ആണ് നിലകൊള്ളുന്നത് എന്ന് അദ്ദേഹം ലോകത്തോട് പറഞ്ഞു.

ഡോ.മേരി ബ്രൺനൊ, ( Immunex Corporation, Seattle, USA)1990 കളിൽ FOXP 3 ജീൻ കണ്ടെത്തിയത് ശാസ്ത്രലോകത്തു ശ്രദ്ധനേടിയിരുന്നു. ടി റഗ് കോശങ്ങളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിൽ താക്കോൽ സ്ഥാനത്തു പ്രവർത്തിക്കുന്നത് FOXP-3 ജീനുകളാണ്. FOXP-3 ജീനുകൾക്ക് ജനിതകവ്യതിയാനം വന്നാൽ ടി റഗ് കോശങ്ങളുടെ പ്രവർത്തനങ്ങളെ കാര്യമായി ബാധിക്കുകയും രോഗപ്രതിരോധ സംവിധാനത്തിന്റെ സന്തുലിതാവസ്ഥയെ തകർക്കുകയും സ്വന്തം കോശങ്ങളെ ആക്രമിക്കുകയും ചെയ്യും എന്ന് അവർ കണ്ടെത്തി.

ഡോ. ഫ്രെഡ് റംസ്ഡെൽ, ( Bristol Myers Squibb, USA) ഡോ. മേരിയുമായി ചേർന്ന് FOXP3 യുടെ പ്രാധാന്യം കൂടുതൽ ആഴത്തിൽ പഠിച്ചു . എലികളിൽ FOXP3 ഇല്ലാതാകുമ്പോൾ മനുഷ്യരെ പോലെത്തന്നെ രോഗ പ്രതിരോധ സംവിധാനം താറുമാറാകുന്നു എന്ന് കണ്ടെത്തി.പ്രതിരോധം എന്നത് ആക്രമണമല്ല, പക്ഷേ, നിയന്ത്രണവും സമാധാനവും കൂടിയാണ്.

സമാധാനം തോൽക്കുമ്പോൾ

ടി റഗ്സ് കുറയുമ്പോൾ സമാധാനം തകരുകയും – ഓട്ടോഇമ്യൂണിറ്റി തുടങ്ങുകയും ചെയ്യും. പക്ഷേ ടി റഗ്സ് അധികമായാലും പ്രശ്നങ്ങളുണ്ട്. കാൻസർ കോശങ്ങൾ ഇവരെ ദുരുപയോഗം ചെയ്ത് രോഗ പ്രതിരോധസംവിധാനത്തെ അടിച്ചമർത്തും. ശരീരത്തിലെ രോഗപ്രതിരോധസംവിധാനം ഒരു നേർത്ത സമതുലിതാവസ്ഥയിലാണ് നില നിൽക്കുന്നത് ഇത് നഷ്ടപ്പെട്ടാൽ ശരീരംതന്നെ രോഗത്തിന്റെ ആവാസകേന്ദ്രമായിത്തീരും.

ഭാവി വഴികൾ

ഇന്ന്, ടി റഗ്സിനെ അടിസ്ഥാനമാക്കി വൈദ്യശാസ്ത്രമേഖലയിൽ ധാരാളം ചികിത്സകൾ വികസിപ്പിക്കുന്നു. പ്രത്യേകിച്ച് ഓട്ടോഇമ്മ്യൂണിറ്റി, ട്രാൻസ്പ്ലാന്റേഷൻ, കാൻസർ എന്നീ മേഖലകളാണ് ഇതിന്റെ സാധ്യത കൂടുതനായി ഉപയോഗിക്കുന്നത്. ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തിന്റെ ഈ നയതന്ത്രനീക്കം ഭാവിയിലെ ചികിത്സകളുടെ പുതിയ വഴികൾ തുറക്കും.

തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലെ സുവോളജി വകുപ്പധ്യക്ഷനാണ് ലേഖകൻ

Content Highlights: Discover how your immune system works, the causes of autoimmunity, and the crucial role of T-regulatory cells