അരിയാഹാരവും മധുരവും നിയന്ത്രിക്കണം; പി.സി.ഒ.ഡി.യുടെ കാരണങ്ങളും പരിഹാരവും

Representative Image | Photo: Canva.com
Representative Image | Photo: Canva.com

അണ്ഡാശയങ്ങൾ ചെറു കുമിളകൾ കൊണ്ട് നിറഞ്ഞിരിക്കുന്നതിനാലാണ് പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ്(പി.സി.ഒ.ഡി.) എന്ന പേര് ഉണ്ടായത്. അണ്ഡാശയങ്ങളിൽ പുരുഷ ഹോർമോണുകൾ അഥവ ആൻഡ്രോജനുകൾ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്നതിന്റെ ഫലമായി അണ്ഡകോശങ്ങൾ വളർച്ച നിലച്ച് കുമിളകളായി നിറയുന്നു. ചില ഹോർമോൺ വ്യവസ്ഥകളുടെയും ഏതാനും രാസഘടകങ്ങളുടെയും പ്രവർത്തനരീതിയിൽ വ്യതിയാനം വരുന്നതിന്റെ ഫലമായാണ് പി.സി.ഒ.ഡി. എന്ന അവസ്ഥ ഉണ്ടാകുന്നത്. 

അമിതവണ്ണക്കാരിലും മെലിഞ്ഞ ശരീരപ്രകൃതിയുള്ളവരിലും പി.സി.ഒ.ഡി. കാണാറുണ്ട്. അതിനാൽ ഭക്ഷണക്രമീകരണവും വ്യായാമങ്ങളും ഇരുവരും ശീലമാക്കേണ്ടതുണ്ട്.

ഏത് പ്രശ്നത്തിനാണ് മുൻഗണന നൽകേണ്ടത് എന്നതിനനുസരിച്ചാണ് പി.സി.ഒ.ഡിയ്ക്കുള്ള ചികിത്സ തീരുമാനിക്കുക. മൂലകാരണം വ്യക്തമല്ലാത്തതിനാൽ സ്ഥിരമായും പൂർണമായും പി.സി.ഒ.ഡി. ലക്ഷണങ്ങളിൽ നിന്നും മുക്തമാകാനുള്ള മരുന്നുകൾ ലഭ്യമല്ല. എന്നാൽ കൃത്യമായ ജീവിതശെെലി ക്രമീകരണം ഈ ലക്ഷ്യത്തിലെത്താൻ സഹായിക്കും. 

ആർത്തവ കൃത്യതയ്ക്കായി ഹോർമോൺ കോമ്പിനേഷനുകൾ സഹായകരമാകുന്നു.  വന്ധ്യത പ്രശ്നമാകുമ്പോൾ അണ്ഡോത്പാദനം വേഗത്തിലാക്കാനുള്ള ഗുളികകൾ കഴിക്കേണ്ടതായി വരാം. മുഖക്കുരു, രോമവളർച്ച, കറുത്ത പാടുകൾ മുതലായവയ്ക്ക് ചർമരോഗ വിദഗ്ധന്റെ നിർദേശപ്രകാരമുള്ള ചികിത്സ സ്വീകരിക്കാം. 

പിസിഒഡി കാരണങ്ങൾ അറിയാം

  • ജനിതക പാരമ്പര്യ കാരണങ്ങളാൽ പിസിഒഡി വരാം. 
  • തെറ്റായ ആഹാര ശീലങ്ങളും ജീവിതരീതികളും പിസിഒഡിയിലേക്ക് നയിക്കുന്നുവെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നുണ്ട്. 
  • ചില ഹോർമോൺ രോഗങ്ങളുടെ ലക്ഷണമായും പിസിഒഡി ഉണ്ടാവാം.
  • നിരവധി കാരണങ്ങൾ പിസിഒഡിക്ക് നിരീക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും കൃത്യമായ കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. 

ലക്ഷണങ്ങൾ

ആർത്തവത്തിലുണ്ടാവുന്ന ക്രമക്കേടുകളാണ് പിസിഒഡിയുടെ പ്രാഥമികവും പ്രധാനപ്പെട്ടതുമായ ലക്ഷണം. രക്തസ്രാവത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവുക, ആർത്തവ ദിനങ്ങളുടെ എണ്ണം കൂടുകയോ കുറയുകയോ ചെയ്യുക, ആർത്തവം ഉണ്ടാവുന്നതിനുള്ള കാലതാമസം,വലിയ ഇടവേളയ്ക്ക് ശേഷം അമിത രക്തസ്രാവത്തോടെ ദീർഘനാൾ നീണ്ടുനിൽക്കുന്ന രക്തസ്രാവം, ആർത്തവം നിലച്ചുപോയതു പോലെയുള്ള അവസ്ഥ, അമിതവണ്ണം, രോമവളർച്ച, മുഖക്കുരു തുടങ്ങിയവയെല്ലാം പിസിഒഡിയുടെ ലക്ഷണങ്ങളാണ്. എന്നാൽ ഫ്രൈബ്രോയിഡുകളുടേത് പോലെ വേദന ഉണ്ടാവുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടില്ല. 

പിസിഒഡിക്ക് ഫലപ്രദമായ ചികിത്സയുണ്ട്

പിസിഒഡി ഉള്ളതായി കണ്ടെത്തിയാൽ ആശങ്കപ്പെടാതെ കൃത്യമായി ചികിത്സിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. രോഗത്തിന്റെ സങ്കീർണത അനുസരിച്ച് മരുന്നുകൾ ദീർഘനാൾ കഴിക്കേണ്ടതായി വന്നേക്കാം. ഹോർമോൺ ഗുളികകളാണ് പ്രധാനമായും നിർദ്ദേശിക്കുന്നത്.

ഇസ്ട്രജൻ, പ്രൊജസ്റ്ററോൺ എന്നിവ അടങ്ങിയ ഗുളികകൾ ക്രമീകരിച്ചു നൽകിയാണ് ശരീരത്തിലെ ഹോർമോൺ സന്തുലിതാവസ്ഥ നിയന്ത്രിക്കുന്നത്. ഈസ്ട്രജൻ ഹോർമോണിന്റെ അതിപ്രസരം മൂലം പിസിഒഡി രോഗികളിൽ ഗർഭാശയ ക്യാൻസർ സാധ്യത കൂടുതലാണ്. ഇതിനുള്ള ചികിത്സ കൂടിയാണ് ഗുളികകൾ. 

അമിതവണ്ണം നിയന്ത്രിക്കലാണ് ആദ്യപ്രതിവിധി. പിസിഒഡി ഉള്ളവർ ശരീരഭാരം കുറയ്ക്കാൻ വ്യായാമം ചെയ്യേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. സ്‌കൂൾ, കോളേജ് വിദ്യാർഥികളാണ് ഏറ്റവും ശ്രദ്ധിക്കേണ്ടത്. ചടഞ്ഞിരിക്കാതെ പുറത്തിറങ്ങി ശരീരം ആയാസപ്പെടുന്ന തരത്തിൽ വ്യായാമം ചെയ്യണം. ദീർഘദൂര നടത്തം, സ്‌കിപ്പിങ്, സൈക്ലിങ്, നൃത്തം തുടങ്ങിയവയെല്ലാം ഫലപ്രദമാണ്. 

ഭക്ഷണത്തിൽ നിന്നും ഇവ ഒഴിവാക്കുക

ഭക്ഷണത്തിൽ അന്നജത്തിന്റെ അളവ് കുറയ്ക്കണം. അരിയാഹാരം, മധുരം എന്നിവ നിയന്ത്രിക്കണം. കൊഴുപ്പ് കുറയ്ക്കണം, മാംസാഹാരം നിയന്ത്രിക്കണം. കരിച്ചതും പൊരിച്ചതുമായ ഭക്ഷണങ്ങൾ നിയന്ത്രിക്കുക. ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ്, ചോക്ലേറ്റ്‌സ്, സോഫ്റ്റ് ഡ്രിങ്ക്‌സ്, മൈദ അടങ്ങിയ ഭക്ഷണസാധനങ്ങൾ തുടങ്ങിയവ ഒഴിവാക്കുക. 

വീട്ടിലുണ്ടാക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾക്ക് മുൻതൂക്കം നൽകുക. പച്ചക്കറികൾക്കും പഴവർഗങ്ങൾ, ധാന്യങ്ങൾ എന്നിവ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്താം. 

വണ്ണമുള്ളവരിൽ മാത്രമാണോ പിസിഒഡി ഉണ്ടാവുന്നത്? 

വണ്ണമുള്ളവരിലാണ് പിസിഒഡി കൂടുതൽ കാണുന്നതെങ്കിലും മെലിഞ്ഞവരിലും ഉണ്ടാവാറുണ്ട്. ജനിതക പാരമ്പര്യ കാരണങ്ങൾ കൊണ്ടാവാം മെലിഞ്ഞവരിൽ പിസിഒഡി ഉണ്ടാവുന്നത്.

Content Highlights: polycystic ovary syndrome symptoms causes and treatment