'പെട്ടെന്നങ്ങു പോയാൽ മതിയായിരുന്നു’, എന്നാൽ പത്തിലൊരാൾക്ക് മാത്രം ലഭിക്കുന്ന ഭാഗ്യം

#ഡോ. എം. ആർ രാജഗോപാൽ
ഹരീഷ് റാണ, പ്രതീകാത്മക ചിത്രം
ഹരീഷ് റാണ, പ്രതീകാത്മക ചിത്രം

പാലിയേറ്റീവ് കെയർ ചെയ്യുന്ന ഡോക്ടറാണ് ഞാൻ. കാൽ നൂറ്റാണ്ടുമുൻപുവരെ ഇന്റൻസീവ് കെയർ ചെയ്തിരുന്നു. പക്ഷേ, അന്നൊക്കെ രോഗികളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ളതായിരുന്നു ഇന്റൻസീവ് കെയർ. മരിച്ചുകൊണ്ടിരിക്കുന്നവരെ ബന്ധുക്കളിൽനിന്ന് വേർപെടുത്തി, ഒക്കുന്നിടത്തൊക്കെ കുഴലുകൾ കയറ്റി പ്രാണവേദന ദിവസങ്ങളോ ആഴ്ചകളോ അനുഭവിപ്പിച്ച്‌ ‘ജീവിപ്പിക്കുക’യും അവസാനം കുടുംബം കുത്തുപാളയെടുത്തുകഴിഞ്ഞ് എങ്ങനെയും ഹൃദയം നിലച്ചുകഴിയുമ്പോൾമാത്രം പുറത്തുകൊണ്ടുവരുകയും ചെയ്യുന്ന പ്രക്രിയ അന്നുണ്ടായിരുന്നില്ല.

ഒന്നുചോദിക്കട്ടെ, സ്വന്തം ജീവിതാന്ത്യത്തെപ്പറ്റി ചിന്തിക്കാനാകുമോ നിങ്ങൾക്ക്? എന്നുെവച്ചാൽ ജീവിതത്തിന്റെ അവസാനകാലവും മരണവും ഉൾെപ്പടെ?

കിടന്നുകഷ്ടപ്പെടാതെ പെട്ടെന്നങ്ങു പോയാൽ മതിയായിരുന്നു എന്നായിരിക്കും പലരുടെയും മറുപടി. കൊള്ളാം, അങ്ങനെ സാധിക്കുമെങ്കിൽ. പക്ഷേ, നമ്മിൽ പത്തിലൊരാൾക്കേ അതിന് ഭാഗ്യമുണ്ടാകൂ. ഒൻപതുപേരും എന്തെങ്കിലും രോഗമായി കിടന്നിട്ടേ പോകൂ.

ചിന്തിക്കാൻ കഴിയുന്നവരോട് അടുത്ത ചോദ്യം: ആ കാലം എവിടെ കഴിയണം? രക്ഷപ്പെടാൻ സാധ്യതയുള്ളവരുടെ കാര്യമല്ല ഈ പറയുന്നത്. പലയിടത്തും പടർന്നുകഴിഞ്ഞ കാൻസറോ മറവിരോഗമോ വാർധ്യസഹജമായ രോഗങ്ങളോ ഒക്കെ ആണെങ്കിൽ?

ശരീരത്തിന്റെ ഓരോ അവയവത്തിന്റെയും പ്രവർത്തനം അനുനിമിഷം കണ്ടറിഞ്ഞ് വേണ്ട ഇടപെടൽകൊണ്ട് മരണം ദിവസങ്ങളോ മാസങ്ങളോ നീട്ടിവെക്കാൻ ഇന്ന് വൈദ്യശാസ്ത്രത്തിനാവും. പക്ഷെ അവിടെ ബന്ധുക്കൾ ഉണ്ടാവില്ല. അവർ പുറത്തൊരു കസേരയിൽ രാവും പകലും കാത്തിരിക്കുന്നുണ്ടാവും. രാവിലെയും വൈകുന്നേരവും അഞ്ചുമിനിറ്റ് അകത്തുകയറി കാണാൻ അവരെ അനുവദിച്ചേക്കും. പക്ഷേ, ആശ്ലേഷിക്കുന്നതുപോട്ടെ, ഒന്ന് തൊടാൻപോലും അവർക്ക് അവസരമുണ്ടാകില്ല.

അതോ സ്വന്തം വീട്ടിൽ, സ്വന്തം കിടക്കയിൽ, അല്ലെങ്കിൽ ഒരു ആശുപത്രിമുറിയിൽ, ബന്ധുക്കളോടൊപ്പം ആവണോ അവസാനനാളുകൾ? അങ്ങനെ വേണമെങ്കിൽ അതിന് സൗകര്യംചെയ്തുതരാൻ വൈദ്യശാസ്ത്രത്തിന് കടമയില്ലേ?

ഇല്ല എന്നാണ് പല ഡോക്ടർമാരും നിലപാടെടുക്കാറുള്ളത്. ആകുന്നിടത്തോളം ജീവിതം നീട്ടിക്കൊടുക്കുന്നതാണ് തങ്ങളുടെ കടമ എന്ന് അവർ വിശ്വസിക്കുന്നു. ജീവിതം എന്നതിനെ അവർ ഹൃദയമിടിപ്പായിമാത്രം കണ്ടേക്കാം. രോഗിക്ക് ദുരിതമുണ്ടായാലും അത്തരം ജീവിതം അസഹനീയമായ ക്രൂരതയായി അവർക്ക് അനുഭവപ്പെട്ടാലും അങ്ങനെ ചെയ്യാതിരിക്കുന്നത് അധാർമികമായി അവർ കാണുന്നു.

പ്രോട്ടക്കോൾ എന്ന ക്രൂരത

കാൽനൂറ്റാണ്ടുകൊണ്ടുതന്നെ ഇത്തരം ഒരു വ്യതിയാനം എങ്ങനെ വന്നു? ആശുപത്രി പ്രോട്ടക്കോൾ എന്ന അരൂപിയേല്ല കുറ്റക്കാരൻ? ആരുണ്ടാക്കി അങ്ങനെയൊരു പ്രോട്ടക്കോൾ?

നൈതികമായി എന്താണ് ശരി എന്നാലോചിക്കാം. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ ബയോഎത്തിക്സ് യൂണിറ്റ് ഇതുസംബന്ധിച്ച 2018-ലെ മാർഗരേഖയിൽ ഒരു ഡോക്ടറുടെ കടമ എന്തെന്ന് വ്യക്തമാക്കുന്നുണ്ട്: 'ദുരിതം ഇല്ലാതാക്കുക; കഴിയുമ്പോൾ ചികിൽസിച്ച് രോഗം മാറ്റുക, ആകുന്നിടത്തോളം ശമനം നൽകുക, എപ്പോഴും ആശ്വസിപ്പിക്കുക. ഈ നിയമത്തിന് ഒരു അപവാദവുമില്ല'. പക്ഷേ, ഇത് ആരും കാണുന്നില്ല.

ഇതിന് ശ്രദ്ധ കൊടുക്കേണ്ട ആരോഗ്യസംവിധാനം വേണ്ടത് ചെയ്യാത്തത് കൊണ്ടല്ലേ കോടതികൾക്ക് ഇതിൽ തീരുമാനം എടുക്കേണ്ടി വന്നത്? 2018-ലെ ഒരു സുപ്രീം കോടതി വിധി പ്രഖ്യാപിച്ചതിൽ പല പ്രധാന തീരുമാനങ്ങളും ഉണ്ടായിരുന്നു. വ്യക്തി സ്വന്തം ജീവിതാന്ത്യം എങ്ങനെ വേണമെന്ന് ഒരു രേഖയുണ്ടാക്കി വെച്ചിട്ടുണ്ടെങ്കിൽ (ലിവിങ് വിൽ) അത് പാലിക്കാൻ ഡോക്ടർമാർക്കും ആശുപത്രിക്കും ബാധ്യത ഉണ്ടെന്നത് ഒന്ന്. അങ്ങനെ ഒരു രേഖ ഉണ്ടെങ്കിലും ഇല്ലെങ്കിലും വെന്റിലേറ്റർ പോലെയുള്ള കൃത്രിമോപാധികളിൽ മാത്രം ജീവൻ നില നിർത്തുന്നവർക്ക് അവ ഉപേക്ഷിച്ച് സാന്ത്വനചികിത്സയാണ് നൽകേണ്ടതെന്നത് മറ്റൊന്ന്.

പക്ഷേ, ഇതിന് കോടതി നിർദേ ശിച്ച നടപടിക്രമങ്ങൾ നടപ്പിൽ വരുത്താൻ പ്രയാസമായിരുന്നു. 2023-ലെ പുതുക്കിയ വിധിയനുസരിച്ച് ചില നടപടികൾ അല്പം കൂടി ലഘൂകരിച്ചെങ്കിലും ബുദ്ധിമുട്ടുകൾ പലതും ബാക്കിയായി.

വ്യക്തതവരുത്തുന്ന വിധി

2025-ൽ ഹരീഷ് റാണ എന്ന യുവാവിനു വേണ്ടിയും കുടുംബത്തിന് വേണ്ടിയും വീണ്ടും കോടതിയിൽ അപേക്ഷ സമർപ്പിക്കപ്പെട്ടു - ആ വ്യക്തി കൃത്രിമോപാധികളിൽ മാത്രം ജീവൻ നിലനിർത്തുന്ന ആളാണെന്നും അവ ദുരിതമേ അദ്ദേഹത്തിന് നൽകുന്നുള്ളുവെന്നും, അവ നിർത്താൻ വരുന്ന തടസ്സങ്ങൾ ഒഴിവാക്കിക്കിട്ടണമെന്നുമായിരുന്നു ഒരാവശ്യം.

മാർച്ച് 11 -ന് സുപ്രീം കോടതി ആ അപേക്ഷയിൽ വിധി പുറപ്പെടുവിച്ചു. ഹരീഷ് റാണയുടെ അപേക്ഷ അനുവദിക്കുന്നത് കൂടാതെ ഇക്കാര്യത്തിൽ കുറെയേറെ വ്യക്തത വരുത്തുന്നതായിരുന്നു ഈ വിധി.

വധമല്ല, സുഖമരണം

കൃത്രിമോപാധികൾ ഉപേക്ഷിക്കുന്നതിന് പ്രൈമറി, സെക്കൻഡറി ബോർഡുകൾ വേണമെന്ന നിബന്ധന ഇപ്പോഴും നില നിൽക്കുന്നു. ഇക്കാര്യത്തിൽ ഉപദേശിക്കാൻ ഡോക്ടർമാരുടെ പാനൽ ഉണ്ടാക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദേശം നൽകി എന്നത് അല്പം ആശ്വാസം.

നിഷ്‌ക്രിയ ദയാവധം (പാസ്സീവ് യൂത്തനേഷ്യ) എന്ന പ്രയോഗം ഒഴിവാക്കിക്കൊണ്ടുള്ള തീരുമാനവും ഈ വിധിയുടെ ഭാഗമാണ്. ഉദ്ദേ ശ്യം എത്ര നല്ലതായാലും ദയാവധം എന്ന പദത്തിൽ 'വധ'മുണ്ടല്ലോ. ഇവിടെ നാം ഒരാളെയും വധിക്കുന്നില്ലല്ലോ. സാധാരണ മരണം അനുവദിക്കുന്നല്ലേ ഉള്ളൂ? അതുകൊണ്ട് തന്നെ, ആ പ്രക്രിയക്ക് ദയാവധം എന്ന പദം ഉപയോഗിക്കരുതെന്നും 'കൃത്രിമജീവനോപാധികൾ ഉപേക്ഷിക്കുക' എന്ന പ്രയോഗം മതി എന്നും തീരുമാനമായിട്ടുണ്ട്. 'ഒരു വാക്കിലെന്തിരിക്കുന്നു' എന്ന് വിചാരിക്കുന്നവരോട്: ഹരീഷ് റാണയുടെ മാതാപിതാക്കളെപ്പറ്റി ഒന്നോർത്തു നോക്കൂ. മകനെ വധിച്ചു എന്ന തോന്നൽ അവർക്കുണ്ടാകാൻ പാടുണ്ടോ? മകന്റെ സമയമായപ്പോൾ അവനെ കാരുണ്യത്തോടെ യാത്രയാക്കാൻ കഴിഞ്ഞു എന്നല്ലേ അവർക്കു തോന്നാൻ പാടുള്ളു?

വെന്റിലേറ്റർപോലെ ജീവൻ നിലനിർത്താനുള്ള ഉപകരണങ്ങൾ വേണ്ടെന്നുവച്ചാൽമാത്രം പോരല്ലോ. അതേത്തുടർന്ന് രോഗിക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ പാലിയേറ്റീവ് കെയർ എല്ലാവര്ക്കും ഉറപ്പുവരുത്തണമെന്നും വിധിയിൽ പ്രഖ്യാപിക്കുന്നുണ്ട്. ഇന്ന് ഭാരതത്തിലെ പൗരരിൽ ഏതാണ്ട് നാലു ശതമാനം പേർക്കുമാത്രമേ പാലിയേറ്റിവ് കെയർ ലഭ്യമാകുന്നുള്ളു എന്നത് കണക്കിലെടുക്കുമ്പോൾ ഈ വിധിയുടെ പ്രാധാന്യം വ്യക്തമാകും. സർക്കാരിന് എത്രയോ ഇനി ചെയ്യാനുണ്ട്!

(പാലിയം ഇന്ത്യയുടെ ഫൗണ്ടർ ചെയർമാൻ -എമെരിറ്റസും കാനഡയിലെ ക്വീൻസ് യൂണിവേഴ്സിറ്റിയിലെ ആഡ്ജൻക്റ്റ് പ്രൊഫസറുമായ ലേഖകൻ പദ്മശ്രീ ജേതാവാണ്)

Content Highlights: Dying with Dignity: How to Plan for Your End-of-Life Care