ബാഗിൽ പേനയ്ക്കും പുസ്തകങ്ങൾക്കുമൊപ്പം സൺസ്ക്രീനും ലിപ്സ്റ്റിക്കും; മെയ്ക്കപ്പ് അല്ല ആത്മവിശ്വാസം, തിരിച്ചറിയണം

ഒറ്റക്ലിക്കിൽ ലോകത്തുള്ള ഒട്ടുമിക്ക സൗന്ദര്യവർധക വസ്തുക്കളും നമ്മുടെ കാൽക്കീഴിലെത്തുന്ന കാലമാണിത്. കുടുംബവും സ്കൂളും ജോലിസ്ഥലവും മാത്രമായി ഒതുങ്ങിയിരുന്ന ലോകം ഭൂമിയോളം വളർന്നപ്പോൾ സമൂഹഘടനയ്ക്കൊപ്പം സൗന്ദര്യബോധവും മാറിമറിഞ്ഞു. വെളുത്ത നിറവും മെലിഞ്ഞശരീരവുമാണ് സൗന്ദര്യമെന്ന സങ്കല്പം പരസ്യങ്ങളിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും ഊട്ടിയുറപ്പിക്കപ്പെടുമ്പോൾ കുട്ടികൾമുതൽ കൗമാരക്കാരും മുതിർന്നവരുംവരെ പ്രായഭേദമില്ലാതെ ഈ ‘ട്രെൻഡി’നുപിന്നാലെ പായുന്നു. സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നതെന്തും വെള്ളംതൊടാതെ വിഴുങ്ങുന്ന അവസ്ഥയിലേക്ക് മലയാളികൾ എങ്ങനെയാണെത്തിയത്?
മുഖക്കുരു മാറാൻ ഉപയോഗിച്ച ക്രീം, പിന്നാലെ മുഖത്തും കാലിലും നീര്; ബയോപ്സിയിൽ കാരണം കണ്ടെത്തി
കുട്ടികളിലെ സൗന്ദര്യബോധം
കൗമാരമെന്നത് ‘ഞാൻ ആരാണ്’ എന്ന് തിരയുന്ന കാലമാണ്. വികാരവും എടുത്തുചാട്ടവും നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗങ്ങൾ ഇരുപതുകളുടെ പകുതിവരെ വളർന്നുകൊണ്ടേയിരിക്കുന്നു. അതുകൊണ്ടുതന്നെ കൂട്ടുകാരുടെ അഭിപ്രായങ്ങൾക്കും സമൂഹത്തിന്റെ സൗന്ദര്യസങ്കല്പങ്ങൾക്കും കുട്ടികളിൽ വലിയ സ്വാധീനം ചെലുത്താൻകഴിയും.
പത്തും പന്ത്രണ്ടും വയസ്സുള്ള കുട്ടികളുടെ ബാഗിൽ പേനയ്ക്കും പുസ്തകങ്ങൾക്കുമൊപ്പം ഫെയ്സ് വാഷ്, സൺസ്ക്രീൻ, ലിപ് ടിന്റ്, ലിപ്സ്റ്റിക് തുടങ്ങിയവ സാധാരണമായി മാറിയതിനു കാരണം ഇതാണ്.
പ്രോട്ടീൻപൗഡറുകൾ, സപ്ലിമെന്റുകൾ, ഗ്രൂമിങ് തുടങ്ങിയവ വഴി ആൺകുട്ടികളും ഇതിന്റെ ഭാഗമാകുന്നു. സാമൂഹികമാധ്യമങ്ങളിൽ കാണുന്ന പരസ്യങ്ങളും വീഡിയോകളും അവരിലെ അരക്ഷിതത്വബോധം കൂടുതൽ വളർത്തുന്നു. എത്തിപ്പെടാൻ സാധിക്കാത്ത ഒരു താരം പറയുന്നതിനെക്കാൾ നാമുൾപ്പെടുന്ന സമൂഹത്തിന്റെതന്നെ ഭാഗമായ ഇൻഫ്ലുവൻസർമാരുടെ വാക്കുകൾക്ക് കൂടുതൽ വിശ്വാസ്യത കൈവരുന്നു. ലിപ്സ്റ്റിക്കിടാതെ സ്കൂളിൽ വരാൻമടിക്കുന്ന കുട്ടികളെ വാർത്തെടുക്കുന്നത് ഇത്തരമൊരു സമൂഹസ്ഥിതിയാണ്. തുച്ഛമായ വിലയ്ക്ക് വാങ്ങുന്ന ലിപ്സ്റ്റിക്കുകൾ എവിടെ നിർമിക്കുന്നവയാണെന്നോ, അതിലുപയോഗിച്ച വസ്തുക്കൾ ഏതാണെന്നോ നോക്കുന്നില്ല.
ഇത്തരം മാറ്റ്, ലിക്വിഡ് ലിപ്സ്റ്റിക്കുകൾ ഉപയോഗിക്കുമ്പോൾ ചുണ്ടിലെ ഈർപ്പം നഷ്ടപ്പെടുകയും നിരന്തര ഉപയോഗം ചുണ്ടുപൊളിയാൻ കാരണമാവുന്നു. പല ഷെയ്ഡുകളിലുള്ള ലിപ്സ്റ്റിക്കുകളും ബ്ലഷുകളും മെയ്ക്കപ്പ് പൗച്ചുകളും സ്വന്തമായി ഉള്ളവരാണ് നമ്മുടെ കുട്ടികൾ. മെയ്ക്കപ്പ് മാത്രമല്ല ആത്മവിശ്വാസം എന്നു നമ്മൾ മനസ്സിലാക്കണം.
ഓൺലൈനായി വരുത്തിയ ക്രീമുകളിൽ അധിക മെർക്കുറി, അംഗീകാരമില്ലാത്തവയിൽ ചേരുവകളുടെ പട്ടിക അപൂർണം
ഇവ ശ്രദ്ധിക്കാം
- ഫിൽട്ടർ, എഡിറ്റിങ്, പരസ്യം എന്നിവ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് മനസ്സിലാക്കിക്കുക
- ചർമത്തിന് പ്രശ്നമുണ്ടെങ്കിൽ ഡെർമറ്റോളജിസ്റ്റിനെ കാണിക്കുക; സ്വയം ക്രീം തിരഞ്ഞെടുക്കരുത്
- ലേബൽ വായിക്കുക, അംഗീകൃത ഉത്പന്നങ്ങൾ തിരഞ്ഞെടുക്കുക, ഒരേസമയം പത്തും പതിനഞ്ചും ഉത്പന്നങ്ങൾ മുഖത്ത് പരീക്ഷിക്കാതിരിക്കുക
- സൺസ്ക്രീനും മുഖം വൃത്തിയാക്കലും ആരോഗ്യകരമായ ശീലങ്ങളാണ്. സ്വന്തം രൂപം തിരുത്തേണ്ടതാണ് എന്ന വിശ്വാസമാണ് പ്രശ്നം
അവരല്ല നമ്മൾ
വ്യാജന്മാരുടെ കൂട്ടത്തിൽ പാകിസ്താൻ, തുർക്കി ക്രീമുകളോടൊപ്പം നിൽക്കുന്ന മറ്റൊന്നാണ് കൊറിയൻ സൗന്ദര്യവർധക വസ്തുക്കൾ. കൊറിയൻ സീരീസുകൾ, സിനിമകൾ, പാട്ട് എന്നിവയോടുള്ള പ്രേമം ഇന്ത്യയിലേക്ക് കടന്നപ്പോൾ ഒപ്പം കെ ബ്ലൂട്ടിയുമെത്തി. വെളുത്തുതുടുത്ത് തിളങ്ങുന്ന മനോഹരമായ കൊറിയൻ ചർമത്തോടുള്ള ഇന്ത്യൻ പ്രണയം മനസ്സിലാക്കിയതോടെ കൊറിയൻ സൗന്ദര്യവർധക കമ്പനികൾ ഇന്ത്യയിൽ വിപണിതുറന്നു. ഒപ്പം വ്യാജന്മാരും. ഇവയുടെ ഉപയോഗം ചർമത്തിൽ ഹൈപ്പർപിഗ്മെന്റേഷൻ ഉണ്ടാക്കുകയോ പൊള്ളലിനോ മാരക അലർജികൾക്ക് കാരണമാകുകയോവരെ ചെയ്യാം. അപകടകരമായ രാസവസ്തുക്കളില്ലാത്ത കൊറിയൻ സൗന്ദര്യവർധക ഉത്പന്നങ്ങൾവരെ ഇന്ത്യൻ ചർമത്തിന് ഹാനികരമാകാമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം തിളങ്ങുന്ന ചർമം ഭൂരിപക്ഷം ഇന്ത്യക്കാരുടെയും ജനിതകഘടനയ്ക്ക് വിരുദ്ധമാണെന്നതാണ് ശരി. ഗൾഫ് രാജ്യങ്ങൾ വഴിയാണ് ഇത്തരം ക്രീമുകൾ കേരളത്തിലെത്തുന്നത്. പ്രിയപ്പെട്ടവർക്ക് സമ്മാനമായി നൽകുന്ന ക്രീം അവരുടെ ആരോഗ്യം നശിപ്പിക്കുമെന്ന് നാം ഓർക്കണം.
വിൽപ്പന സാമൂഹികമാധ്യമങ്ങൾ വഴി
സാമൂഹിക മാധ്യമങ്ങളിലെ പരസ്യം കണ്ടാണ് പലരും ഇത്തരം ഫെയ്സ് ക്രീമുകൾ വാങ്ങുന്നത്. ഇൻഫ്ലുവൻസർമാർ അവർ ഉപയോഗിച്ചതാണെന്നും മികച്ചതാണെന്നും റിവ്യൂ പറയുന്നു. കൂടുതൽപ്പേരും ആഴ്ചയിൽ നാലും അഞ്ചും ഉത്പന്നങ്ങളാണ് പരിചയപ്പെടുത്തുന്നത്. ഇതിൽ പലതും ഇവരാരും ഉപയോഗിച്ചിട്ടില്ലെന്നതാണ് വസ്തുത. ഓൺലൈനായി വാങ്ങുമ്പോൾ 500 മുതൽ 1500 രൂപവരെയാണ് വില വരുന്നത്. രണ്ടുദിവസംകൊണ്ടോ ഒരാഴ്ചയ്ക്കുള്ളിലോ റിസൾട്ട് കിട്ടുന്നു എന്നതാണ് ആളുകളെ ഇതിലേക്ക് ആകർഷിക്കുന്നത്. ഇൻസ്റ്റഗ്രാം വഴിയാണ് കച്ചവടം പൊടിപൊടിക്കുന്നത്. ‘വെളുത്തിട്ട് പാറും’ എന്ന പരസ്യവാചകവുമായെത്തി ഫെയർനസ് ക്രീം വിൽപ്പന നടത്തിയ കാസർകോട് സ്വദേശികൾക്കെതിരേയും ഇത്തരത്തിൽ പരാതി ഉയർന്നിരുന്നു. പരാതി വ്യാപകമാവുമ്പോൾ ഇത്തരം സൈറ്റുകളും ഇൻസ്റ്റഗ്രാം പേജും അപ്രത്യക്ഷമാവും. കസ്റ്റമർകെയറായി നൽകുന്ന നമ്പറുകളിൽ വിളിച്ചാൽകിട്ടില്ല. അങ്ങനെ ‘കാണാമറയത്താവുന്ന’ കച്ചവടക്കാർ പിന്നീട് പുതിയപേരിൽ ഇതേ ക്രീമുമായി എത്തും. ലാഭം വാരും. ഇതു തുടരം. ഇൻഫ്ലുവൻസർമാർക്ക് ഇതു വെറും പെയ്ഡ് പ്രമോഷനോ കൊളാബറേഷനോ അണ്. ഉപയോഗിക്കുന്ന നമുക്ക് ആരോഗ്യം നശിപ്പിച്ചുള്ള ഞാണിന്മേൽക്കളിയാണ്.
വിദേശത്ത് നിരോധനം, ഇന്ത്യയിൽ സുലഭം
ഇന്ത്യയിൽ സൗന്ദര്യവർധക വസ്തുക്കളെ നിയന്ത്രിക്കുന്നത് കോസ്മെറ്റിക്സ് റൂൾസ് 2020, സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷൻ (സി.ഡി.എസ്.സി.ഒ.), ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് മാനദണ്ഡങ്ങൾ എന്നിവയാണ്. ഈ മാനദണ്ഡങ്ങൾപ്രകാരം ഏകദേശം 1600-ഓളം രാസവസ്തുക്കൾ സൗന്ദര്യവർധക വസ്തുക്കളിൽ ഉപയോഗിക്കുന്നത് നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്തിട്ടുണ്ട്.
ഇത്തരം ഉത്പന്നങ്ങളുടെ നിർമാണഘട്ടത്തിൽ നിരോധിത രാസവസ്തുക്കളിൽ പലതും അബദ്ധത്തിൽ കലരാനുള്ള സാധ്യത പൂർണമായും ഒഴിവാക്കാനാകില്ല. അതിനാൽ ഇവ പരിമിത അളവിൽ അനുവദനീയമാണ്. ശ്രദ്ധേയമായ കാര്യമെന്തെന്നാൽ മറ്റുപല രാജ്യങ്ങളെയും അപേക്ഷിച്ച് നോക്കുമ്പോൾ ഇന്ത്യയിൽ ഈ പരിധി വളരെ ഉയർന്നതാണ്. അതേസമയം, യൂറോപ്യൻ യൂണിയൻ, അമേരിക്കയുടെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്.ഡി.എ.) തുടങ്ങിയ അന്താരാഷ്ട്ര ഏജൻസികൾ നിരോധിച്ച ചില രാസവസ്തുക്കൾ ഇന്നും ഇന്ത്യയിൽ നിയമപരമാണുതാനും. പല മുൻനിര ബ്രാൻഡുകളും ഇന്ത്യയിലും യൂറോപ്യൻ യൂണിയൻ, അമേരിക്ക പോലുള്ള രാജ്യങ്ങളിലും വിൽക്കുന്ന ഉത്പന്നങ്ങളിലെ ഘടകങ്ങളുടെ പട്ടിക വ്യത്യസ്തമാകാനുള്ള കാരണവും ഇതാണ്.
വിശ്വാസ്യത പ്രശ്നം
ഒരു മാർക്കറ്റിങ് ഏജൻസി വഴിയാണ് എനിക്ക് എഫ്.ട്യൂൺ. സൗന്ദര്യവർധക ക്രീമിന്റെ കൊളാബ് വരുന്നത്. അവർ മൊത്തത്തിൽ വർക്ക് എടുത്തതിനുശേഷം പല ഇൻഫ്ലുവൻസർമാർക്കും വീതിച്ചുനൽകുകയാണ് ചെയ്യുന്നത്. റീച്ച് അനുസരിച്ചാണ് ഓരോരുത്തർക്കും പണംകിട്ടുന്നത്. എന്തിനുള്ള പ്രൊഡക്ട് ആണെന്ന് സമീപിക്കുന്നവരോട് ചോദിക്കാറുണ്ട്. അവർ അയച്ചുതരുന്ന കാര്യങ്ങൾ വിശ്വസിച്ചാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്നത്. ഞാൻ ഈ ക്രീം ഉപയോഗിച്ചുനോക്കുകയും എന്റെ മുഖത്തെ ടാൻ മാറുകയും ചെയ്തതാണ്. അതനുസരിച്ച് വീഡിയോ ചെയ്തു. എന്നാലിപ്പോൾ എന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന തരത്തിലാണ് കാര്യങ്ങൾ പോകുന്നത്.
റനീഷ റഹ്മാൻ
ഇൻഫ്ലുവൻസർ
ബിഗ് ബോസ് താരം
നിറത്തിലെന്തു കാര്യം
സൗന്ദര്യമെന്നത് ഒരേ അച്ചിൽ വാർത്ത മുഖങ്ങളിലേക്കും വെളുത്ത കളങ്കമില്ലാത്ത ചർമത്തിലേക്കുംമാത്രം ഒടുങ്ങുന്നിടത്താണ് അപകടത്തിന്റെ തുടക്കം. വെളുത്തതാണ് സൗന്ദര്യമെന്ന് പരസ്യങ്ങളും ഫെയർനസ് ക്രീമുകളുടെ വിപണിയും തലമുറകളായി പഠിപ്പിച്ചു. സാമൂഹികമാധ്യമങ്ങൾ ഇതിന്റെ വേഗം കൂട്ടി. ഇരുണ്ടനിറമുള്ള ചില കുട്ടികളിൽ ആത്മവിശ്വാസക്കുറവും വിഷാദവും ഉത്കണ്ഠയും കാണാറുണ്ട്. കുട്ടികളെ മാത്രം കുറ്റപ്പെടുത്തുന്നതിൽ കാര്യമില്ല. ദോഷം എന്തെന്നറിഞ്ഞാലും ഇന്നത്തെ സ്വീകാര്യതയ്ക്കാണ് അവർ പ്രാധാന്യം നൽകുക. കുട്ടികൾ മണിക്കൂറുകളോളം കണ്ണാടിക്കുമുന്നിൽ ചെലവഴിക്കുന്നതോ, രൂപത്തെക്കുറിച്ച് അമിതമായി വേവലാതിപ്പെടുന്നതോ, കൂട്ടുകാരിൽ നിന്ന് അകലുന്നതോ ശ്രദ്ധയിൽപ്പെട്ടാൽ കൗൺസലറുടെയോ, മനോരോഗവിദഗ്ധന്റെയോ സഹായം തേടുക.
ഡോ. വർഷ വിദ്യാധരൻ
കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ്
സൈക്യാട്രി വിഭാഗം പ്രൊഫസർ.
(തുടരും)
Content Highlights: Explore how social media beauty trends influence the use of fake skincare products in India, impacting perceptions and consumer behavior across age groups.