സ്‌കിറ്റ്സോഫ്രീനിയയ്ക്കും മരുന്നുണ്ട്, ഡോപമിനെ നിയന്ത്രിക്കുന്ന നിക്കോട്ടിനും മസ്‌കരൈനും

പലതരം മാനസികാപഭ്രംശങ്ങളുടെ കൂട്ടായ്മയാണ് സ്‌കിറ്റ്‌സോഫ്രീനിയ അല്ലെങ്കില്‍ ഭ്രാന്ത്. മിഥ്യാഭ്രമം (delusion), മായാദൃശ്യങ്ങള്‍ (hallucination) എന്നിവ ഒന്നിച്ച് സൈക്കോസിസ് ആയി സ്വരൂപിക്കുന്നത് ഭ്രാന്തിന്റെ പൊതുലക്ഷണങ്ങളാണെങ്കിലും വികലമായ ആലോചനകളും സംസാരവും വിലക്ഷണമായ ചലനങ്ങളും പെരുമാറ്റവുമൊക്കെ ഇതില്‍പ്പെടുന്ന ലക്ഷണങ്ങളാണ്. ഇവയ്‌ക്കെല്ലാംകൂടി ഒരേയൊരു ചികിത്സ സാധ്യമല്ലതാനും.
ഡോപമിന്‍ കുറയുമ്പോള്‍
തലച്ചോറിലെ ന്യൂറോണുകള്‍ തമ്മില്‍ സംവദിക്കാനുള്ള രാസവസ്തുവായ 'ഡോപമിന്‍'ന്റെ അളവിലുള്ള വ്യത്യാസം ഒരു കാരണമാണ്. ഡോപമിന്‍ വാസ്തവത്തില്‍ മാനസികസുഖം പ്രദാനംചെയ്യുന്നതില്‍ പങ്കുവഹിക്കുന്നുണ്ടെങ്കിലും അധികമായാല്‍ അമൃതും വിഷം എന്ന ചൊല്ലിനെ ന്യായീകരിക്കുന്നതാണ്. പല തലച്ചോര്‍കേന്ദ്രങ്ങളും ഡോപമിന്‍ സ്രവിക്കുന്നുണ്ട്. സ്‌കിറ്റ്സോഫ്രീനിയ ബാധിച്ചവരില്‍ ഇതിന്റെ അളവ് കൂടുകയാണ്. ഇത് കുറയ്ക്കാനുള്ള മരുന്നുകള്‍ ഒട്ടൊക്കെ ഫലപ്രദമാണുതാനും. മറ്റൊരു പോംവഴി ഈ ഡോപമിന്‍ തലച്ചോര്‍ന്യൂറോണുകളില്‍ പറ്റിപ്പിടിക്കാന്‍ ഉപയോഗിക്കുന്ന സ്വീകരണികള്‍ (receptors) ഉള്ളിലേക്ക് സന്ദേശങ്ങള്‍ അയക്കുന്നതിനെ സ്വാധീനിക്കുകയാണ്. ഇത് സാധിച്ചെടുത്താല്‍ പ്രകൃത്യാതന്നെ ഡോപമിന്റെ അളവുകുറയും. ഈ സ്വീകരണികളാകട്ടെ രണ്ടുതരമുണ്ട്: പുകയിലയില്‍ കാണുന്ന 'നിക്കോട്ടിന്‍' (അഡിക്ഷന്‍ ഉണ്ടാക്കുന്നത് ഈ വസ്തുവാണ്) ഈ സ്വീകരണികളില്‍ പറ്റിപ്പിടിക്കും. മറ്റൊന്ന് ചില കൂണുകളില്‍ (Amanitta വിഭാഗത്തില്‍പ്പെടുന്നവ) ഉള്ള വിഷവസ്തുവായ 'മസ്‌കരൈന്‍' (muscarine) ആണ്. നിക്കോട്ടിനും മസ്‌കരൈനും ഡോപമിന്‍ പറ്റിപ്പിടിക്കുന്നതിനെ നിയന്ത്രിക്കും. ഡോപമിന്റെ അളവ് കുറയ്ക്കുകയും എന്നാല്‍, അതിന്റെ പ്രവര്‍ത്തനങ്ങളെ ഒരു പരിധിവരെ നിലനിര്‍ത്തുകയുംചെയ്യും. സ്‌കിറ്റ്സോഫ്രീനിയ ബാധിച്ചവരുടെ തലച്ചോറിലെ ചില ഇടങ്ങളില്‍ മാറ്റങ്ങളുണ്ട്. ഈ ഇടങ്ങളില്‍ മസ്‌കരൈന്‍ സ്വീകരണികള്‍ അധികമായി കാണുന്നുണ്ടുതാനും.
മരുന്നുകളുടെ പ്രവര്‍ത്തനം
സ്‌കിറ്റ്സോഫ്രീനിയയ്ക്ക് ഇപ്പോള്‍ chlorpromazine, fluphenazine, trifluoperazine, quetiapin ഒക്കെയാണ് ഉപയോഗിച്ചുവരുന്നത്. ഇവ ഡോപ്പമിന്‍ സ്വീകരണികളില്‍ പറ്റിപ്പിടിക്കുന്നുണ്ട്. ഡോപമിന്‍ പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കുന്നാണ്ടാകണം. എന്നാല്‍, സൈക്കോസിസ് ചികിത്സയ്ക്ക് കൃത്യമായി മസ്‌കരൈന്‍ സ്വീകരണികളെ (മേല്‍പ്പറഞ്ഞ രണ്ടാംതരം ഡോപമിന്‍ സ്വീകരണികള്‍) ആണ് കൈകാര്യം ചെയ്യേണ്ടതെന്നാണ് പുതിയ അറിവ്. മസ്‌കരൈന്‍ സ്വീകരണികളുടെ അപഭ്രംശങ്ങളാണ് മിഥ്യാഭ്രമത്തിനും മായാദൃശ്യങ്ങള്‍ക്കും കാരണമാകുന്നത്.
1970-നുശേഷം സ്‌കിറ്റ്സോഫ്രീനിയയ്ക്ക് വിവിധ മരുന്നുകള്‍ ധാരാളം ഉപയോഗിക്കപ്പെട്ടുതുടങ്ങിയെങ്കിലും ഒന്നിനും അത്ര കൃത്യത അവകാശപ്പെടാനില്ലായിരുന്നു. പലതും പല രോഗികളിലും ഫലിക്കുന്നവയല്ലായിരുന്നു എന്നതാണ് സത്യം.
ഡോപമിന്‍ സ്വീകരണികളെ മന്ദീഭവിപ്പിക്കുന്ന രാസവസ്തുക്കള്‍ പലതും കണ്ടുപിടിക്കപ്പെട്ടെങ്കിലും സ്‌കിറ്റ്സോഫ്രീനിയയുടെ സങ്കീര്‍ണത ഒരു വെല്ലുവിളിയായി നിലകൊണ്ടു. സൈക്കോസിസ് മാത്രമല്ലാതെ മറ്റുലക്ഷണങ്ങളും ഈ അസുഖത്തിനുണ്ടെന്നുള്ളതും പലര്‍ക്കും ചില ലക്ഷണങ്ങളുടെമാത്രം യോജനയാണെന്നുള്ളതും ചികിത്സയില്‍ കൃത്യതവരുത്താന്‍ വിഘാതമായി. എങ്കിലും ഡോപമിന്‍ സ്വീകരണികളെ സ്വാധീനിക്കുന്ന പല മരുന്നും ലാബുകളില്‍ വികസിപ്പിച്ചെടുത്തു തുടങ്ങി. 1990-ല്‍ ക്‌സാനോമെലീന്‍ (Xanomeline) എന്ന വസ്തു മസ്‌കരൈന്‍ വകുപ്പ് സ്വീകരണികളില്‍ പറ്റിപ്പിടിക്കുന്നെന്ന് കണ്ടുപിടിച്ചു.
അല്‍ഷിമേഴ്സ് അസുഖം ബാധിച്ചവരുടെ ഓര്‍മ്മശക്തി കൂട്ടാന്‍ ഉപയോഗിക്കാമെന്നും തെളിഞ്ഞു. അധികം താമസിയാതെ ഈ മരുന്ന് സ്‌കിറ്റ്സോഫ്രീനിയ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ ഉപയോഗിക്കാമെന്ന് വെളിവായി.
സൈക്കോസിസിനുമാത്രമല്ല,ബോധജ്ഞാനപ്രശ്‌നങ്ങള്‍ക്കും വികലമായ മാനസികവ്യാപാരങ്ങള്‍ക്കും ഈ മരുന്ന് ഫലപ്രദമാണെന്നുള്ള അറിവ് ഏറെ പുതുമയുള്ളതായിരുന്നു. വിപുലമായ ചികിത്സ സാധ്യമാണെന്നുള്ളത് ഏറെ സന്തോഷകരവുമായിരുന്നു. എന്നാല്‍, ക്‌സാനോമെലീന്‍ മനംപുരട്ടലും ഛര്‍ദിയും കഠിനമായ വയറ്റില്‍വേദനയും ഉളവാക്കുന്നതുമാണെന്നുള്ളത് ചികിത്സയ്ക്ക് വിഘാതമായി. മേല്‍ച്ചൊന്ന മസ്‌കരൈന്‍ സ്വീകരിണികള്‍ ധാരാളമായി നമ്മുടെ ആമാശയത്തിലുമുണ്ട്, തലച്ചോറിലെന്നപോലെ. ആമാശയം പണ്ടേ 'രണ്ടാം തലച്ചോറ്' (The second brain) എന്നാണറിയപ്പെടുന്നത്.
രണ്ടുമരുന്നുകള്‍, ഒരു ഗുളിക
പിന്നീടാണ് ഈ മരുന്നിന്റെ പാര്‍ശ്വഫലങ്ങളെ ചെറുക്കാനുള്ള 'ട്രോസ്പിയം'(trospium) എന്ന മരുന്ന് കണ്ടുപിടിക്കുന്നത്. ഈ ട്രോസ്പിയം തലച്ചോറിനുള്ളില്‍ പ്രവേശിക്കുകയില്ല. എന്നാല്‍, തലച്ചോറിനുപുറത്തുള്ള മസ്‌കരൈന്‍ സ്വീകരണികളെ മന്ദീഭവിപ്പിക്കും. അപ്പോള്‍ ക്‌സാനോമേലിന്റെ ദൂഷ്യവശങ്ങള്‍ ബാധിക്കുകയില്ല; ആമാശയത്തില്‍ ട്രോസ്പിയം പണിതുടങ്ങുന്നതിനാല്‍. എലൈ ലില്ലി (Eli Lilly) കമ്പനിയിലെ ബയോടെക് തലവന്‍ ആന്‍ഡ്രു മില്ലര്‍ പുതിയ കമ്പനി തുടങ്ങി 'കരുണ തെറാപ്യൂടിക്‌സ്'-2009-ല്‍. ആദ്യവര്‍ഷങ്ങളിലെ നിരന്തരശ്രമങ്ങള്‍ക്കുശേഷം ക്‌സാനോമെലിനും ട്രോസ്പിയവും ഒന്നിച്ചുള്ള മരുന്ന് KarXT എന്ന പേരില്‍ ക്‌ളിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് സമര്‍പ്പിച്ചു, ഈ 'കരുണ' എന്ന കമ്പനി. മറ്റ് സൈക്കോസിസ് പ്രതിരോധമരുന്നുകളെപ്പോലെ അമിതവണ്ണത്തിനു കാരണമാകുകയോ മയക്കമുളവാക്കുകയോ ചലനങ്ങളെ ബാധിക്കുകയോ ചെയ്യുന്നില്ല എന്നത് ആശ്വാസകരമായി. വയറ്റില്‍ ചില ചെറിയ പ്രശ്‌നങ്ങള്‍ പാര്‍ശ്വഫലമായി നിരീക്ഷിക്കപ്പെട്ടു. പക്ഷേ, ഒന്നുരണ്ടാഴ്ചത്തെ ഉപയോഗംകൊണ്ട് ഇതില്ലാതായി.
KarXT യുടെ ഒരു പ്രധാന മെച്ചമായി കാണപ്പെടുന്നത് മറ്റുമരുന്നുകളെപ്പോലെയല്ലാതെ രോഗിയുടെ അവബോധത്തിലും പെരുമാറ്റങ്ങളിലും ചിന്താപദ്ധതി രൂപപ്പെടുത്തലുകളിലും മാറ്റങ്ങള്‍ സംഭവിപ്പിക്കുന്നു എന്നതാണ്. ഒരു കാര്യവും ചെയ്യാനുള്ള ഔത്സുക്യവും വാഞ്ഛയും ഇല്ലാതെപോയത് തിരിച്ചു പിടിക്കാന്‍ പ്രചോദനമാകുന്നുണ്ടത്രേ ഈ മരുന്ന്. നേരത്തേ ഉപയോഗിച്ചുകൊണ്ടിരുന്ന മരുന്നുകള്‍ ഡോപമിന്റെ പ്രവര്‍ത്തനങ്ങളെമാത്രം പാടേ മുനയൊടിച്ച് നിര്‍ത്തിവെക്കുകയായിരുന്നെങ്കില്‍ ഇന്ന് KarXT പലേ ലക്ഷ്യങ്ങളിലാണ് കൃത്യതയോടെ ചെന്നുതറയ്ക്കുന്നത്. അതുകൊണ്ട് സ്‌കിറ്റ്സോഫ്രീനിയയുടെ പല ലക്ഷണങ്ങളെയും ചികിത്സിക്കാന്‍ ഇത് ഉതകുന്നതാണിത്. ഇക്കഴിഞ്ഞയാഴ്ച അമേരിക്കയിലെ എഫ്.ഡി.എ. (Food and Drugs Adminitsration) വര്‍ഷങ്ങള്‍ക്കുശേഷമെത്തിയ ഈ പുതിയ മരുന്നിന് അംഗീകാരം നല്‍കിയിരിക്കുന്നു. മസ്‌കരൈന്‍ സ്വീകരണികളെ ലക്ഷ്യമാക്കുന്ന പല മരുന്നുകളും ഗവേഷകര്‍ ആവിഷ്‌കരിച്ചുകൊണ്ടിരിക്കയാണ്.
(യൂണിവേഴ്‌സിറ്റി ഓഫ് ഷിക്കാഗോയിലെ മുന്‍ സീനിയര്‍ സയിന്റിസ്റ്റായ ലേഖകന്‍ ഷിക്കാഗോയിലെ ട്രൈറ്റണ്‍ കോളേജിലെ അജങ്റ്റ് പ്രൊഫസറാണ്)
Content Highlights: schizophrenia ethiran kathuravan writes